the digital signature of the temple city

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ പ്രാദേശികർക്ക് മതിയായ പ്രാതിനിത്യം വേണം

ക്ഷേത്ര പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളും തദ്ദേശീയ ആവശ്യങ്ങളും അടുത്തറിയുന്നവർക്ക് അർഹമായ പങ്കാളിത്തം ഉറപ്പാക്കണം; ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതി പുതിയതായി പുനഃസംഘടിപ്പിക്കുമ്പോൾ ഗുരുവായൂരിന്റെയും ഗുരുവായൂർ ക്ഷേത്രത്തിന്റെയും പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും ചിട്ടകളും ചട്ടങ്ങളും പ്രാദേശിക ആവശ്യങ്ങളും അടുത്തറിയുന്ന തദ്ദേശീയർക്ക് മതിയായ പ്രാതിനിത്യം ഉറപ്പാക്കണമെന്ന് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ ആവശ്യപ്പെട്ടു.ഗുരുവായൂരിന്റെ ക്ഷേത്രപാരമ്പര്യവും സാംസ്കാരിക പശ്ചാത്തലവും ദേവസ്വവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും അടുത്തറിയുന്ന പ്രാദേശികരുടെ അനുഭവസമ്പത്തും അറിവും ക്ഷേത്ര ഭരണസംവിധാനത്തിന് കൂടുതൽ പ്രയോജനകരമാകുമെന്ന് കൂട്ടായ്മയുടെ വിപുലമായ യോഗം അഭിപ്രായപ്പെട്ടു.

- Advertisement -

ദേവസ്വം ഭരണസമിതിയിൽ തദ്ദേശീയർക്ക് അർഹമായ പ്രാതിനിത്യം ലഭിക്കുന്നതിലൂടെ ഗുരുവായൂരിന്റെ സമഗ്ര വികസന പ്രവർത്തനങ്ങൾക്കും ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാര-അനുഷ്ഠാനങ്ങളുടെ സുഗമമായ നടത്തിപ്പിനും കൂടുതൽ കൃത്യമായ പാതയും ദിശാബോധവും സാരഥ്യവും ലഭിക്കുമെന്ന് യോഗം വിലയിരുത്തി.ഗുരുവായൂരിന്റെ തനത് പാരമ്പര്യങ്ങളും ക്ഷേത്രാചാരങ്ങളുടെ പ്രത്യേകതകളും സംരക്ഷിച്ചുകൊണ്ടുതന്നെ കാലാനുസൃതമായ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടത് അനിവാര്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും ക്ഷേത്രവുമായി ബന്ധപ്പെട്ട ദൈനംദിന വിഷയങ്ങളെക്കുറിച്ചും നേരിട്ടുള്ള അറിവുള്ളവർ ഭരണസംവിധാനത്തിന്റെ ഭാഗമാകുന്നത് തീരുമാനങ്ങൾ കൂടുതൽ പ്രായോഗികവും ജനോപകാരപ്രദവുമാക്കാൻ സഹായിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഇക്കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി വിശദമായ കത്തുകൾ നൽകാനും യോഗം തീരുമാനിച്ചു. ഗുരുവായൂരിന്റെ പാരമ്പര്യവും ക്ഷേത്രത്തിന്റെ തനിമയും സംരക്ഷിക്കുന്നതിനൊപ്പം വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും ദേവസ്വം ഭരണത്തിന് ഗുണകരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും പ്രാദേശിക പ്രാതിനിത്യം സഹായകരമാകുമെന്ന് യോഗം വ്യക്തമാക്കി.തെക്കേനടയിലെ നിർമ്മാല്യ ഭവനിൽ ചേർന്ന യോഗത്തിൽ ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ പ്രസിഡന്റ് കെ. ടി. ശിവരാമൻ നായർ അധ്യക്ഷനായി. കോ-ഓർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് പ്രമേയം അവതരിപ്പിച്ചു.സെക്രട്ടറി അനിൽ കല്ലാറ്റ്, ട്രഷറർ ശശികുമാർ കൊടമന, ബാലൻ വാറണാട്ട്, നിർമ്മല നായകത്ത്, ശ്രീധരൻ മാമ്പുഴ, ഗീതാ ഹരി, രാധാ ശിവരാമൻ, എം. ശ്രീനാരായണൻ, അഡ്വ. ആർ. കെ. സരസ്വതി, രാധാമണി ചാത്തനാത്ത്, രവി വട്ടരങ്ങത്ത്, ഉദയ ശ്രീ, എ. തങ്കമണി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രാദേശികരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts