ഗുരുവായൂർ: പ്രകൃതിദത്തവും ജൈവരീതിയിൽ ഉത്പാദിപ്പിച്ചതുമായ പച്ചക്കറികൾ ഉപയോഗിച്ച് ആരോഗ്യത്തിന് ഹാനികരമാകാത്ത ഭക്ഷണവിഭവങ്ങളുമായി വ്യത്യസ്തമായ ഓണസദ്യ ഒരുക്കുമെന്ന് ‘ജീവ’ ഗുരുവായൂർ ഭാരവാഹികൾ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും പൊതുജനാരോഗ്യത്തിനും കഴിഞ്ഞ 25 വർഷമായി പ്രവർത്തിച്ചുവരുന്ന ജീവയുടെ നേതൃത്വത്തിലാണ് ഇത്തവണത്തെ ഓണാഘോഷവും പ്രകൃതിസൗഹൃദ ഓണസദ്യയും സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 19ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ താമരയൂർ മെട്രോ ലിങ്ക്സ് ഓഡിറ്റോറിയത്തിലാണ് വിപുലമായ ഓണാഘോഷ പരിപാടികൾ നടക്കുക. ജീവ അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഓണപ്പൂക്കളവും വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. തുടർന്ന് പ്രകൃതിസൗഹൃദവും വ്യത്യസ്തവുമായ ഓണസദ്യയും ഒരുക്കും.
രാസവളങ്ങളും കീടനാശിനികളും കൃത്രിമ നിറങ്ങളും ഉപയോഗിക്കാതെ ഉത്പാദിപ്പിച്ച അരിയും പ്രകൃതിജന്യ ജൈവ പച്ചക്കറികളും ഉപയോഗിച്ചായിരിക്കും സദ്യ തയ്യാറാക്കുക. സാധാരണ ഓണസദ്യയിൽ ഉപയോഗിക്കുന്ന ചില ചേരുവകൾ ഒഴിവാക്കി, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതിയിലാണ് വിഭവങ്ങൾ ഒരുക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
പാലില്ലാത്ത മോര്, തൈരില്ലാത്ത കാളൻ, പരിപ്പില്ലാത്ത സാമ്പാർ, കാരമില്ലാത്ത പപ്പടം തുടങ്ങിയ വ്യത്യസ്തമായ വിഭവങ്ങളാണ് സദ്യയിൽ ഉൾപ്പെടുത്തുക. എണ്ണ, വറ്റൽമുളക്, മല്ലി, പുളി തുടങ്ങിയവ ഒഴിവാക്കിയും പ്രകൃതിദത്ത ചേരുവകൾക്ക് പ്രാധാന്യം നൽകിയും സദ്യ ഒരുക്കുന്നതിലൂടെ ആരോഗ്യകരമായ ഭക്ഷണരീതിയുടെ സന്ദേശം പൊതുജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണം, ജൈവകൃഷി, ആരോഗ്യകരമായ ഭക്ഷണശീലം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ജീവയുടെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന പ്രകൃതിസൗഹൃദ ഓണസദ്യയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 15ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:📞 9961264090📞 9778443185📞 9645449350
പത്രസമ്മേളനത്തിൽ ഡോ. പി. രാധാകൃഷ്ണൻ, അഡ്വ. രവി ചങ്കത്ത്, പി. ഐ. സൈമൺ മാസ്റ്റർ, കെ. കെ. പ്രതാപൻ, പ്രിയ രാജേന്ദ്രൻ, കെ. യു. കാർത്തികേയൻ, സന്ധ്യ ഭരതൻ തുടങ്ങിയവർ പങ്കെടുത്തു.
