ജനങ്ങളുടെ സുരക്ഷ ഭീഷണിയിൽ; ശാസ്ത്രീയവും നിയമാനുസൃതവുമായ നിയന്ത്രണ നടപടികൾ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി
ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എസ്. സൂരജ് രംഗത്ത്. തെരുവുനായ്ക്കളുടെ വർധനവ് ജനങ്ങളുടെ സ്വൈര്യജീവിതത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന സാഹചര്യത്തിൽ നഗരസഭയുടെ അനാസ്ഥ അവസാനിപ്പിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പത്രക്കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ സാന്നിധ്യം വർധിച്ചതോടെ ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ, വിദ്യാർഥികൾ, സ്ത്രീകൾ, വയോധികർ, പ്രഭാതസവാരിക്കാർ എന്നിവരടക്കമുള്ളവർ ആശങ്ക നേരിടുകയാണ്. പൊതുനിരത്തുകളിലും ജനവാസ മേഖലകളിലും തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നത് കാൽനടയാത്രക്കാരുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നു. ഭയമില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം പോലും പലർക്കും നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളതെന്നും പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
തെരുവുനായ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ മാത്രം താൽക്കാലിക നടപടികൾ സ്വീകരിക്കുന്ന സമീപനം അവസാനിപ്പിക്കണം. പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ശാസ്ത്രീയവും നിയമാനുസൃതവുമായ നിയന്ത്രണ നടപടികൾ ഫലപ്രദമായി നടപ്പാക്കാൻ നഗരസഭ തയ്യാറാകണം. തെരുവുനായ്ക്കളുടെ വന്ധ്യംകരണം, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ കാര്യക്ഷമമാക്കുന്നതിനൊപ്പം ശല്യം കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെത്തി നിരന്തര നിരീക്ഷണവും ആവശ്യമായ ഇടപെടലുകളും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും അലക്ഷ്യമായി നിക്ഷേപിക്കുന്നത് നിയന്ത്രിക്കുന്നതിനും നഗരസഭ നടപടി സ്വീകരിക്കണം. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുകയും വേണം. മനുഷ്യരുടെ ജീവനും സുരക്ഷയ്ക്കും മുൻഗണന നൽകുന്നതിനൊപ്പം മൃഗക്ഷേമ നിയമങ്ങൾ പാലിച്ചായിരിക്കണം നിയന്ത്രണ നടപടികൾ നടപ്പാക്കേണ്ടതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഗുരുവായൂരിന്റെ സുരക്ഷയും ജനങ്ങളുടെ സ്വൈര്യജീവിതവും ഉറപ്പാക്കേണ്ട നഗരസഭ, തെരുവുനായ ശല്യം പോലുള്ള ഗൗരവമേറിയ വിഷയത്തിൽ ഇനിയും മൗനം തുടരരുത്. ജനങ്ങളുടെ ആശങ്കകൾക്ക് ചെവികൊടുത്ത് പ്രഖ്യാപനങ്ങളിലൊതുങ്ങാത്ത, ഫലപ്രദവും സമയബന്ധിതവുമായ നടപടികളിലൂടെ പ്രശ്നത്തിന് പരിഹാരം കാണണം. ജനങ്ങളുടെ ജീവനും സുരക്ഷയും അപകടത്തിലാകുന്നതുവരെ കാത്തിരിക്കാതെ, തെരുവുനായ ശല്യം നിയന്ത്രിക്കാൻ നഗരസഭ അടിയന്തരമായി ഇടപെടണം. ഉത്തരവാദിത്വത്തിൽനിന്നുള്ള ഒഴിഞ്ഞുമാറൽ അവസാനിപ്പിച്ച് ജനങ്ങളോടുള്ള കടമ നിറവേറ്റാൻ ഭരണസമിതി തയ്യാറാകണം — സി.എസ്. സൂരജ് ആവശ്യപ്പെട്ടു.
