സൈബർ കുറ്റകൃത്യങ്ങളും പോക്സോ നിയമവും: വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശങ്ങളുമായി ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി
പാവറട്ടി: ഓൺലൈൻ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ നിയമബോധവും ഡിജിറ്റൽ സുരക്ഷാ അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ തൃശൂർ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പാവറട്ടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
സമൂഹം ഇന്ന് നേരിടുന്ന സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, സോഷ്യൽ മീഡിയയുടെ സുരക്ഷിത ഉപയോഗം, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്ന പോക്സോ നിയമത്തിന്റെ പ്രധാന വ്യവസ്ഥകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദമായ മാർഗനിർദ്ദേശം സെമിനാറിൽ നൽകി.
സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ. എസ്. സിന്ധു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാനൽ അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളി മുഖ്യപ്രഭാഷണം നടത്തി. ഡിജിറ്റൽ ലോകത്ത് വിദ്യാർത്ഥികൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയാനുള്ള മാർഗങ്ങൾ, നിയമപരമായ അവകാശങ്ങൾ എന്നിവ അദ്ദേഹം വിശദീകരിച്ചു.
തുടർന്ന് അഡ്വ. നന്ദന സുനിൽ കുമാർ, അഡ്വ. ഡിക്സൺ ഡൊമിനിക് വടക്കൻ എന്നിവർ സൈബർ നിയമങ്ങൾ, പോക്സോ നിയമം, വിദ്യാർത്ഥികൾക്ക് നേരിടേണ്ടിവരുന്ന വിവിധ നിയമപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസുകൾ നയിച്ചു.പാരാലീഗൽ വൊളണ്ടിയർ റീന എൻ. പി. ലീഗൽ സർവീസ് അതോറിറ്റിയിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സൗജന്യ നിയമസഹായ പദ്ധതികൾ, നിയമോപദേശം, പരാതികൾ സമർപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിഷ വിൻസന്റ്, സൗഹൃദ ക്ലബ് കോ-ഓർഡിനേറ്റർ റോബിൻസ് പി. ജെ. എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകിയ സംവാദവും പരിപാടിയുടെ ഭാഗമായി നടന്നു. സൈബർ സുരക്ഷ, നിയമബോധം, കുട്ടികളുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് വിദ്യാർത്ഥികളിലേക്ക് ഫലപ്രദമായി എത്തിച്ച ഈ ബോധവത്കരണ സെമിനാർ ശ്രദ്ധേയമായി.
