ഗുരുവായൂർ: ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ ശ്രീവിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവത്തിന്റെ സമാപന ദിവസമായ തിങ്കളാഴ്ച്ച (28.9.2026 ) കാലത്ത് 6 മണിക്ക് കന്യാ സിസ്റ്റേഴ്സ് അവതരിപ്പിച്ച തിരു പാവൈ എന്ന തമിഴ് പ്രബന്ധം പാരായണം ചെയ്ത് തമിഴിൽ പ്രഭാഷണം ചെയ്തു. പത്തു മണിക്കുള്ള വിഷ്ണു സഹസ്രനാമ പാരായണത്തിനു ശേഷം ഗുരുവായൂർ മണിസ്വാമി യജ്ഞ സമാപന പ്രഭാഷണം ചെയ്തു.
തുടർന്ന് യജ്ഞവേദിയിൽ ക്ഷേത്രം തന്ത്രി ചേന്നാസ്സ് കൃഷ്ണൻ നമ്പൂതിരി സമാപന ഭദ്രദീപ സമർപ്പണം നടത്തി മാല ചാർത്തി കർപ്പൂര ആരതി നടത്തി. പ്രൗഡഗംഭീരവും ഭക്തിസാന്ദ്രവുമായ ചടങ്ങിൽ ശ്രീ ഗുരുവായുരപ്പൻ ഭജന സമിതി, തന്ത്രിയെ ആദരിച്ചു. കല്ലൂർ ഉണ്ണിക്കൃഷ്ണൻ, പണിക്കശേരി രഞ്ജിത്, അഡ്വ രവി ചങ്കത്ത്, മണലൂർ ഗോപിനാഥൻ, സരിത സുരേന്ദ്രൻ എന്നിവരെയും ഭജന സമിതി യജ്ഞ പ്രസാദം നൽകി ആദരിച്ചു.

വിഷ്ണു സഹസ്രനാമം വിഷ്ണു ഭുജംഗപ്രയാതം എന്നീ സ്തോത്രങ്ങൾ മേച്ചേരി കേശവൻ നമ്പൂതിരിയുടേയും, മഞ്ചിറ കേശവൻ നമ്പൂതിരിയുടേയും നേതൃത്വത്തിൽ നിരവധി ഭക്തജനങ്ങൾ കീഴ്ശാന്തിമാർ അന്തർജ്ജനങ്ങൾ എന്നിവർ പാരായണം ചെയതതിന് ശേഷം ക്ഷേത്ര കുളത്തിന് ചുറ്റും നാമം ജപിച്ചു കൊണ്ട് പ്രദക്ഷിണം ചെയ്തു.
ഇതോടെ ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 12 ദിവസമായി നടന്നുവരുന്ന, 52മത് ശ്രീ വിഷ്ണു സഹസ്രനാമവും 45മത് ശ്രീമദ് ഭഗവദ് ഗീതാ യജ്ഞം ഗുരുവായുരപ്പനു സമർപ്പിച്ചു. ചടങ്ങുകൾക്ക് തേലമ്പറ്റ വാസുദേവൻ നമ്പൂതിരി, തിരുവാല്ലൂർ ശരത്, മേച്ചേരി ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.
