ഗുരുവായൂർ: ഖാദി വസ്ത്രങ്ങളുടെ വിപണനം പ്രോൽസാഹിപ്പിക്കുന്നതിനായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ നിന്നും ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കായി വാങ്ങുന്ന ഖാദി വസ്ത്രങ്ങളുടെ വിപണന ഉദ്ഘാടനം ഇന്ന് നടന്നു.
ദേവസ്വം കുറൂരമ്മ ഹാളിൽ നടന്ന ചടങ്ങിൽ ഖാദിഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ എക്സ് എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.
വില കൂടിയാലും മൂല്യമുള്ളതാണ് ഖാദി വസ്ത്രങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു. തൊണ്ണൂറ്റമ്പത് ശതമാനവും സ്ത്രീ തൊഴിലാളികൾ പണിയെടുക്കുന്ന മേഖലയാണ് ഖാദി .
നൂൽ ഉൽപ്പാദനം മുതൽ കൈവേലയാണ്.ഈ വർഷം 150 കോടിയാണ് വിൽപ്പന ലക്ഷ്യം. 60 കോടി രൂപയുടെ വിൽപ്പനയായി.ഖാദി മേഖലയുടെ വളർച്ചയ്ക്ക് ഗുരുവായൂർ ദേവസ്വം നൽകിയ സഹായം വലുതാണ്. വിശ്വാസി സമൂഹത്തിൻ്റെ സഹജീവി സ്നേഹം മാതൃകാപരമാണ്. ആഴ്ചയിലൊരിക്കൽ ഖാദി വസ്ത്രങ്ങൾ ധരിക്കാൻ ദേവസ്വം ജീവക്കാരോട് ഖാദി ബോർഡ് വൈസ് ചെയർമാൻ അഭ്യർത്ഥിച്ചു.
ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ഖാദി വസ്ത്രങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഖാദിഗ്രാമ വ്യവസായ ബോർഡ് അംഗം എസ്.ശിവരാമൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, സി.മനോജ്, മനോജ് ബി നായർ എന്നിവർ സന്നിഹിതരായി.
ഭരണ സമിതി അംഗം ചെങ്ങറ സുരേന്ദ്രൻ ചടങ്ങിന് സ്വാഗതവും ഖാദി ബോർഡ് സെക്രട്ടറി കെ.എ.രതീഷ് നന്ദിയും രേഖപ്പെടുത്തി.
