പി.കെ. കേരളവർമ്മ രാജയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി; ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്ററും കോഴിക്കോട്ടെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു
കോഴിക്കോട്: സാമൂതിരി രാജ പി.കെ. കേരളവർമ്മ രാജയുടെ നിര്യാണത്തിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി അനുശോചനം രേഖപ്പെടുത്തി. ദേവസ്വവുമായി ചരിത്രപരമായും സാംസ്കാരികമായും ആത്മീയമായും ബന്ധപ്പെട്ടുനിൽക്കുന്ന സാമൂതിരി രാജയുടെ വിയോഗത്തിൽ ദേവസ്വം ഭരണസമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കുവേണ്ടി ചെയർമാൻ എ.വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലും കോഴിക്കോട്ടെ വസതിയിലെത്തി പി.കെ. കേരളവർമ്മ രാജയുടെ ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു.
ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഭൗതികദേഹത്തിൽ പട്ട് വിരിച്ച് ആദരാഞ്ജലി അർപ്പിക്കുകയും പുഷ്പചക്രം സമർപ്പിക്കുകയും ചെയ്തു. ദേവസ്വം മന്ത്രിക്കുവേണ്ടി അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ പുഷ്പചക്രം അർപ്പിച്ച് ആദരവ് രേഖപ്പെടുത്തി.ഗുരുവായൂർ ദേവസ്വവും സാമൂതിരി രാജവംശവും തമ്മിൽ നിലനിന്നിരുന്ന ചരിത്രപരമായ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ പി.കെ. കേരളവർമ്മ രാജയുടെ വിയോഗം ഏറെ ദുഃഖകരമാണെന്ന് ദേവസ്വം പ്രതിനിധികൾ അറിയിച്ചു.പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ട സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിൽ സാമൂതിരി രാജവംശത്തിന് നിർണായകമായ സ്ഥാനമാണുള്ളത്. ആ പാരമ്പര്യത്തിലെ പ്രധാന കണ്ണിയായിരുന്ന പി.കെ. കേരളവർമ്മ രാജയുടെ വിയോഗം വലിയൊരു നഷ്ടമാണെന്നും ഗുരുവായൂർ ദേവസ്വം ഭരണസമിതി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്ന ദേവസ്വം പ്രതിനിധികൾ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
