the digital signature of the temple city

ബോംബാക്രമണവും വ്യാജ ആരോപണങ്ങളും അതിജീവിച്ച് കേരള പോലീസിന്റെ തലപ്പത്തേക്ക്; 52% മാർക്കിൽ നിന്ന് ഡി.ജി.പി പദവിയിലേക്ക് എസ്. ശ്രീജിത്തിന്റെ അത്ഭുതകരമായ ജീവിതയാത്ര

അക്ഷരങ്ങളിൽ നിന്ന് അധികാരശിഖരത്തിലേക്ക്: പരാജയങ്ങളെ വിജയമാക്കി, ബോംബാക്രമണത്തെ അതിജീവിച്ച്, അപവാദങ്ങളെ തോൽപ്പിച്ച്… കേരള പോലീസിന്റെ പരമോന്നത പദവിയിലേക്ക് ഉയരുന്ന എസ്. ശ്രീജിത്തിന്റെ അസാധാരണ പോരാട്ടവിജയം.

തിരുവനന്തപുരം: കേരള പോലീസിന്റെ ഉന്നത നേതൃത്വത്തിൽ വൻ അഴിച്ചുപണികൾക്ക് കളമൊരുങ്ങുന്നതിനിടെ സംസ്ഥാന പോലീസിന്റെ അടുത്ത ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡി.ജി.പി) പദവിയിലേക്ക് എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഐ.പി.എസ് എത്തുമെന്ന വിലയിരുത്തൽ ശക്തമാകുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ചുറ്റിപ്പറ്റിയ വിവാദങ്ങളും നിയമപരമായ തിരിച്ചടികളും സംസ്ഥാന പോലീസിലെ നേതൃത്വമാറ്റത്തിന് വഴിയൊരുക്കിയ സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ ചർച്ചയാകുന്നത്.

നിലവിലെ ഡി.ജി.പി നിതിൻ അഗർവാൾ വിരമിക്കുന്നതോടെ, സീനിയോറിറ്റി പട്ടികയിലുള്ള സുരേഷ് രാജ് പുരോഹിത് കേന്ദ്രത്തിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയിൽ തുടരുന്നതിനാൽ, സംസ്ഥാനത്തും കേന്ദ്ര സർവീസുകളിലും മികവ് തെളിയിച്ച എസ്. ശ്രീജിത്തിന് കേരള പോലീസിന്റെ പരമോന്നത പദവി ലഭിക്കുമെന്നാണ് വിലയിരുത്തൽ.എന്നാൽ, ഈ നേട്ടത്തിന് പിന്നിൽ അധികാരത്തിന്റെ തിളക്കമല്ല, മറിച്ച് പ്രതിസന്ധികളെയും അപവാദങ്ങളെയും അതിജീവിച്ച കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അസാധാരണമായ ഒരു ജീവിതകഥയാണുള്ളത്.

52 ശതമാനം മാർക്കിൽ നിന്ന് ഇന്ത്യൻ സിവിൽ സർവീസിലേക്ക്

കോഴിക്കോട് സ്വദേശിയായ എസ്. ശ്രീജിത്ത് ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. ഐ.പി.എസ് പശ്ചാത്തലമോ അധികാര പാരമ്പര്യമോ ഒന്നുമില്ലാതെ, സ്വന്തം പ്രയത്നത്തിലൂടെ ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ സർവീസുകളിലൊന്നിലേക്ക് ഉയർന്ന അദ്ദേഹത്തിന്റെ ജീവിതം ഇന്നും നിരവധി യുവാക്കൾക്ക് പ്രചോദനമാണ്. പഠനത്തിൽ അത്ര മികവ് പുലർത്താത്ത ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു ശ്രീജിത്ത്. പ്രീഡിഗ്രി പരീക്ഷയിൽ ലഭിച്ചത് വെറും 52 ശതമാനം മാർക്ക്. കുടുംബത്തിന്റെ നിർബന്ധപ്രകാരം ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയപ്പോൾ ലഭിച്ചത് 51 ശതമാനം മാത്രമായിരുന്നു. ചേളന്നൂർ എസ്.എൻ. കോളേജിൽ ബി.എസ്.സി. മാത്‌സിൽ ചേർന്നെങ്കിലും, അദ്ദേഹത്തിന്റെ മനസ്സ് കല, സാഹിത്യം, സംഗീതം എന്നിവയിലായിരുന്നു. കോളേജിലെ ഫൈൻ ആർട്സ് സെക്രട്ടറിയായിരുന്ന അദ്ദേഹം മികച്ചൊരു വയലിനിസ്റ്റ് കൂടിയായിരുന്നു.

ഒരു സെമിനാർ ജീവിതം മാറ്റിമറിച്ചു

കോഴിക്കോട് ടൗൺഹാളിൽ മുൻ കളക്ടറും കവിയുമായ കെ. ജയകുമാർ സംഘടിപ്പിച്ച സിവിൽ സർവീസ് സെമിനാറാണ് ശ്രീജിത്തിന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവ്. വിദ്യാർത്ഥികളെ പരിപാടിയിൽ എത്തിക്കാനുള്ള ചുമതലയുമായി എത്തിയ അദ്ദേഹം, ക്ലാസിലെ ചർച്ചകളിൽ പങ്കെടുത്തതോടെയാണ് തന്റെ കഴിവ് തിരിച്ചറിയുന്നത്. തുടർന്ന് ലക്ഷ്യബോധത്തോടെ പഠനം ആരംഭിച്ച അദ്ദേഹം ബിരുദം പൂർത്തിയാക്കി. പിന്നീട് ആകാശവാണിയിലും കസ്റ്റംസ് വകുപ്പിലും ജോലി ചെയ്ത ശേഷം, 1996-ൽ സിവിൽ സർവീസ് പരീക്ഷ വിജയിച്ച് ഐ.പി.എസ് നേടി.

സംസ്ഥാനത്ത് ആദ്യമായി ബോംബാക്രമണത്തിന് ഇരയായ ഐ.പി.എസ് ഉദ്യോഗസ്ഥൻ

1998-ൽ കുന്നംകുളം എ.എസ്.പി ആയി സർവീസ് ആരംഭിച്ച ശ്രീജിത്ത് പിന്നീട് വടകരയിലും തലശ്ശേരിയിലും സേവനമനുഷ്ഠിച്ചു. 1999 സെപ്റ്റംബർ 27-ന് തലശ്ശേരിയിൽ ഉണ്ടായ രാഷ്ട്രീയ അക്രമത്തിനിടെ ബോംബാക്രമണത്തിന് ഇരയായ അദ്ദേഹം, കേരളത്തിൽ ബോംബാക്രമണത്തിന് ഇരയാകുന്ന ആദ്യ ഐ.പി.എസ് ഓഫീസറായി ചരിത്രത്തിൽ ഇടം നേടി. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് 14 ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നു. ജീവനും കാലുകളും തിരികെ ലഭിക്കുമോയെന്ന ആശങ്കകൾക്കിടയിലും അസാമാന്യ മനക്കരുത്തോടെ അദ്ദേഹം ജീവിതത്തിലേക്കും സർവീസിലേക്കും തിരിച്ചെത്തി.തന്റെ നേരെ ബോംബെറിഞ്ഞയാൾ പിന്നീട് സ്ഫോടനത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത അറിഞ്ഞപ്പോഴും പ്രതികാര മനോഭാവം പ്രകടിപ്പിക്കാതെ, അത് കാലത്തിന്റെ കാവ്യനീതിയായി കാണുകയായിരുന്നു ശ്രീജിത്ത്.

വ്യാജ ആരോപണങ്ങളെയും പരാതി മാഫിയയെയും അതിജീവിച്ച ഉദ്യോഗസ്ഥൻ

സത്യസന്ധമായ നിലപാടുകൾ സ്വീകരിച്ചപ്പോൾ അദ്ദേഹത്തിനെതിരെ വ്യാജ പരാതികളും ആരോപണങ്ങളും ഉയർന്നു. എറണാകുളത്തും കോട്ടയത്തും സേവനമനുഷ്ഠിക്കുന്നതിനിടെ ഹൈദരാബാദിൽ പരിശീലനത്തിലായിരുന്ന സമയത്ത് പോലും വ്യാജ പീഡന ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ വസ്തുതകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച ശ്രീജിത്ത് എല്ലാ ആരോപണങ്ങളെയും നിയമപരമായി നേരിട്ടു. കേന്ദ്ര വിജിലൻസ് കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന് പൂർണ കുറ്റവിമുക്തത ലഭിച്ചു.

വിവാദ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥൻ

പാലത്തായി കേസ്, നടി ആക്രമിക്കപ്പെട്ട കേസ്, ചുംബന സമരവുമായി ബന്ധപ്പെട്ട കേസുകൾ തുടങ്ങി കേരളം ചർച്ച ചെയ്ത നിരവധി കേസുകളിൽ അന്വേഷണ ചുമതല വഹിച്ച ശ്രീജിത്ത്, നിയമവും നീതിയും മുൻനിർത്തിയ സമീപനമാണ് സ്വീകരിച്ചതെന്നാണ് സഹപ്രവർത്തകരും നിയമരംഗവും വിലയിരുത്തുന്നത്. ആദിവാസികളുടെയും സാധാരണക്കാരുടെയും പരാതികൾക്ക് പ്രത്യേക പരിഗണന നൽകുന്ന ഉദ്യോഗസ്ഥനെന്ന പേരും അദ്ദേഹത്തിനുണ്ട്.

സംഗീതവും ഭക്തിയും ജീവിതത്തിന്റെ ഭാഗം

പോലീസ് ഉദ്യോഗസ്ഥൻ എന്നതിലുപരി സംഗീതത്തെയും ആത്മീയതയെയും ജീവിതത്തിന്റെ ഭാഗമായി കണ്ട വ്യക്തിയാണ് ശ്രീജിത്ത്. മികച്ചൊരു വയലിനിസ്റ്റായ അദ്ദേഹം മൂകാംബികാ ദേവിയുടെ തീവ്രഭക്തനുമാണ്. അമ്മ സുഭദ്രാമ്മയോടുള്ള ആദരസൂചകമായാണ് സ്വന്തം പേരിനൊപ്പം ‘എസ്’ എന്ന ആദ്യാക്ഷരം ചേർത്തത്.

ശബരിമലയിൽ മലയാളികൾ മറക്കാത്ത ആ നിമിഷം

2018-ലെ ശബരിമല യുവതി പ്രവേശന വിവാദകാലത്ത് ക്രമസമാധാനം ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ശ്രീജിത്ത്. ഔദ്യോഗിക ചുമതല നിർവഹിച്ച ശേഷം, പതിനെട്ടാം പടിക്ക് മുന്നിൽ കണ്ണീരോടെ പ്രാർഥിച്ച് മല ഇറങ്ങുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഔദ്യോഗിക ഉത്തരവാദിത്വവും വ്യക്തിപരമായ വിശ്വാസവും തമ്മിലുള്ള അതിരുകൾ മാനിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ ആ സംഭവം ഇന്നും പലരും ഓർക്കുന്നു.

വിവാദങ്ങൾക്കപ്പുറം മുന്നേറിയ ജീവിതം

അടുത്തിടെ സിവിൽ സർവീസ് പരിശീലനാർഥികൾക്ക് നൽകിയ ക്ലാസിലെ ചില പരാമർശങ്ങൾ വളച്ചൊടിച്ച് അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയർന്നെങ്കിലും, വിശദീകരണങ്ങളിലൂടെ അദ്ദേഹം ആ വിവാദങ്ങളെയും അതിജീവിച്ചു.

യുവാക്കൾക്ക് പ്രതീക്ഷയുടെ സന്ദേശം

പ്രീഡിഗ്രിയിൽ വെറും 52 ശതമാനം മാർക്കിൽ നിന്ന് ഇന്ത്യയുടെ അഭിമാനകരമായ ഐ.പി.എസ് സർവീസിലേക്കും, അവിടെ നിന്ന് കേരള പോലീസിന്റെ പരമോന്നത പദവിയിലേക്കുമുള്ള എസ്. ശ്രീജിത്തിന്റെ യാത്ര, പരാജയങ്ങൾ അവസാനമല്ലെന്നും കഠിനാധ്വാനവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഏത് സ്വപ്നവും യാഥാർഥ്യമാക്കാമെന്നുമുള്ള ശക്തമായ സന്ദേശമാണ് നൽകുന്നത്.

അധികാരത്തിന്റെ ഉയരങ്ങളിലേക്കുയർന്നിട്ടും ലാളിത്യവും ആത്മാർത്ഥതയും കൈവിടാത്ത ഉദ്യോഗസ്ഥനെന്ന വിശേഷണത്തോടെ, കേരള പോലീസിന്റെ പുതിയ അധ്യായത്തിന് നേതൃത്വം നൽകാൻ ഒരുങ്ങുകയാണ് എസ്. ശ്രീജിത്ത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts