മരത്തിൻ്റെ കൊമ്പിൽ കുഴൽപ്പാട്ടൊഴുക്കീ-
ട്ടിരിക്കുന്നു കണ്ണൻ മുദാ വായുഗേഹേ
ചിരിപ്പൂ പൊഴിക്കുന്നു,ഭക്തർക്കു നേരേ
കടാക്ഷാമൃതം തൂകിടുന്നൂ മുകുന്ദൻ
ശിരസ്സിൽ ചമച്ചിന്നു കാണുന്നു പീലി
ലസിക്കുന്നു പൂമാലയും മേലെയാഹാ
തിളങ്ങുന്ന പൊൻഗോപി ഫാലേ ലസിപ്പൂ
ചെവിപ്പൂക്കൾ മിന്നുന്നതാ കാതിലിന്നും
ഗളേ സ്വർണ്ണമാല്യങ്ങൾ, പൂമാല മാറിൽ
കരേ കാണ്മു ചേലൊത്ത പൊൻകങ്കണങ്ങൾ
അരയ്ക്കൊട്ടിനില്ക്കുന്ന പൊൻകാഞ്ചി, കോണം,
തളച്ചാർത്തു തുള്ളുന്നു തൃപ്പാദതാരിൽ
സ്മരിച്ചിന്നു കൂപ്പാം ഹരേ! പാദപദ്മം
മുളന്തണ്ടിലൂറുന്ന നാദം ശ്രവിക്കാം
മുദാ കാല്ക്കൽ വീണിന്നു നാമം ജപിക്കാം
ഹരേ കൃഷ്ണ! വാതാലയേശാ! വണങ്ങാം
( വൃത്തം: ഭുജംഗപ്രയാതം )