the digital signature of the temple city

74 വർഷം പിന്നിട്ട് ഗുരുവായൂരപ്പന്റെ സ്വന്തം കൃഷ്ണനാട്ടം കളിയോഗം; ഭക്തിയും പാരമ്പര്യവും കലാസൗന്ദര്യവും സംഗമിക്കുന്ന അപൂർവ ചരിത്രം!

മയിൽപ്പീലി സമ്മാനിച്ച ഉണ്ണിക്കണ്ണനിൽനിന്ന് ലോകവേദികളിലേക്ക്… സാമൂതിരി മാനവേദൻ തമ്പുരാന്റെ ഭക്തിസങ്കൽപത്തിൽ പിറന്ന കൃഷ്ണഗീതിയും കൃഷ്ണനാട്ടവും; 1952 നവംബർ 16ന് ദേവസ്വത്തിന്റെ അധീനതയിലേക്ക് ഔദ്യോഗിക സമർപ്പണം, 43-ാമത് കൃഷ്ണഗീതിദിനാഘോഷം 2026 നവംബർ 16ന്.

The New India Assurance Co. Ltd - Portal Office Manathala-Chavakkad. Call 9747958887. Chat on WhatsApp.

ഗുരുവായൂർ: ഭക്തിയും കലയും ചരിത്രവും ഒത്തുചേരുന്ന ഗുരുവായൂർ ക്ഷേത്രപാരമ്പര്യത്തിൽ സവിശേഷ സ്ഥാനമാണ് സാമൂതിരി മാനവേദൻ തമ്പുരാന്റെ ഭക്തിസങ്കൽപത്തിൽ രൂപംകൊണ്ട കൃഷ്ണനാട്ടത്തിനുള്ളത്. ഗുരുവായൂരപ്പനെ ഉണ്ണിക്കൃഷ്ണനായി നേരിൽ ദർശിച്ചുവെന്ന ഭക്തിവിശ്വാസത്തിൽനിന്ന് ഉദയംകൊണ്ട ഈ കലാരൂപം ഇന്ന് ലോകശ്രദ്ധ നേടിയ ക്ഷേത്രകലകളിലൊന്നായി മാറിയിരിക്കുന്നു. കൃഷ്ണഗീതിയുടെ കാവ്യഭംഗിയും കൃഷ്ണനാട്ടത്തിന്റെ ദൃശ്യവിസ്മയവും ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഭക്തർക്ക് പകർന്നുനൽകുന്നത് നൂറ്റാണ്ടുകൾ പിന്നിട്ട ആത്മീയാനുഭവമാണ്. 1952 നവംബർ 16ന് കോഴിക്കോട് സാമൂതിരി കോവിലകത്തിന്റെ ഉടമസ്ഥതയിലായിരുന്ന കൃഷ്ണനാട്ടം കളിയോഗം ഗുരുവായൂർ ദേവസ്വത്തിന്റെ അധീനതയിലേക്ക് ഔദ്യോഗികമായി കൈമാറിയ ചരിത്രസംഭവത്തിന് 2026 നവംബർ 16ന് 74 വർഷം പൂർത്തിയാകുന്നു. ഇതോടനുബന്ധിച്ച് 43-ാമത് കൃഷ്ണഗീതിദിനാഘോഷവും ഗുരുവായൂരിൽ നടക്കുകയാണ്. സാമൂതിരി മാനവേദൻ തമ്പുരാന്റെ സ്മരണയും കൃഷ്ണഗീതിയുടെ മഹത്തായ പാരമ്പര്യവും പുതുതലമുറയിലേക്ക് പകരുന്ന ഈ ദിനം ഗുരുവായൂരിന്റെ സാംസ്കാരിക ചരിത്രത്തിലെ സുപ്രധാന അധ്യായമാണ്.

ഉണ്ണിക്കണ്ണന്റെ ദിവ്യദർശനവും മയിൽപ്പീലി സമ്മാനിച്ച ഐതിഹ്യവും

കൃഷ്ണനാട്ടത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ഗുരുവായൂരിൽ പ്രചാരത്തിലുള്ള ഐതിഹ്യം ഏറെ ഹൃദയസ്പർശിയാണ്. സാമൂതിരി രാജവംശത്തിലെ ഭക്തനും കവിയുമായ മാനവേദൻ തമ്പുരാന് വില്വമംഗലം സ്വാമിയാരുടെ സഹായത്തോടെ ഗുരുവായൂരപ്പനെ നേരിൽ ദർശിക്കാനുള്ള ഭാഗ്യം ലഭിച്ചുവെന്നാണ് വിശ്വാസം. ഇന്നത്തെ പരിപാവനമായ കൂത്തമ്പലം സ്ഥിതിചെയ്യുന്ന ഭാഗത്ത് ഉണ്ടായിരുന്ന എരിഞ്ഞിമരച്ചുവട്ടിൽ മൺചിരട്ടയിൽ മണ്ണുവാരിക്കളിക്കുന്ന അതിമനോഹരമായ ഉണ്ണിക്കൃഷ്ണരൂപത്തെയാണ് മാനവേദൻ തമ്പുരാൻ ദർശിച്ചതെന്നാണ് ഐതിഹ്യം. കണ്ണനെ കണ്ട ഭക്ത്യാവേശത്തിൽ വാരിപ്പുണരാൻ ശ്രമിച്ചപ്പോൾ ദർശനത്തിന് മാത്രമേ അനുവാദമുള്ളൂ, സ്പർശനത്തിന് അനുവാദമില്ലെന്ന അശരീരി ഉണ്ടായെന്നും വിശ്വാസമുണ്ട്. വാരിപ്പുണരാൻ ശ്രമിച്ചപ്പോൾ ഓടിമറഞ്ഞ ഉണ്ണിക്കണ്ണന്റെ ശിരസ്സിൽനിന്ന് അടർന്നുവീണ ദിവ്യമായ മയിൽപ്പീലി മാനവേദൻ തമ്പുരാന് ലഭിച്ചുവെന്നും പറയപ്പെടുന്നു. ആ മയിൽപ്പീലി ധ്യാനിച്ചുകൊണ്ടാണ് അദ്ദേഹം മഹത്തായ ഭക്തികാവ്യമായ ‘കൃഷ്ണഗീതി’ രചിച്ചത്. കൃഷ്ണന്റെ ജീവിതത്തിലെ വിവിധ ലീലകൾ എട്ടു കഥകളായി അവതരിപ്പിക്കുന്ന രീതിയിൽ കൃഷ്ണഗീതിക്ക് ദൃശ്യാവിഷ്കാരം നൽകിയതോടെയാണ് കൃഷ്ണനാട്ടം എന്ന കലാരൂപം രൂപംകൊണ്ടത്. ഇങ്ങനെ ഗുരുവായൂരപ്പന്റെ സന്നിധിയിൽ സമർപ്പിക്കപ്പെട്ട കൃഷ്ണനാട്ടം പിന്നീട് സാമൂതിരി രാജവംശത്തിന്റെയും ഗുരുവായൂർ ക്ഷേത്രത്തിന്റെയും അഭേദ്യമായ പാരമ്പര്യമായി വളർന്നു.

കൃഷ്ണഗീതിയും കൃഷ്ണനാട്ടവും: എട്ടു കഥകളിലൂടെ കൃഷ്ണലീലാവിഷ്കാരം

മലയാളത്തിന്റെ ഭക്തിസാഹിത്യചരിത്രത്തിൽ കൃഷ്ണഗീതിക്ക് വലിയ സ്ഥാനമുണ്ട്. കൃഷ്ണന്റെ അവതാരലീലകളും ജീവിതത്തിലെ പ്രധാന സംഭവങ്ങളും ആസ്പദമാക്കി രചിക്കപ്പെട്ട ഈ കാവ്യത്തിന് ദൃശ്യാവിഷ്കാരം നൽകുന്ന കലാരൂപമാണ് കൃഷ്ണനാട്ടം. പാട്ട്, സംഗീതം, നൃത്തം, അഭിനയം, വേഷവിധാനം, മുഖമെഴുത്ത്, വാദ്യകല എന്നിവയെല്ലാം സമന്വയിക്കുന്ന കൃഷ്ണനാട്ടം എട്ടു കഥകളിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്. അവതരണത്തിലെ ഓരോ ഘട്ടവും ഭക്തിയുടെയും കലാപരമായ അച്ചടക്കത്തിന്റെയും ഉത്തമ ഉദാഹരണമാണ്. കൃഷ്ണൻ, ബലഭദ്രൻ, കുചേലൻ, നരകാസുരൻ, രുഗ്മിണി, ഭൂമിദേവി, ജാംബവാൻ, കംസൻ, ഉദ്ധവൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ അരങ്ങിലെത്തുന്നു. തൊപ്പിമദ്ദളം, ശുദ്ധമദ്ദളം, ഇടയ്ക്ക, സംഗീതം എന്നിവയുടെ അകമ്പടിയും മനോഹരമായ വേഷവിധാനങ്ങളും പൊയ്മുഖങ്ങളും കൃഷ്ണനാട്ടത്തെ വേറിട്ടുനിർത്തുന്നു. അണിയറയിൽ കച്ചകെട്ടുന്നതുമുതൽ ചുട്ടികുത്തൽ, മുഖാവരണങ്ങളുടെ ഒരുക്കം, ആടയാഭരണങ്ങളുടെ ക്രമീകരണം തുടങ്ങി ഓരോ പ്രവർത്തനത്തിനും പ്രത്യേക വൈദഗ്ധ്യം ആവശ്യമാണ്. ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിക്കുന്ന കൃഷ്ണനാട്ടം ഭക്തർക്ക് കേവലം ഒരു കലാപ്രകടനമല്ല; ഭഗവാന്റെ ലീലകൾക്ക് മുമ്പിൽ മനസ്സും ശരീരവും സമർപ്പിക്കുന്ന ആരാധനാനുഭവം കൂടിയാണ്.

ഗുരുവായൂരിന്റെ ആത്മീയചരിത്രത്തിൽ കൃഷ്ണനാട്ടത്തിന് നിർണായക സ്ഥാനം

ഗുരുവായൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിനും കൃഷ്ണനാട്ടത്തിനും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. പഴയകാലത്ത് നാമജപം, സങ്കീർത്തനം, ഭാഗവത-ഭഗവദ്ഗീതാ സപ്താഹങ്ങൾ തുടങ്ങിയ ആത്മീയപരിപാടികൾ നടന്നിരുന്ന കൂത്തമ്പലം ഇന്ന് നിത്യവേദപാരായണത്തിനും വിശേഷദിനങ്ങളിലെ ചാക്യാർകൂത്തിനും വേദിയാകുന്നു. കൂത്തമ്പലത്തിലെ മണ്ഡപത്തിൽ തെളിയുന്ന ഭദ്രദീപം ഭക്തജനങ്ങൾക്ക് പ്രത്യേക ആരാധനാപ്രാധാന്യമുള്ളതാണ്. ചരിത്രഗവേഷകനായിരുന്ന ഡോ. എൻ.എം. നമ്പൂതിരിയുടെ നിരീക്ഷണങ്ങൾ പ്രകാരം, ഗുരുവായൂർ ക്ഷേത്രം സാമൂതിരി നാട്ടിലെ പ്രധാന ഭക്തികേന്ദ്രമായും ശക്തികേന്ദ്രമായും വളർന്നതിൽ കൃഷ്ണനാട്ടത്തിന് വലിയ പങ്കുണ്ടായിരുന്നു. അക്കാലത്ത് വർഷത്തിൽ ചുരുങ്ങിയത് 150 അരങ്ങുകളെങ്കിലും കൃഷ്ണനാട്ടത്തിന് ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ രേഖപ്പെടുത്തൽ. സാമൂതിരി നാട്ടിലെ ഒട്ടുമിക്ക പ്രഭുകുടുംബങ്ങളിലും വഴിപാടായും സേവയായും കൃഷ്ണനാട്ടം അവതരിപ്പിച്ചിരുന്നു. 

ഭൂഇടപാടുകളുമായി ബന്ധപ്പെട്ട് കുടിയാന്മാർ ഓരോ വർഷവും ഒരു പണം വീതം കൃഷ്ണനാട്ടത്തിനായി നൽകാൻ വ്യവസ്ഥയുണ്ടായിരുന്നുവെന്നും ചരിത്രരേഖകൾ വ്യക്തമാക്കുന്നു. ഇതുവഴി സാമൂതിരിയുടെ ഭരണപ്രദേശങ്ങളിലെ ജനങ്ങളെ ഗുരുവായൂർ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്നതിലും കൃഷ്ണനാട്ടം പ്രധാന പങ്കുവഹിച്ചു. കളികളിൽനിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം ക്ഷേത്രത്തിലെ സേവ, നമസ്കാരം, പതഹാരം തുടങ്ങിയ ആവശ്യങ്ങൾക്കായി നീക്കിവെച്ചിരുന്നു. സാമൂതിരിയുടെ ഭണ്ഡാരത്തിലേക്കും നിശ്ചിത വിഹിതം ലഭിച്ചിരുന്നു. കളിക്കാർക്കും മറ്റ് പ്രവർത്തകർക്കും പ്രതിഫലം നൽകിയശേഷമുള്ള വരുമാനവും ക്ഷേത്രത്തിന്റെയും ഭരണസംവിധാനത്തിന്റെയും സാമ്പത്തിക അടിത്തറയ്ക്ക് സഹായകമായി. അതുകൊണ്ടുതന്നെ കൃഷ്ണനാട്ടം ഒരു ക്ഷേത്രകല എന്നതിലുപരി ഗുരുവായൂരിന്റെ ആത്മീയ, സാമൂഹിക, സാമ്പത്തിക ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമായിരുന്നുവെന്ന് ഡോ. എൻ.എം. നമ്പൂതിരി വിലയിരുത്തിയിട്ടുണ്ട്.

1952 നവംബർ 16: ഗുരുവായൂർ ദേവസ്വത്തിന്റെ അധീനതയിലേക്ക് ചരിത്രപരമായ കൈമാറ്റം

കോഴിക്കോട് സാമൂതിരി കോവിലകത്തിന്റെ ഉടമസ്ഥതയിലായിരുന്ന കൃഷ്ണനാട്ടം കളിയോഗം ഗുരുവായൂർ ദേവസ്വത്തിന് ഔദ്യോഗികമായി കൈമാറുന്നതിനുള്ള നടപടികൾ 1952ൽ സജീവമായി. ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത കൈമാറ്റ ആധാരം 1952 നവംബർ 16ന് ഗുരുവായൂരപ്പന്റെ സോപാനത്തിൽ സമർപ്പിച്ചു. കൃഷ്ണനാട്ടത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു ഈ സംഭവം എന്നാൽ അതിനുമുമ്പും വിവിധ ഘട്ടങ്ങളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം അവതരിപ്പിച്ചിരുന്നതായി സാമൂതിരി കോവിലകത്തെ രേഖകൾ വ്യക്തമാക്കുന്നു. 1939ൽ പുല നിമിത്തം പതിവുപോലെ അരങ്ങേറ്റം നടത്താൻ സാധിക്കാത്ത സാഹചര്യം ഉണ്ടായപ്പോൾ കൃഷ്ണനാട്ടം ഗുരുവായൂരിൽ അവതരിപ്പിക്കാൻ തീരുമാനിച്ചതായി സാമൂതിരിപ്പാടിന്റെ തിട്ടൂരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

1940 മാർച്ച് 15ലെ മറ്റൊരു തിട്ടൂരവും ശ്രദ്ധേയമാണ്. കൃഷ്ണഗീതി മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് ഭഗവാന്റെ സന്നിധിയിൽ സമർപ്പിച്ച് ഭജിക്കണമെന്ന ആഗ്രഹവുമായി മാങ്കുളത്ത് വാരിയത്ത് കുഞ്ഞൻ അപേക്ഷിച്ചപ്പോൾ അദ്ദേഹത്തിന് താമസിക്കുന്ന ദിവസങ്ങളിൽ ദേവസ്വത്തിൽനിന്ന് ഭക്ഷണം നൽകാനും അരി അനുവദിക്കാനും സാമൂതിരിപ്പാട് ഉത്തരവിട്ടിരുന്നു. പിന്നീട് ഗുരുവായൂർ ദേവസ്വത്തിന്റെ സഹായത്തോടെ 1965ൽ പ്രൊഫ. പി.സി. വാസുദേവൻ ഇളയത് മലയാള വിവർത്തനത്തോടുകൂടിയ കൃഷ്ണനാട്ടം പുസ്തകം തയ്യാറാക്കി. ഇന്ന് ദേവസ്വം പ്രസിദ്ധീകരണമായി ഈ പുസ്തകം ഭക്തജനങ്ങൾക്കും കൃഷ്ണനാട്ടം ആസ്വാദകർക്കും ലഭ്യമാണ്.

കളിയോഗത്തിന്റെ ആദ്യകാല ചെലവുകൾ: 87 ക. 5 അണ 3 പൈസ!

കൃഷ്ണനാട്ടം കളിയോഗത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക രേഖകൾ ഇന്നത്തെ തലമുറയ്ക്ക് കൗതുകമുണർത്തുന്നതാണ്. 1952 സെപ്റ്റംബർ 19ന് സാമൂതിരിപ്പാട് ഗുരുവായൂർ ദേവസ്വം മാനേജർക്ക് നൽകിയ നിർദേശത്തിൽ കളിയോഗത്തിന്റെ പരിശീലനത്തിനായി സത്രത്തിൽ കിഴക്കുപടിഞ്ഞാറായി 42 അടി നീളത്തിൽ ഒരു ഷെഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കളിയോഗം പ്രസിഡന്റ് കെ. രേവുണ്ണിയുമായി ആലോചിച്ച് ഷെഡിന്റെ വലുപ്പം തീരുമാനിക്കണമെന്നും നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്നും നിർദേശിച്ചു. വിദ്യാരംഭം കഴിഞ്ഞ ഉടൻ കച്ചകെട്ടും ചൊല്ലിയാട്ടവും നടത്തേണ്ടതിന്റെ ആവശ്യകതയും തിട്ടൂരത്തിൽ വ്യക്തമാക്കിയിരുന്നു. ചൊല്ലിയാട്ടം നടക്കുന്ന ദിവസങ്ങളിൽ കളിയോഗത്തിലെ കുട്ടികൾക്ക് പ്രാതൽ നൽകുന്നതിനുള്ള ചെലവിന്റെ കണക്കും അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1128 ധനു 23 മുതൽ മകരം 15 വരെയുള്ള 23 ദിവസത്തേക്ക് പ്രതിദിനം 3 ക. 12 അണ 9 പൈസ നിരക്കിൽ ആകെ 87 ക. 5 അണ 3 പൈസ ചെലവഴിക്കാനായിരുന്നു ഉത്തരവ്.

ഇന്നത്തെ കാലത്ത് കേൾക്കുമ്പോൾ ചെറിയൊരു തുകയായി തോന്നാമെങ്കിലും അന്നത്തെ കാലഘട്ടത്തിൽ കളിയോഗത്തിന്റെ പരിശീലനത്തിനും പരിപാലനത്തിനും എത്രത്തോളം കൃത്യമായ സാമ്പത്തിക ക്രമീകരണങ്ങൾ നടത്തിയിരുന്നുവെന്നതിന്റെ തെളിവാണ് ഈ രേഖകൾ. അതുപോലെ ക്ഷേത്രത്തിൽ മുല്ലശ്ശേരി ശങ്കുണ്ണി എന്ന ഭക്തന്റെ വഴിപാടായി എട്ടുദിവസത്തെ കൃഷ്ണനാട്ടം കളിക്ക് 440 രൂപയാണ് അന്ന് ദേവസ്വം ഈടാക്കിയിരുന്നത്. ക്ഷേത്രത്തിന് പുറത്തുള്ള കളികൾക്കായി ആദ്യം 125 രൂപ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാനേജരുടെ അഭിപ്രായം പരിഗണിച്ച് ഒരു കളിക്ക് 75 രൂപയായി കുറയ്ക്കാൻ അനുമതി നൽകിയിരുന്നു. അണിയറച്ചെലവ്, വിളക്കിനെണ്ണ, കളിക്കാരുടെ യാത്രാച്ചെലവ്, ഭക്ഷണം തുടങ്ങിയവയും ഇതോടൊപ്പം പരിഗണിച്ചിരുന്നു.

1954ൽ കോവിലകത്തേക്ക് മടക്കം; 1958ൽ വീണ്ടും ദേവസ്വത്തിന്റെ കൈകളിൽ

കൃഷ്ണനാട്ടം കളിയോഗം ഗുരുവായൂർ ദേവസ്വത്തിന്റെ അധീനതയിൽ വന്നെങ്കിലും ആദ്യകാലത്ത് സാമ്പത്തികവും ഭരണപരവുമായ ചില പ്രതിസന്ധികൾ നേരിടേണ്ടിവന്നു. ഇതിന്റെ ഭാഗമായി കൊല്ലവർഷം 1130 കന്നി ഒന്നിന്, അതായത് 1954 സെപ്റ്റംബർ 17ഓടെ, കളിയോഗം ദേവസ്വത്തിൽനിന്ന് സാമൂതിരി കോവിലകത്തേക്ക് തിരിച്ചേൽപ്പിച്ചു. കളിയോഗത്തിലെ സാധനസാമഗ്രികൾ കൈമാറിയതും കളിക്കാർക്ക് ശമ്പളം നൽകിയതും മറ്റ് ചെലവുകൾ തീർപ്പാക്കിയതുമെല്ലാം സംബന്ധിച്ച രേഖകൾ സാമൂതിരിപ്പാടിന്റെ തിട്ടൂരങ്ങളിൽ കാണാം എന്നാൽ ഈ വേർപാട് അധികകാലം നീണ്ടുനിന്നില്ല. ഏകദേശം നാലുവർഷത്തെ ഇടവേളയ്ക്കുശേഷം 1958 ജനുവരി 1ന് കൃഷ്ണനാട്ടം കളിയോഗം വീണ്ടും ഗുരുവായൂർ ദേവസ്വത്തിന്റെ അധീനതയിൽ ഏൽപ്പിച്ചു. ഗുരുവായൂരപ്പന്റെ സ്വന്തം കലാരൂപം എന്ന നിലയിൽ കൃഷ്ണനാട്ടത്തെ ദേവസ്വത്തിന്റെ കീഴിൽ സ്ഥിരമായി വളർത്തിയെടുക്കാനുള്ള പുതിയ അധ്യായത്തിന് ഇതോടെ തുടക്കമായി.

1958ൽ ക്ഷേത്രകലാനിലയം: കൃഷ്ണനാട്ടത്തിന് പുതിയ ഭരണസംവിധാനം

1958 ഏപ്രിൽ 27ന് ചേർന്ന സബ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽ ക്ഷേത്രകലാനിലയം രൂപീകരിച്ചു. എം. മുകുന്ദരാജ, ആറ്റൂർ കൃഷ്ണപ്പിഷാരോടി, കെ.സി. മരുമകൻരാജ, ഗുരുവായൂർ ദേവസ്വം മാനേജർ എന്നിവരടങ്ങിയ സമിതിയാണ് കൃഷ്ണനാട്ടത്തിന്റെ പഠനത്തിനും പരിശീലനത്തിനും ഭരണത്തിനും ആവശ്യമായ ക്രമീകരണങ്ങൾ നിർദേശിച്ചത്. പാട്ട്, ചൊട്ടി, ശുദ്ധമദ്ദളം, വേഷം തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക പരിശീലകരെ നിയമിക്കാനും കളിക്കാർക്ക് ശമ്പളവും പരിശീലനാർത്ഥികൾക്ക് സ്റ്റൈപ്പൻഡും നൽകാനും തീരുമാനിച്ചു. കളിക്കാരുടെ ശമ്പളം, പരിശീലനച്ചെലവ്, കളിപ്പെട്ടികളുടെ അറ്റകുറ്റപ്പണി, വേഷവിധാനങ്ങൾ, പുതിയ ആശാൻമാരുടെ നിയമനം, കെട്ടിടനിർമാണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ആദ്യകാല വാർഷിക ബജറ്റ് 48,190 രൂപയായിരുന്നു. ഇതോടൊപ്പം ചെണ്ട, ഇടയ്ക്ക, മദ്ദളം തുടങ്ങിയ ക്ഷേത്രവാദ്യങ്ങൾ അഭ്യസിപ്പിക്കുന്നതിനും കുട്ടികൾക്ക് സ്റ്റൈപ്പൻഡ് നൽകുന്നതിനും പ്രത്യേക പദ്ധതികൾ തയ്യാറാക്കി. ക്ഷേത്രകലാനിലയത്തിന്റെ ഭരണഘടനയും ചട്ടങ്ങളും അഡ്വൈസറി ബോർഡ് യോഗത്തിൽ അംഗീകരിച്ചു. 1959 ഡിസംബർ 1 മുതൽ സി.ആർ. രാമൻ നമ്പൂതിരി ആദ്യത്തെ കലാനിലയം സൂപ്രണ്ടായി ചുമതലയേറ്റു. തുടർന്ന് എ.സി. ഗോദവർമ്മരാജ 1961 നവംബർ 2ന് പുതിയ സൂപ്രണ്ടായി നിയമിതനായി. ഇങ്ങനെ കൃഷ്ണനാട്ടം ഒരു കലാരൂപം എന്നതിലുപരി പരിശീലനവും ഭരണസംവിധാനവും സാമ്പത്തിക പിന്തുണയും ഉള്ള ഒരു സ്ഥാപനമായി വളർന്നു.

1977ലെ ദേശീയ അംഗീകാരം: രാഷ്ട്രപതിയിൽനിന്ന് പുരസ്കാരം

ഗുരുവായൂരപ്പന്റെ സ്വന്തം കൃഷ്ണനാട്ടത്തിന് ദേശീയതലത്തിൽ വലിയ അംഗീകാരം ലഭിച്ചത് 1977ലാണ്. കേന്ദ്ര സംഗീതനാടക അക്കാദമിയുടെ നൃത്തത്തിനുള്ള പുരസ്കാരം കൃഷ്ണനാട്ടം കളിയോഗം ആശാൻ ചിങ്ങത്ത് ശങ്കരൻ നായർക്ക് ലഭിച്ചു. 1978 മാർച്ച് 4ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയിൽനിന്ന് ആശാൻ പുരസ്കാരം ഏറ്റുവാങ്ങി. രാജ്യത്തെ പ്രമുഖ കലാകാരന്മാർ പങ്കെടുത്ത ചടങ്ങിൽ കൃഷ്ണനാട്ടത്തിന് ലഭിച്ച ഈ അംഗീകാരം ഗുരുവായൂരിന്റെ കലാചരിത്രത്തിലെ അഭിമാനകരമായ നേട്ടമായി. തുടർന്ന് ആശാൻ കെ. വേലായുധൻ നായർക്ക് കേന്ദ്ര ഫെല്ലോഷിപ്പും മധ്യപ്രദേശ് സർക്കാരിന്റെ നാട്യപുരസ്കാരവും ലഭിച്ചു. ഏറ്റവും ഒടുവിൽ യുവകലാകാരനായ കെ. രതീഷിനും കേന്ദ്രസർക്കാരിന്റെ ഫെല്ലോഷിപ്പ് ലഭിച്ചത് കൃഷ്ണനാട്ടത്തിന്റെ പാരമ്പര്യം പുതുതലമുറയിലും സജീവമായി തുടരുന്നതിന്റെ തെളിവാണ്. കേരള സർക്കാരിന്റെ പുരസ്കാരങ്ങൾ, ദേശീയ അംഗീകാരങ്ങൾ, മാനവേദ സുവർണ്ണമുദ്ര തുടങ്ങിയ ബഹുമതികളും കൃഷ്ണനാട്ടത്തിന്റെ കലാപ്രാധാന്യം ഉയർത്തി.

1980ൽ വിദേശവേദിയിലേക്ക്; 1987ൽ ബദരീനാഥ് സന്നിധിയിലും കൃഷ്ണനാട്ടം

മലബാറിന്റെ അതിരുകൾക്കുള്ളിൽ മാത്രം ഏറെക്കാലം അവതരിപ്പിക്കപ്പെട്ടിരുന്ന കൃഷ്ണനാട്ടത്തിന് 1980ൽ ചരിത്രപരമായൊരു വഴിത്തിരിവുണ്ടായി. ആദ്യമായി വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്ത കൃഷ്ണനാട്ടം ഫ്രാൻസിൽ നടന്ന പാരമ്പര്യകലാപ്രദർശനത്തിൽ അവതരിപ്പിച്ചു. പശ്ചിമ ജർമ്മനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലും ഗുരുവായൂരപ്പന്റെ സ്വന്തം കലാരൂപം അരങ്ങേറി. 15 കലാകാരന്മാർ ഉൾപ്പെട്ട സംഘത്തിന്റെ വിദേശയാത്രയ്ക്ക് ചെങ്ങന്നൂർ വിജ്ഞാനകലാവേദിയുടെ യൂറോപ്യൻ പ്രതിനിധി മരീന ഫിറ്റോഫ് സഹായം നൽകി. അന്നത്തെ അഡ്മിനിസ്ട്രേറ്റർ ടി.സി. ബാലകൃഷ്ണൻ നായരുടെയും കലാനിലയം സൂപ്രണ്ട് ഗോദവർമ്മരാജയുടെയും പരിശ്രമങ്ങൾ ഈ ചരിത്രയാത്രയ്ക്ക് വലിയ പിന്തുണയായി. 1987 മെയ് മാസത്തിൽ ഉത്തരപ്രദേശ് സർക്കാർ ബദരീനാഥ് സന്നിധിയിൽ സംഘടിപ്പിച്ച ഹിമാലയൻ ഉത്സവത്തിലും കൃഷ്ണനാട്ടം അവതരിപ്പിച്ചു. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ഗുരുവായൂരിനും ഉത്തരേന്ത്യയിലെ ബദരീനാഥിനും ഇടയിലുള്ള ആത്മീയബന്ധം കൂടി ഓർമിപ്പിക്കുന്ന വേദിയായിരുന്നു അത്. ഇന്ത്യയിലെ വിവിധ കലാരൂപങ്ങൾക്കൊപ്പം ഗുരുവായൂരപ്പന്റെ കൃഷ്ണനാട്ടവും അവിടെ അവതരിപ്പിക്കപ്പെട്ടത് ഏറെ ശ്രദ്ധേയമായി. പിന്നീട് 2010ൽ പാരീസിലും അനുബന്ധ സ്ഥലങ്ങളിലും 2015ൽ സിംഗപ്പൂരിലും കൃഷ്ണനാട്ടം അരങ്ങേറി. ഇതോടെ ഗുരുവായൂരിലെ കൂത്തമ്പലത്തിൽനിന്ന് ലോകത്തിന്റെ വിവിധ സാംസ്കാരിക വേദികളിലേക്ക് കൃഷ്ണനാട്ടത്തിന്റെ പ്രശസ്തി വ്യാപിച്ചു.

കൃഷ്ണഗീതിദിനവും മാനവേദ സുവർണ്ണമുദ്രയും

കൃഷ്ണനാട്ടത്തിന്റെ ചരിത്രവും മാനവേദൻ തമ്പുരാന്റെ സ്മരണയും നിലനിർത്തുന്നതിനായി ഗുരുവായൂർ ദേവസ്വം വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നു. 1984 മുതൽ എല്ലാ വർഷവും കൃഷ്ണഗീതിദിനം ആഘോഷിച്ചുവരുന്നു. മാനവേദൻ തമ്പുരാന്റെ പൂർണകായ പ്രതിമ സ്ഥാപിച്ചതും ശ്രദ്ധേയമായ സ്മാരകപ്രവർത്തനമാണ്. 1989 മുതൽ സംസ്കൃതപണ്ഡിതന്മാരെ പങ്കെടുപ്പിച്ച് ഏഴുദിവസം നീളുന്ന കൃഷ്ണഗീതി പാരായണവും സംഘടിപ്പിച്ചുവരുന്നു. മാനവേദകവിയുടെ സ്മരണയ്ക്കായി ‘മാനവേദ സുവർണ്ണമുദ്ര’ എന്ന പേരിൽ പുരസ്കാരവും ഏർപ്പെടുത്തി. കൃഷ്ണനാട്ടത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകിയ കലാകാരന്മാരെ ആദരിക്കുന്നതിനും യുവപ്രതിഭകൾക്ക് പ്രോത്സാഹനം നൽകുന്നതിനും ദേവസ്വം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.  കൃഷ്ണനാട്ടം കലാനിലയത്തിന്റെ പ്രവർത്തനങ്ങൾ മുൻകാല സൂപ്രണ്ടുമാരായ സി.ആർ. രാമൻ നമ്പൂതിരി, എ.സി. ഗോദവർമ്മരാജ, പി.സി. ചന്ദ്രശേഖരൻ ഇളയത് തുടങ്ങിയവരുടെ സേവനങ്ങളിലൂടെ ശക്തിപ്പെട്ടു. ഇപ്പോൾ സൂപ്രണ്ട് മുരളി പുറനാട്ടുകരയുടെ നേതൃത്വത്തിൽ കളിയോഗത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നു. സംസ്കൃതപണ്ഡിതനും അധ്യാപകനുമായ ഡോ. വി. അച്യുതൻകുട്ടിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ കൃഷ്ണഗീതി പാരായണവും നടന്നു.

2026 നവംബർ 16: 43-ാമത് കൃഷ്ണഗീതിദിനാഘോഷം

കൃഷ്ണനാട്ടം കളിയോഗം ദേവസ്വത്തിന്റെ അധീനതയിലേക്ക് ഔദ്യോഗികമായി കൈമാറിയതിന്റെ 74-ാം വാർഷികദിനമായ 2026 നവംബർ 16 തിങ്കളാഴ്ച ഗുരുവായൂരിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തെക്കേ നടയിൽ പഴയ സാമൂതിരി കോവിലകം പറമ്പിൽ സ്ഥിതിചെയ്യുന്ന മാനവേദൻ തമ്പുരാന്റെ പ്രതിമയ്ക്കു മുന്നിൽ പ്രഭാതഭേരിയും ദീപം തെളിയിക്കലും ഉദ്ഘാടനചടങ്ങുകളും നടക്കും. തുടർന്ന് കൃഷ്ണനാട്ടം ഭഗവത്സന്നിധിയിൽ അവതരിപ്പിക്കും. ഈ വർഷവും കൃഷ്ണനാട്ടം കളിയോഗത്തിലെ ആശാന്മാരായ കെ. രമേശൻ, ശിവകുമാർ എന്നിവരെയും മറ്റ് കലാകാരന്മാരെയും മാനവേദ സുവർണ്ണമുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെന്റ് അവാർഡ്, മറ്റ് പ്രോത്സാഹന സമ്മാനങ്ങൾ എന്നിവ നൽകി ആദരിക്കും. കൃഷ്ണനാട്ടത്തിന്റെ വളർച്ചയ്ക്കായി ജീവിതം സമർപ്പിച്ച പഴയകാല കലാകാരന്മാരെയും ഇപ്പോൾ സേവനമനുഷ്ഠിക്കുന്നവരെയും പെൻഷൻ പറ്റിയവരെയും ഓർക്കേണ്ട അവസരം കൂടിയാണിത്. കൃഷ്ണനായി, ബലഭദ്രനായി, കുചേലനായി, കംസനായി, രുഗ്മിണിയായി വിവിധ കഥാപാത്രങ്ങളായി അരങ്ങിലെത്തുന്ന കലാകാരന്മാരുടെ ആത്മസമർപ്പണമാണ് ഈ കലാരൂപത്തിന്റെ യഥാർഥ കരുത്ത്. അരങ്ങിൽ വേഷമിടുന്നവർ മാത്രമല്ല, സംഗീതജ്ഞർ, വാദ്യകലാകാരന്മാർ, തിരശ്ശീല പിടിക്കുന്നവർ, ചുട്ടികുത്തുന്നവർ, അണിയറയിൽ വേഷവിധാനങ്ങളും പൊയ്മുഖങ്ങളും ഒരുക്കുന്നവർ തുടങ്ങി നിരവധി പേരുടെ കൂട്ടായ പരിശ്രമമാണ് ഓരോ കൃഷ്ണനാട്ടം അരങ്ങിനും പിന്നിലുള്ളത്. കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ കലാകാരന്മാരുടെ സംഭാവനകളും ഇന്നും സേവനമനുഷ്ഠിക്കുന്നവരുടെ ആത്മാർഥതയും ഒരുപോലെ സ്മരിക്കപ്പെടേണ്ടതാണ്.

കാലത്തെ അതിജീവിച്ച ഭക്തിപാരമ്പര്യം; ഗുരുവായൂരപ്പന്റെ അനുഗ്രഹമായി കൃഷ്ണനാട്ടം

74 വർഷം മുമ്പ് ദേവസ്വത്തിന്റെ അധീനതയിലേക്ക് ഔദ്യോഗികമായി കൈമാറിയ കൃഷ്ണനാട്ടം ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിന്റെ അഭിമാനകരമായ പാരമ്പര്യമായി നിലകൊള്ളുന്നു. സാമൂതിരി മാനവേദൻ തമ്പുരാന്റെ ഭക്തിസങ്കൽപത്തിൽ പിറന്ന കൃഷ്ണഗീതി, തലമുറകളിലൂടെ കൈമാറപ്പെട്ട കലാസാധനയിലൂടെ ലോകവേദികളിൽവരെ എത്തി. ഭക്തിയും കലയും ഒരുപോലെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഈ കലാരൂപം ഗുരുവായൂർ ക്ഷേത്രത്തിന്റെ ആത്മീയ മഹത്വത്തിനും സാംസ്കാരിക പൈതൃകത്തിനും വലിയ സംഭാവനയാണ് നൽകുന്നത്. നാരായണീയവും ഭാഗവതവും ഭഗവാന്റെ മഹിമകൾ ഭക്തഹൃദയങ്ങളിൽ നിറയ്ക്കുന്നതുപോലെ, കൃഷ്ണനാട്ടവും കൃഷ്ണലീലകളിലൂടെ ഭക്തർക്ക് മനഃശാന്തിയും ആത്മീയാനുഭവവും പകരുന്നു. ഉണ്ണിക്കണ്ണനെ ഒരുനോക്കു കാണാൻ ആഗ്രഹിച്ച മാനവേദൻ തമ്പുരാന്റെ ഭക്തിയിൽനിന്ന് പിറന്ന ഈ കലാരൂപം ഇന്ന് ആയിരക്കണക്കിന് ഭക്തരുടെ ഹൃദയങ്ങളിൽ ഗുരുവായൂരപ്പന്റെ സാന്നിധ്യം നിറയ്ക്കുന്നു. 

മയിൽപ്പീലി സമ്മാനിച്ച ഉണ്ണിക്കണ്ണന്റെ ദിവ്യസ്മരണയിൽ വിരിഞ്ഞ കൃഷ്ണഗീതി… കാലത്തെ അതിജീവിച്ച് ലോകമെങ്ങും ഭക്തിയുടെ നിറവായി മാറിയ കൃഷ്ണനാട്ടം… ഗുരുവായൂരപ്പന്റെ അനുഗ്രഹമായി ഈ പാരമ്പര്യം ഇനിയും തലമുറകളിലേക്ക് പടരട്ടെ!

നാരായണ… നാരായണ..

കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]