the digital signature of the temple city

മാടമ്പ് സ്മൃതി പർവ്വം 2026; ഗുരുവായൂരിൽ ഓർമ്മകളുടെ സാംസ്‌കാരിക സംഗമം

മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ‘സംസ്കൃതി’ പുരസ്‌കാരം സംവിധായകൻ ശ്യാമപ്രസാദിന്; കെ. ജയകുമാർ ഐ.എ.എസ്. (റിട്ട.) പുരസ്‌കാരം സമ്മാനിക്കും

ഗുരുവായൂർ: മലയാള സാഹിത്യത്തിനും നാടകത്തിനും സിനിമയ്ക്കും അതുല്യമായ സംഭാവനകൾ നൽകിയ പ്രശസ്ത സാഹിത്യകാരനും നാടകകൃത്തും തിരക്കഥാകൃത്തുമായ സ്വർഗീയ മാടമ്പ് കുഞ്ഞുകുട്ടന്റെ സ്മരണയ്ക്കായി ഗുരുവായൂർ മാടമ്പ് സുഹൃത്ത് സമിതി സംഘടിപ്പിക്കുന്ന ‘മാടമ്പ് സ്മൃതി പർവ്വം–2026’ ആഗസ്റ്റ് 30 ഞായറാഴ്ച ഗുരുവായൂരിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും കവിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനുമായ കെ. ജയകുമാർ ഐ.എ.എസ്. (റിട്ട.) മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ‘സംസ്കൃതി’ പുരസ്‌കാര സദസ്സ് ഉദ്ഘാടനം ചെയ്യും.

- Advertisement -

പത്മശ്രീ പെപിത സെത്ത് ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിക്കും. തുടർന്ന് സംവിധായകൻ ജയരാജ് മാടമ്പ് കുഞ്ഞുകുട്ടന്റെ ഓർമ്മകൾ പങ്കുവെച്ച് അനുസ്മരണ പ്രഭാഷണം നടത്തും. സംവിധായകൻ എം.കെ. ദേവരാജൻ ആമുഖ പ്രഭാഷണം നിർവഹിക്കും.കവി സുധാകരൻ പാവറട്ടി അധ്യക്ഷത വഹിക്കുന്ന പുരസ്‌കാര സദസ്സിൽ ഈ വർഷത്തെ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ‘സംസ്കൃതി’ പുരസ്‌കാരം പ്രശസ്ത സംവിധായകൻ ശ്യാമപ്രസാദിന് സമ്മാനിക്കും. കെ. ജയകുമാർ ഐ.എ.എസ്. (റിട്ട.) പുരസ്‌കാരം സമ്മാനിക്കും. പുരസ്‌കാര ജേതാവിനെ അഭിനേത്രി കുക്കു പരമേശ്വരൻ സദസ്സിന് പരിചയപ്പെടുത്തും. മലയാള സിനിമയുടെ കലാമൂല്യവും സാമൂഹിക പ്രസക്തിയും ഉയർത്തിപ്പിടിച്ച സംവിധായകൻ എന്ന നിലയിലുള്ള ശ്യാമപ്രസാദിന്റെ സംഭാവനകൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം നൽകുന്നത്.

പ്രതിഭകളെ ആദരിക്കും

മാടമ്പ് സ്മൃതി പർവ്വത്തിന്റെ ഭാഗമായി വിവിധ കലാ-സാംസ്‌കാരിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെയും ആദരിക്കും. സമാദരണ സദസ്സിൽ കഥകളി സംഗീതജ്ഞൻ കലാമണ്ഡലം എൻ.എൻ. കൊളത്താപ്പള്ളി, ചുമർചിത്ര കലാകാരൻ കെ.യു. കൃഷ്ണകുമാർ, കലാമണ്ഡലം ഗിന്നസ് ധനുഷ സന്യാൽ, ദാരുശിൽപി എളവള്ളി നന്ദൻ, കളരിപ്പയറ്റ് കലാകാരൻ കെ.പി. കൃഷ്ണദാസ് ഗുരുക്കൾ, സാമൂഹ്യ പ്രവർത്തകൻ രാജേഷ് എ. നായർ, പരിസ്ഥിതി പ്രവർത്തകൻ എൻ.കെ. ജെയിംസ് എന്നിവരെ ആദരിക്കും.

ചടങ്ങിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രതിനിധി ശശിനാരായണൻ, നടൻ മുരുകൻ എന്നിവർ ആശംസകൾ അറിയിക്കും. പുരസ്‌കാര ജേതാവ് സംവിധായകൻ ശ്യാമപ്രസാദ് മറുപടി പ്രസംഗം നടത്തും.

മാടമ്പിന്റെ സിനിമാഗാനങ്ങളുമായി ഗാനസന്ധ്യ

പുരസ്‌കാര-അനുമോദന ചടങ്ങുകൾക്ക് പിന്നാലെ കലാപരിപാടികളും അരങ്ങേറും. മാടമ്പ് കുഞ്ഞുകുട്ടന്റെ തിരക്കഥയിൽ പിറന്ന സിനിമകളിലെ ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കി തൃശ്ശൂർ മെലഡി ക്ലാസിക്സ് അവതരിപ്പിക്കുന്ന പ്രത്യേക ഗാനസന്ധ്യ സ്മൃതി പർവ്വത്തിന് സംഗീതസാന്ദ്രമായ വിരുന്നാകും.തുടർന്ന് കഥാപ്രസംഗ രംഗത്തെ ശ്രദ്ധേയനായ മനോഹർ തിരുനെല്ലൂർ അവതരിപ്പിക്കുന്ന ‘വാഗ്ഗേയകാരന്മാരുടെ ശ്രീകൃഷ്ണൻ’ എന്ന കഥാപ്രസംഗവും അരങ്ങിലെത്തും.

സാഹിത്യവും സിനിമയും നാടകവും സംഗീതവും പരമ്പരാഗത കലാരൂപങ്ങളും ഒത്തുചേരുന്ന സാംസ്‌കാരിക വേദിയായി മാടമ്പ് സ്മൃതി പർവ്വം മാറും. മാടമ്പ് കുഞ്ഞുകുട്ടന്റെ സർഗാത്മക ജീവിതവും മലയാള സാംസ്‌കാരിക രംഗത്തിന് അദ്ദേഹം നൽകിയ സംഭാവനകളും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനൊപ്പം, വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന പ്രതിഭകളെ ആദരിക്കുന്ന വേദി കൂടിയാകും ഇത്തവണത്തെ സ്മൃതി പർവ്വം.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts