കർക്കിടക വാവ് ബലിതർപ്പണ ദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂരിൽ പിതൃസ്മൃതി സദസ്; ആഗസ്റ്റ് 12-ന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പുരസ്‌കാരങ്ങൾ സമ്മാനിക്കും
ഗുരുവായൂർ: കർക്കിടക വാവ് ബലിതർപ്പണ ദിനത്തോടനുബന്ധിച്ച് പിതൃസ്മരണയുടെയും മാതൃസ്മരണയുടെയും ആത്മീയവും സാംസ്‌കാരികവുമായ മഹത്വം ഉയർത്തിപ്പിടിക്കുന്നതിനായി ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ ക്ഷേത്രായുർ ട്രസ്റ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പിതൃസ്മൃതി സദസ്സിൽ ഈ വർഷത്തെ പിതൃസ്‌മൃതി പുരസ്‌കാരം പ്രശസ്ത കഥകളി ആചാര്യനും കലാകേരളത്തിന്റെ അഭിമാനവുമായ ഡോ. കലാമണ്ഡലം ഗോപി ആശാന് സമ്മാനിക്കും. ₹10,001-വും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ സ്ഥാപക സാരഥികളിൽ പ്രമുഖനും, ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിന്റെ സമഗ്ര വികസനത്തിനായി ദീർഘകാലം നേതൃത്വം നൽകിയ ആത്മീയ-സാമൂഹിക പ്രവർത്തകനുമായ പരേതനായ തെക്കുമുറി മാധവൻ നായരുടെ സ്മരണാർത്ഥമാണ് ഈ പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം, പരേതയായ കണ്ടിയൂർ സുശീലമ്മ (ബേബി) യുടെ സ്മരണാർത്ഥം നൽകുന്ന മാതൃസ്‌മൃതി പുരസ്‌കാരത്തിന് മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ പരേതനായ എം. ടി. വാസുദേവൻ നായരുടെ സഹധർമിണിയും, ജീവിതം നൃത്തകലയ്ക്ക് സമർപ്പിച്ച സമകാലിക നൃത്തരംഗത്തെ പ്രഗത്ഭ ഗുരുവുമായ കലാമണ്ഡലം സരസ്വതി ടീച്ചറെ തെരഞ്ഞെടുത്തതായി സംഘാടകർ അറിയിച്ചു. ഈ പുരസ്‌കാരവും ₹10,001-വും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ്.
ആത്മീയ, സാമൂഹിക, സാംസ്‌കാരിക, കലാരംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ കർക്കിടക വാവ് ബലിതർപ്പണ ദിനത്തിൽ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഈ പുരസ്‌കാരപരമ്പര വർഷങ്ങളായി ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയും ക്ഷേത്രായുർ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ചുവരികയാണ്. പിതൃസ്മരണയും മാതൃസ്മരണയും ജീവിത മൂല്യങ്ങളുമായി ബന്ധിപ്പിച്ച് സമൂഹത്തിന് മാതൃകയാകുന്ന വ്യക്തികളെ ആദരിക്കുന്ന ചടങ്ങായി ഈ സദസ് ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.
2026 ആഗസ്റ്റ് 12-ന് ഗുരുവായൂരിലെ രുക്മിണി റീജൻസിയിൽ നടക്കുന്ന പിതൃസ്മൃതി സദസ്സിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പുരസ്‌കാരങ്ങൾ സമ്മാനിക്കും. ആത്മീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: ബാലൻ വാറണാട്ട് : മൊബൈൽ: 9846938088
