ഗുരുവായൂർ: ശ്രീഗുരുവായൂരപ്പ ദർശനത്തിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗുരുവായൂരിലെത്തി. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം, കണ്ണനെ തൊഴുത് പ്രാർത്ഥിച്ചു. തുടർന്ന് വെണ്ണകൊണ്ടുള്ള തുലാഭാര വഴിപാടും നടത്തി. 71 കിലോഗ്രാം വെണ്ണ ഉപയോഗിച്ചായിരുന്നു ഈ വഴിപാട്.
ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം ആദ്യമായാണ് വി ഡി സതീശൻ ഗുരുവായൂരിലെത്തിയത്. ശ്രീഗുരുവായൂരപ്പന്റെ സന്നിധിയിൽ ദർശനസായൂജ്യം ലഭിച്ചതിലുള്ള സന്തോഷവും ആത്മനിർവൃതിയും അദ്ദേഹം പ്രകടിപ്പിച്ചു.
മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്രദർശനം ശീലമാക്കിയ ഭക്തനാണ് വി ഡി സതീശൻ. ക്ഷേത്രദർശനത്തിന് ശേഷം റവന്യൂ മന്ത്രി കെ രാജന്റെ മകന്റെ വിവാഹച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ഗുരുവായൂരിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.
