1975-ൽ പോസ്റ്റ് കാർഡിൽ തുടങ്ങിയ അപേക്ഷാപാരമ്പര്യം ഇന്ന് ഓൺലൈൻ വരെ; 4,000-ത്തിലധികം സംഗീതപ്രതിഭകൾക്ക് നാദാർച്ചനയ്ക്ക് അവസരം. മൂന്ന് ദിവസത്തെ സംഗീതസേവ 15 ദിവസത്തെ മഹോത്സവമായി വളർന്നു. ചെമ്പൈ ഭാഗവതർക്ക് ഒരിക്കൽ അനുവദിച്ച രണ്ടിടങ്ങഴി ആടിയ എണ്ണയും മൂന്ന് ഉരുള കളഭവും മുതൽ 2026-ലെ ചെമ്പൈ പുരസ്കാരം വരെ നീളുന്ന അപൂർവ ചരിത്രം.
ഗുരുവായൂർ: ഗുരുവായൂർ ഏകാദശി മഹോത്സവത്തിന്റെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഗുരുവായൂരപ്പന്റെ സന്നിധിയെ സംഗീതസാഗരമാക്കി മാറ്റുന്ന ചെമ്പൈ സംഗീതോത്സവത്തിന് ചരിത്രത്തിന്റെ താളവും ഭക്തിയുടെ നാദവും ഒരുപോലെ പറയാനുണ്ട്. ഒരു കാലത്ത് ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് മൂന്ന് ദിവസത്തെ സംഗീതസേവ നടത്താൻ ചെമ്പൈ വൈദ്യനാഥ ഭാഗവതർ സാമൂതിരിപ്പാട് തമ്പുരാന് വിനയപൂർവം നൽകിയ ഒരു അപേക്ഷയിൽനിന്നാണ് ഈ മഹത്തായ സംഗീതപാരമ്പര്യത്തിന്റെ കഥയുടെ സുപ്രധാന അധ്യായങ്ങൾ വായിച്ചെടുക്കാനാകുന്നത്. അന്ന് സംഗീതസേവയ്ക്കായി ഏതാനും വിദ്വാന്മാരെ ഒപ്പം കൂട്ടിക്കൊണ്ടുവരാൻ സൗകര്യം തേടിയ ഭാഗവതരുടെ അപേക്ഷ ഇന്ന് നാലായിരത്തിലധികം സംഗീതപ്രേമികളും കലാകാരന്മാരും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആഗോളപ്രശസ്ത സംഗീതോത്സവമായി വളർന്നിരിക്കുന്നു. പോസ്റ്റ് കാർഡിൽ അപേക്ഷ സമർപ്പിച്ചിരുന്ന കാലത്തുനിന്ന് ഓൺലൈൻ രജിസ്ട്രേഷൻ വരെയെത്തിയ ചെമ്പൈ സംഗീതോത്സവത്തിന്റെ ഈ വളർച്ച ഗുരുവായൂർ ക്ഷേത്രചരിത്രത്തിലെ മാത്രമല്ല, കേരളത്തിന്റെ സംഗീതചരിത്രത്തിലെയും ശ്രദ്ധേയമായ ഒരേടാണ്. 2026 നവംബർ 6-ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ആരംഭിച്ച ഈ വർഷത്തെ സംഗീതോത്സവം പഴമയുടെ പെരുമയും പുതുതലമുറയുടെ സംഗീതാഭിരുചിയും ഒത്തുചേരുന്ന മഹാസംഗമമായി മാറുകയാണ്.
സാമൂതിരിപ്പാടിന് ചെമ്പൈ ഭാഗവതരുടെ ആ അപേക്ഷ!
ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രരേഖകളിൽ സംഗീതപാരമ്പര്യത്തിന്റെ വളർച്ച വ്യക്തമാക്കുന്ന സുപ്രധാന രേഖയാണ് 1967 ഒക്ടോബർ 18-ന് ചെമ്പൈ വൈദ്യനാഥ ഭാഗവതർ അന്നത്തെ ഗുരുവായൂർ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കൂടിയായ കോഴിക്കോട് സാമൂതിരിപ്പാട് തമ്പുരാന് അയച്ച കത്ത്. ‘രാജമാന്യരാജശ്രീ സാമൂതിരിരാജാ അവർകൾക്ക് ചെമ്പൈ വൈദ്യനാഥഭാഗവതർ അനേക വന്ദനം’ എന്ന അഭിസംബോധനയോടെയാണ് കത്ത് ആരംഭിക്കുന്നത്. ഏകദേശം 55 വർഷമായി ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നവമി, ദശമി, ഏകാദശി എന്നീ മൂന്ന് ദിവസങ്ങളിൽ നിരവധി സംഗീതവിദ്വാന്മാരെ ഒരുമിച്ചുകൂട്ടി സംഗീതസേവ നടത്തിവരുന്നുണ്ടെന്നും ആ വർഷവും അതേ രീതിയിൽ സംഗീതസേവ നടത്താൻ ആഗ്രഹിക്കുന്നുവെന്നുമാണ് ഭാഗവതർ കത്തിൽ അറിയിച്ചത്. ഒപ്പം വരുന്ന വിദ്വാന്മാർക്ക് കാപ്പി, പലഹാരം, ഭക്ഷണം എന്നിവ ഗുരുവായൂരിലെ സത്രം ഹോട്ടലിൽനിന്ന് ലഭ്യമാക്കാനുള്ള ഉത്തരവ് നൽകണമെന്ന അഭ്യർഥനയും അദ്ദേഹം മുന്നോട്ടുവച്ചു. ഇതുസംബന്ധിച്ച വിവരങ്ങൾ ക്ഷേത്രത്തിലെ മാനേജരോടോ മറ്റു ജീവനക്കാരോടോ അന്വേഷിച്ചാൽ അറിയാവുന്നതാണെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. ‘ബാക്കി എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹംപോലെ നടക്കട്ടെ’ എന്ന ഭക്തിനിർഭരമായ വാക്കുകളോടെയാണ് ഭാഗവതർ കത്ത് അവസാനിപ്പിച്ചത്. ശ്രീ പാർത്ഥസാരഥി സാരഥീ സഹായം! ശ്രീ ഗുരുവായൂരപ്പൻ സഹായം! തന്റെ അപേക്ഷയ്ക്ക് ഒരു മറുപടി അയച്ചുതരണമെന്ന അഭ്യർഥനയും ആ കത്തിലുണ്ടായിരുന്നു. സംഗീതലോകം ആദരിക്കുന്ന മഹാനായ ഒരു കലാകാരൻ, ഗുരുവായൂരപ്പന്റെ സന്നിധിയിൽ സംഗീതസേവ നടത്താൻ ആവശ്യമായ സൗകര്യങ്ങൾക്കായി ഇത്രയും വിനയപൂർവം അപേക്ഷ സമർപ്പിച്ചുവെന്നത് ആ കാലഘട്ടത്തിന്റെ ലാളിത്യവും ഭക്തിയും വ്യക്തമാക്കുന്നു.
അപേക്ഷ പരിഗണിച്ച് സാമൂതിരിപ്പാടിന്റെ ഉത്തരവ്
ചെമ്പൈ ഭാഗവതരുടെ അപേക്ഷ സാമൂതിരി കോവിലകത്തിന്റെ ആസ്ഥാനത്ത് പരിഗണിക്കപ്പെട്ടു. തുടർന്ന് സാമൂതിരിപ്പാട് തമ്പുരാന്റെ കുടിയനുജരാജാവായ പി.കെ. മാനവേദൻ അന്നത്തെ ദേവസ്വം മാനേജർക്ക് ആവശ്യമായ നിർദേശം നൽകി. നവമി, ദശമി, ഏകാദശി ദിവസങ്ങളിൽ സംഗീതസേവ നടത്താൻ എത്തുന്ന ഭാഗവതർക്കും കൂടെയുണ്ടാകുന്ന വിദ്വാന്മാർക്കും ഭക്ഷണത്തിനുള്ള സൗകര്യം ഒരുക്കണമെന്നായിരുന്നു നിർദേശം.ഈ ഉത്തരവിന്റെ പകർപ്പ് ഭാഗവതർക്കും ലഭ്യമാക്കി. അങ്ങനെ ഗുരുവായൂരപ്പന്റെ സന്നിധിയിൽ സംഗീതസേവ നടത്താനുള്ള ഭാഗവതരുടെ ആഗ്രഹത്തിന് ഭരണപരമായ പിന്തുണയും ലഭിച്ചു. എന്നാൽ ചെമ്പൈ ഭാഗവതരും സാമൂതിരിപ്പാടും തമ്മിലുള്ള ഈ ബന്ധം അതിനും മുമ്പേ ആരംഭിച്ചതാണ്. 1954 ഡിസംബർ 23-ലെ സാമൂതിരി തമ്പുരാന്റെ തിട്ടൂരം അതിന് ചരിത്രസാക്ഷിയാണ്.
രണ്ടിടങ്ങഴി ആടിയ എണ്ണയും മൂന്ന് ഉരുള കളഭവും!
1954 ഡിസംബർ 23-ന് സാമൂതിരിപ്പാട് ദേവസ്വം മാനേജർക്ക് നൽകിയ ഉത്തരവിൽ ചെമ്പൈ ഭാഗവതരുടെ സംഗീതസേവയ്ക്കായി അനുവദിച്ചിരുന്ന പ്രത്യേക ആനുകൂല്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏകാദശിക്ക് പക്കമേളം മുതലായ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയും മറ്റു സംഗീതവിദ്വാന്മാരോടൊപ്പവും ഭാഗവതർ ഗുരുവായൂരപ്പനെ സേവിക്കാൻ എത്തുമ്പോൾ അദ്ദേഹത്തിന്റെ അപേക്ഷപ്രകാരം രണ്ട് ഇടങ്ങഴി ആടിയ എണ്ണയും മൂന്ന് ഉരുള കളഭവും സൗജന്യമായി ദേവസ്വത്തിൽനിന്ന് നൽകണമെന്നായിരുന്നു ഉത്തരവ്. ഈ ചെലവ് ഏകാദശി ഉത്സവച്ചെലവിൽ ഉൾപ്പെടുത്താനും അനുവദിച്ചിരുന്നു. ഇതോടൊപ്പം ദേവസ്വത്തിന്റെ ചെലവുകൾ കഴിയുന്നത്ര ചുരുക്കി നടത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും സാമൂതിരിപ്പാട് നിർദേശിച്ചിരുന്നു. ഇന്ന് ലോകപ്രശസ്തമായ ചെമ്പൈ സംഗീതോത്സവത്തിന്റെ പിന്നിലുള്ള ചരിത്രത്തിൽ രണ്ടിടങ്ങഴി ആടിയ എണ്ണയ്ക്കും മൂന്ന് ഉരുള കളഭത്തിനും വരെ സ്ഥാനമുണ്ടെന്നത് കൗതുകകരമാണ്. ഒരു മഹാസംഗീതപാരമ്പര്യം എത്രത്തോളം ചെറിയ കാര്യങ്ങളിൽനിന്ന് വളർന്നുവെന്നതിന്റെ തെളിവുകൂടിയാണിത്.
മൂന്ന് ദിവസത്തിൽനിന്ന് 15 ദിവസത്തിലേക്ക്!
ചെമ്പൈ വൈദ്യനാഥ ഭാഗവതർ ജീവിച്ചിരുന്ന കാലത്ത് ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നവമി, ദശമി, ഏകാദശി എന്നീ മൂന്ന് ദിവസങ്ങളിലായിരുന്നു സംഗീതസേവ നടന്നിരുന്നത്. 1974 ഒക്ടോബർ 16-ന് ഭാഗവതർ ദിവംഗതനായതോടെ ആ മഹാനായ സംഗീതോപാസകന്റെ സംഗീതസേവയ്ക്ക് ഒരു യുഗാന്ത്യമായി. എന്നാൽ അദ്ദേഹത്തിന്റെ സ്മരണയും ഗുരുവായൂരപ്പനോടുള്ള സംഗീതസമർപ്പണവും കൂടുതൽ വിപുലമായ ഒരു മഹോത്സവത്തിന് വഴിയൊരുക്കി. ഭാഗവതരുടെ നിര്യാണത്തിനുശേഷം 1975 ഡിസംബർ 10-ന് ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി സംഘടിപ്പിച്ച ചെമ്പൈ സംഗീതോത്സവം അന്നത്തെ മുൻ മുഖ്യമന്ത്രി കെ. കരുണാകരനാണ് ഉദ്ഘാടനം ചെയ്തത്. കിഴക്കേ നടയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ചടങ്ങ്. അന്നത്തെ ദേവസ്വം ചെയർമാനായ കോഴിക്കോട് സാമൂതിരി രാജ മരുമകൻ രാജ, ഭരണസമിതി അംഗങ്ങളായ വി.എസ്. വിജയരാഘവൻ, പുതൂർ ഉണ്ണികൃഷ്ണൻ, ക്ഷേത്രം മാനേജർ കെ.വി. സുബ്രഹ്മണ്യം തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് സംഗീതോത്സവത്തിന്റെ ദിവസങ്ങളും പരിപാടികളും ക്രമേണ വർധിച്ചു.
- 1975: മൂന്ന് ദിവസത്തെ സംഗീതോത്സവം.
- 1982: അഞ്ച് ദിവസമായി വിപുലീകരിച്ചു.
- 1983: പത്ത് ദിവസമായി.
- 1990: പന്ത്രണ്ട് ദിവസമായി.
- 1995 മുതൽ: പതിനഞ്ച് ദിവസത്തെ സംഗീതോത്സവമായി.
ഉദ്ഘാടനച്ചടങ്ങ് കൂടി ഉൾപ്പെടുത്തുമ്പോൾ പതിനാറ് ദിവസത്തെ സംഗീതാഘോഷമായി ചെമ്പൈ സംഗീതോത്സവം മാറി. ഒരു സംഗീതോപാസകന്റെ മൂന്ന് ദിവസത്തെ ഭക്തിസേവയ്ക്ക് കാലം നൽകിയ മഹത്തായ അംഗീകാരമായി ഈ വളർച്ചയെ കാണാം.
1975-ലെ പോസ്റ്റ് കാർഡിൽനിന്ന് 4,000-ത്തിലധികം അപേക്ഷകളിലേക്ക്!
ആദ്യകാലത്ത് സംഗീതസേവയ്ക്ക് എത്തുന്ന കലാകാരന്മാർക്ക് ദേവസ്വം പ്രത്യേക പരിഗണന നൽകിയിരുന്നു. ക്ഷേത്രമതിൽക്കകത്ത് സംഗീതോത്സവം നടന്നിരുന്ന കാലത്ത് കലാകാരന്മാർക്ക് വെള്ളിലോക്കറ്റും ഭഗവാന്റെ ആടിയ എണ്ണയും പഴവും പഞ്ചസാരയും കളഭവും ദേവസ്വം നൽകിയിരുന്നു. 1997-ഓളം വരെ സംഗീതാർച്ചനയ്ക്കെത്തുന്ന കലാകാരന്മാർക്ക് ദേവസ്വം സത്രത്തിൽ സൗജന്യ താമസ-ഭക്ഷണ സൗകര്യവും ലഭിച്ചിരുന്നു. എന്നാൽ ചെമ്പൈ സംഗീതോത്സവത്തിന് ദേശീയതലത്തിൽ ലഭിച്ച ശ്രദ്ധയും പങ്കെടുക്കാൻ എത്തുന്നവരുടെ എണ്ണത്തിലുണ്ടായ വൻ വർധനയും പുതിയ ക്രമീകരണങ്ങൾ ആവശ്യമായി വന്നു. തുടർന്ന് സ്വന്തം ചെലവിൽ സംഗീതോത്സവത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കായി അവസരം പരിമിതപ്പെടുത്തി. എങ്കിലും ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഒരു കീർത്തനമെങ്കിലും ആലപിക്കണമെന്ന ആഗ്രഹത്തോടെ സംഗീതജ്ഞർ അപേക്ഷകൾ സമർപ്പിക്കുന്നത് ഓരോ വർഷവും വർധിച്ചുവരികയാണ്. സംഗീതത്തിൽ പിച്ചവെക്കുന്ന കൊച്ചുകുട്ടികൾ മുതൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള പ്രശസ്ത സംഗീതവിദ്വാന്മാർ വരെ ചെമ്പൈ സംഗീതമണ്ഡപത്തിൽ ഇരുന്ന് ഭാഗവതരെയും ഗുരുവായൂരപ്പനെയും സ്മരിച്ച് ഒരു കീർത്തനം ആലപിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നു. ഇന്ന് അപേക്ഷകരുടെ എണ്ണം നാലായിരം കടന്നുവെന്നത് ഈ സംഗീതോത്സവത്തിന്റെ ജനകീയതയും ആഗോളപ്രശസ്തിയും വ്യക്തമാക്കുന്നു.
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് 38 വയസ്സ്; ചെമ്പൈ സംഗീതോത്സവത്തിന് 29-ാം വർഷം
ഗുരുവായൂർ ക്ഷേത്രത്തിലെ കലാസാംസ്കാരിക പരിപാടികളുടെ പ്രധാന വേദിയായ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനും ചെമ്പൈ സംഗീതോത്സവത്തിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്. 1988 ഒക്ടോബർ 20-നായിരുന്നു മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന രാമലക്ഷ്മണന്മാരുടെ സംഗീതക്കച്ചേരി ആ വേദിയിലെ അവിസ്മരണീയമായ ആദ്യകാല സംഗീതാനുഭവങ്ങളിലൊന്നായി മാറി. അന്ന് ആ കച്ചേരിക്ക് മൃദംഗത്തിൽ പക്കമേളമൊരുക്കിയത് പ്രശസ്ത മൃദംഗവിദ്വാൻ ഡോക്ടർ ടി.കെ. മൂർത്തിയായിരുന്നു. 2026-ൽ അതേ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിൽ, ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പേരിലുള്ള ചെമ്പൈ പുരസ്കാരം ഡോക്ടർ ടി.കെ. മൂർത്തിക്ക് സമ്മാനിക്കുന്നത് ചരിത്രത്തിലെ മനോഹരമായ ഒരു യാദൃച്ഛികതയാണ്. 38 വർഷം മുമ്പ് ഈ വേദിയുടെ ഉദ്ഘാടനച്ചടങ്ങിൽ മൃദംഗം വായിച്ച കലാകാരൻ, ഇന്ന് അതേ വേദിയിൽ ചെമ്പൈയുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നു. കാലത്തിന്റെ സംഗീതസാക്ഷ്യംപോലെ ഈ മുഹൂർത്തം മാറുകയാണ്. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന 29-ാമത്തെ ചെമ്പൈ സംഗീതോത്സവം എന്ന നിലയിലും ഈ വർഷത്തെ ആഘോഷത്തിന് പ്രത്യേകതയുണ്ട്.
ചെമ്പൈ പുരസ്കാരം: സംഗീതപ്രതിഭകൾക്ക് ഗുരുവായൂരിന്റെ ആദരം
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സംഗീതപാരമ്പര്യം പുതിയ തലമുറയിലേക്ക് കൈമാറുന്നതിനും മികച്ച സംഗീതപ്രതിഭകളെ ആദരിക്കുന്നതിനുമായി 2005-ലെ സംഗീതോത്സവം മുതൽ ഗുരുവായൂർ ദേവസ്വം ‘ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം’ ഏർപ്പെടുത്തി. കർണാടക സംഗീതരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരായ സംഗീതജ്ഞരെ ആദരിക്കുന്ന ഈ പുരസ്കാരം ചെമ്പൈ ഭാഗവതരുടെ പേരിനോടുള്ള ആദരവിന്റെ അടയാളമാണ്. 2026-ലെ ചെമ്പൈ പുരസ്കാരത്തിന് അർഹനായിരിക്കുന്നത് പ്രശസ്ത മൃദംഗവിദ്വാൻ ഡോക്ടർ ടി.കെ. മൂർത്തിയാണ്. ചെമ്പൈ ഭാഗവതരുടെ സംഗീതസേവകൾക്ക് അനവധി തവണ മൃദംഗത്തിൽ പക്കമേളമൊരുക്കിയ അദ്ദേഹത്തിന് ഈ ആദരം ലഭിക്കുന്നത് ഏറെ അർഥവത്താണ്.
പഞ്ചരത്നകീർത്തനാലാപനം: 53 വർഷത്തെ മുടങ്ങാത്ത സംഗീതപാരമ്പര്യം
ചെമ്പൈ സംഗീതോത്സവത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചടങ്ങുകളിലൊന്നാണ് പഞ്ചരത്നകീർത്തനാലാപനം. 1973 ഡിസംബർ 5-ന് ക്ഷേത്രത്തിൽവെച്ച് തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരി ചെമ്പൈ ഭാഗവതരെ ‘അഭിനവ ത്യാഗബ്രഹ്മം’ എന്ന ബഹുമതി നൽകി ആദരിച്ചിരുന്നു. അതിനുശേഷം ഭാഗവതർ പഞ്ചരത്നകീർത്തനാലാപനത്തിന് തുടക്കം കുറിച്ചു. അന്ന് ആരംഭിച്ച ഈ സംഗീതാർച്ചന ഇന്നും മുടക്കമില്ലാതെ തുടരുന്നു. 2026-ൽ 53 വർഷം പൂർത്തിയാക്കുന്ന ഈ പാരമ്പര്യം ചെമ്പൈ സംഗീതോത്സവത്തിന്റെ ആത്മാവായി മാറിയിരിക്കുന്നു. നൂറുകണക്കിന് സംഗീതജ്ഞർ ഒരുമിച്ച് ത്യാഗരാജസ്വാമികളുടെ പഞ്ചരത്നകൃതികൾ ആലപിക്കുമ്പോൾ മേൽപ്പത്തൂർ ഓഡിറ്റോറിയം ഭക്തിയുടെയും സംഗീതത്തിന്റെയും മഹാസംഗമവേദിയായി മാറുന്നു.
സംഗീതസേവയിൽനിന്ന് ഉദയാസ്തമനപൂജയിലേക്ക്
ചെമ്പൈ ഭാഗവതരുടെ ഗുരുവായൂരപ്പനോടുള്ള ഭക്തി സംഗീതസേവയിൽ മാത്രം ഒതുങ്ങിയിരുന്നില്ല. സംഗീതക്കച്ചേരികളിൽനിന്ന് ലഭിക്കുന്ന പ്രതിഫലം ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്തുന്നതിനായി വിനിയോഗിക്കണമെന്നത് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമായിരുന്നു. 1974 സെപ്റ്റംബർ 8-ന് തന്റെ എൺപതാം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ പൂജ ഉൾപ്പെടെ ഗുരുവായൂരപ്പന് 40 ഉദയാസ്തമനപൂജകൾ നടത്താനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിരുന്നു. സംഗീതത്തെ ഉപാസനയായും വരുമാനത്തെ ഭഗവാന്റെ സേവയ്ക്കുള്ള ഉപാധിയായും കണ്ട ആ മഹാനുഭാവന്റെ ജീവിതം ഇന്നും സംഗീതലോകത്തിന് മാതൃകയാണ്.
സംഗീതവും ഭക്തിയും സംഗമിക്കുന്ന മഹോത്സവം
ഇന്ന് ചെമ്പൈ സംഗീതോത്സവം എന്നത് സംഗീതക്കച്ചേരികളുടെ ഒരു പരമ്പര മാത്രമല്ല. സംഗീതസെമിനാറുകൾ, ചെമ്പൈ ഭാഗവതരുടെ തംബുരുവിന്റെ എഴുന്നള്ളിപ്പ്, ചെമ്പൈ പുരസ്കാരസമർപ്പണം, പഞ്ചരത്നകീർത്തനാലാപനം തുടങ്ങി നിരവധി ചടങ്ങുകൾ ഇതിന്റെ ഭാഗമായി നടക്കുന്നു. ഗുരുവായൂരപ്പന്റെ ശ്രീലകത്തുനിന്നുള്ള ദീപപ്രകാശം നിറയുന്ന സംഗീതോത്സവവേദിയിൽ ആയിരക്കണക്കിന് സംഗീതജ്ഞർ ഒത്തുചേരുമ്പോൾ അത് ഭക്തിയുടെയും സംഗീതത്തിന്റെയും അപൂർവ അനുഭവമായി മാറുന്നു. കർണാടക സംഗീതത്തിലെ മഹാരഥന്മാർക്കൊപ്പം സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിക്കുന്ന കുട്ടികൾക്കും ഒരേ വേദിയിൽ ഗുരുവായൂരപ്പന് സംഗീതാർച്ചന നടത്താൻ ലഭിക്കുന്ന അവസരം ഈ മഹോത്സവത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ്.
ചരിത്രം മറക്കാത്ത സംഗീതസമർപ്പണം
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഏതാനും സംഗീതവിദ്വാന്മാരെ കൂട്ടിക്കൊണ്ടുവന്ന് മൂന്ന് ദിവസത്തെ സംഗീതസേവ നടത്താൻ ഒരിക്കൽ സാമൂതിരിപ്പാടിന് അപേക്ഷ നൽകിയ ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക് അന്ന് ലഭിച്ചത് രണ്ടിടങ്ങഴി ആടിയ എണ്ണയും മൂന്ന് ഉരുള കളഭവും ഭക്ഷണത്തിനുള്ള സൗകര്യവുമായിരുന്നു. കാലം മാറി. ആ ചെറിയ അപേക്ഷയുടെ ചരിത്രം ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് പ്രചോദനമാകുന്ന മഹോത്സവമായി വളർന്നു. ഇന്ന് നാലായിരത്തിലധികം അപേക്ഷകൾ, പതിനഞ്ച് ദിവസത്തെ സംഗീതോത്സവം, ചെമ്പൈ പുരസ്കാരം, പതിറ്റാണ്ടുകൾ പിന്നിട്ട പഞ്ചരത്നകീർത്തനാലാപനം… എല്ലാം ആ മഹാനായ സംഗീതോപാസകന്റെ നാമധേയത്തിൽ ഗുരുവായൂരപ്പന്റെ സന്നിധിയിൽ തുടരുന്നു. നാരായണീയംകൊണ്ട് മേൽപ്പത്തൂരിനെയും ജ്ഞാനപ്പാനകൊണ്ട് പൂന്താനത്തെയും മാതൃഭക്തിയിലൂടെ കുറൂരമ്മയെയും പുരാണപ്രവചനത്തിലൂടെ ശെങ്കാലിപുരം അനന്തരാമദീക്ഷിതരെയും നാരായണനാമോപാസനയിലൂടെ ആഞ്ഞം തിരുമേനിയെയും അനുഗ്രഹിച്ച ഗുരുവായൂരപ്പൻ, സംഗീതോപാസനയിലൂടെ ചെമ്പൈ ഭാഗവതരെയും തന്റെ പ്രിയഭക്തനായി ചേർത്തുപിടിച്ചുവെന്നു തോന്നിപ്പിക്കുന്നതാണ് ഈ സംഗീതപാരമ്പര്യം.ഒരു കാലത്ത് ഗുരുവായൂരപ്പന്റെ സന്നിധിയിൽ സംഗീതസേവ നടത്താൻ അനുമതി തേടിയ ചെമ്പൈ ഭാഗവതരുടെ വിനയപൂർവമായ അപേക്ഷ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സംഗീതപ്രതിഭകളുടെ ആഗ്രഹമായി മാറിയിരിക്കുന്നു.
ഒരു അപേക്ഷയിൽനിന്ന് ആരംഭിച്ച സംഗീതസേവയുടെ മഹാപ്രയാണം… ഇന്ന് ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ ലോകം മുഴുവൻ കേൾക്കുന്ന നാദാർച്ചനയായി വളർന്നിരിക്കുന്നു. ചെമ്പൈ ഭാഗവതരുടെ സംഗീതഭക്തിക്ക് ഗുരുവായൂരപ്പൻ നൽകിയ അനശ്വരമായ അംഗീകാരം തന്നെയാണ് ഈ മഹോത്സവം!
ഗുരുപവനപുരേ ഹന്ത! ഭാഗ്യം ജനാനാം!!……………നാരായണ! നാരായണ!!
ചരിത്രരേഖകളുടെയും സാമൂതിരി കോവിലകത്തിന്റെ പഴയ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ രാമയ്യർ പരമേശ്വരൻ തയ്യാറാക്കിയത്.
