the digital signature of the temple city

ഗുരുവായൂരപ്പന്റെ കൊമ്പന്മാർക്ക് ഇനി സുഖചികിത്സാ കാലം; പുന്നത്തൂർ ആനത്താവളത്തിൽ വാർഷിക ആരോഗ്യ പരിപാലനത്തിന് തുടക്കം

ഒരു മാസത്തെ സുഖചികിത്സയ്ക്ക് തുടക്കമായി; ഔഷധ ചോറുരുള നൽകി ഉദ്ഘാടനം നിർവഹിച്ച് റവന്യൂ (ദേവസ്വം) സെക്രട്ടറി എം.ജി. രാജമാണിക്കം ഐ.എ.എസ്., ജൂലൈ 30 വരെ ചികിത്സ തുടരും

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ പുന്നത്തൂർ ആനത്താവളത്തിലെ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായി സംഘടിപ്പിക്കുന്ന ഒരു മാസത്തെ വാർഷിക സുഖചികിത്സയ്ക്ക് തുടക്കമായി. റവന്യൂ (ദേവസ്വം) സെക്രട്ടറി എം.ജി. രാജമാണിക്കം ഐ.എ.എസ്. ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം കൊമ്പൻ ജൂനിയർ വിഷ്ണുവിന് ഔഷധ ചോറുരുള നൽകി ചടങ്ങിന് അദ്ദേഹം തുടക്കം കുറിച്ചു.

ഉദ്ഘാടന പ്രസംഗത്തിൽ, ഗുരുവായൂർ ദേവസ്വം ആനകൾക്കായി വർഷങ്ങളായി നടപ്പാക്കി വരുന്ന സുഖചികിത്സാ പദ്ധതി ലോകത്തിനാകെ മാതൃകയാണെന്ന് എം.ജി. രാജമാണിക്കം അഭിപ്രായപ്പെട്ടു. ചികിത്സയിലൂടെ ആനകളുടെ ആരോഗ്യവും കരുത്തും പ്രതിരോധശേഷിയും വർധിപ്പിക്കാൻ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ദേവസ്വം കൊമ്പന്മാരായ വിനായകൻ, ഗോപീകൃഷ്ണൻ എന്നിവരുൾപ്പെടെയുള്ള മറ്റ് ആനകൾക്കും ഔഷധ ചോറുരുളകൾ വിതരണം ചെയ്തു.

ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി. നായർ, എം.യു. ഷിനിജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി.ബി. ഗിരിദാസ്, ഡോ. എം.എൻ. ദേവൻ നമ്പൂതിരി, ഡോ. കെ. വിവേക്, ഡോ. യു. ഗിരീഷ്, ഡോ. ശബരീനാഥ് വി., നാകേരി വാസുദേവൻ നമ്പൂതിരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പുന്നത്തൂർ ആനത്താവളത്തിലുള്ള ആകെ 35 ആനകളിൽ മദപ്പാടിലുള്ളതും ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പ് ചുമതല നിർവഹിക്കുന്നതുമായ ആനകളെ ഒഴിവാക്കി 17 ആനകളാണ് സുഖചികിത്സയുടെ ഉദ്ഘാടന ചടങ്ങിൽ അണിനിരന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന സുഖചികിത്സാ കാലയളവിൽ ആനകൾക്ക് പ്രത്യേക ഔഷധചികിത്സ, പോഷകസമൃദ്ധമായ ഭക്ഷണക്രമം, ആയുർവേദ മരുന്നുകൾ, വിശ്രമം, ആരോഗ്യപരിശോധന എന്നിവ വിദഗ്ധരുടെ മേൽനോട്ടത്തിൽ ലഭ്യമാക്കും. ആനകളുടെ ദഹനശേഷി, ശരീരബലം, രോഗപ്രതിരോധശേഷി എന്നിവ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വർഷംതോറും ഈ ചികിത്സ സംഘടിപ്പിക്കുന്നത്.

ജൂലൈ 30 വരെ സുഖചികിത്സ തുടരുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ ഈ വാർഷിക സുഖചികിത്സ രാജ്യത്തിനകത്തും പുറത്തും ആനപരിപാലന രംഗത്ത് മാതൃകാപരമായ പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts