the digital signature of the temple city

ഗുരുവായൂർ ഉത്സവം 2023; ക്ഷേത്രത്തിൽ ബുധനാഴ്ച തത്ത്വകലശാഭിഷേകം, ഉച്ചവരെ ദർശന നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള സഹസ്രകലശത്തിൽ വളരെ പ്രാധാന്യമേറിയ തത്ത്വ കലശം ബുധനാഴ്ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും.

- Advertisement -

സഹസ കലശച്ചടങ്ങുകളുടെ ഭാഗമായി തിങ്കളാഴ്ച രാത്രി ശാന്തി ഹോമങ്ങളുടെ കലശ സമ്പാദം അഭിഷേകം ചെയ്തു. ചൊവ്വാഴ്ച നായ ശാന്തി ഹോമം, ചോര ശാന്തി ഹോമം ചടങ്ങുകളും കലശാഭിഷേകവും നടന്നു.. ഇതോടെ പരിഹാര കർമങ്ങൾ പൂർണമായി.

തന്ത്രിമാരായ ചേന്നാസ് ഹരിനമ്പൂതിരിപ്പാട്, ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവർ അഭിഷേക ചടങ്ങുകൾ നിർവഹിച്ചു.

ചൈതന്യ വർധനവിനുള്ള തത്വഹോമവും തത്വകലശവും ബുധനാഴ്ചയാണ്. ദേവന് മുന്നിൽ നമസ്കാര മണ്ഡപത്തിലെ ഹോമ കുണ്ഡത്തിലാണ് തത്വ ഹോമം. പ്രകൃതിയുമായി ബന്ധപ്പെട്ട 24 തത്വങ്ങളെ ഈശ്വരനിൽ ലയിപ്പിക്കുന്നതാണ് ചടങ്ങ്. ഇതി നായി നാഡി സന്താന പൂജയും നടക്കും. തുടർന്ന് തത്വ കലശാഭിഷേകം.

ബുധനാഴ്ച രാവിലെ ജലദ്രോണി പൂജ, കുംഭേശ പൂജ, ബ്രഹ്മകലശ പൂജ എന്നീ ചടങ്ങുകളാണ്. ഉച്ചകഴിഞ്ഞ് പരികലശങ്ങൾ.

വ്യാഴാഴ്ച പുലർച്ചെ മുതൽ ആയിരം കുടങ്ങളിലെ ദ്രവ്യങ്ങൾ ഭഗവാന് അഭിഷേകം ചെയ്യുന്ന സഹസ്ര കലശവും തുടർന്ന് ബ്രഹ്മ കലശാഭിഷേകവും നടക്കും.

ഉച്ചപ്പൂജ കഴിഞ്ഞ് നട തുറക്കുന്ന 12 വരെ ദർശന നിയന്ത്രണമുണ്ടാകും. നാലമ്പലത്തിനു പുറമേനിന്ന് തൊഴാം.

വ്യാഴാഴ്ചത്തെ സഹസ്ര കലശത്തിന്റെ മണ്ഡപമായ കൂത്തമ്പലത്തിൽ ഇന്നലെ ഒരുക്കങ്ങൾ പൂർത്തിയാക്കി പൂജ ചെയ്ത് സ്ഥലശുദ്ധി നിർവഹിച്ച്, വൈകിട്ട് പത്മമിട്ട് 975 വെള്ളിക്കുടങ്ങളും 26 സ്വർണക്കുടങ്ങളും കമിഴ്ത്തി വെച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]