the digital signature of the temple city

തൃശൂരിന്റെ പ്രിയ നേതാവിന് വിട; മണലൂർ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവും ആയ പി. എ. മാധവൻ അന്തരിച്ചു

പതിറ്റാണ്ടിലേറെ പൊതുപ്രവർത്തനത്തിന് വിരാമം; അപകടത്തെ തുടർന്നുള്ള ചികിത്സയ്ക്കിടെ അന്ത്യം: കോൺഗ്രസ് സംഘടനാ രംഗത്തെ നിറസാന്നിധ്യത്തിന്റെ വിയോഗത്തിൽ അനുശോചന പ്രവാഹം.

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മണലൂർ മുൻ എംഎൽഎയുമായ പി. എ. മാധവൻ (74) അന്തരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. എറണാകുളം റെനൈ മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിനും തൃശൂർ ജില്ലയിലെ പൊതുരംഗത്തിനും വലിയ നഷ്ടമായിരിക്കുകയാണ്.

രാവിലെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ജന്മനാടായ തൃശൂരിലേക്ക് കൊണ്ടുവരും. ആദ്യം തൃശൂർ ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം തുടർന്ന് മുണ്ടൂരിലെ വസതിയിലേക്ക് എത്തിക്കും. സംസ്കാര ചടങ്ങുകളൾ വ്യാഴാഴ്ച്ച (02-07-26 ) 2 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ

2011 മുതൽ 2016 വരെ മണലൂർ നിയോജക മണ്ഡലത്തിന്റെ എംഎൽഎയായി പ്രവർത്തിച്ച പി. എ. മാധവൻ ജനകീയ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, തൃശൂർ ഡിസിസി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ സുപ്രധാന ചുമതലകൾ വഹിച്ച അദ്ദേഹം നിലവിൽ കെപിസിസി നിർവാഹക സമിതി അംഗം ആയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മുണ്ടൂരിലെ വീടിന് സമീപം നടന്ന വാഹനാപകടത്തിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ കടന്നുപോയതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് വാഹനം പൊലീസ് കണ്ടെത്തുകയും തൃത്താല സ്വദേശിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉണ്ടായ ഈ അപകടത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ഇപ്പോഴും തുടരുകയാണ്.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവർത്തന ജീവിതത്തിൽ കോൺഗ്രസ് സംഘടനയുടെ വിവിധ തലങ്ങളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. 1968-ൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായാണ് സംഘടനാ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ജില്ലാ സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2005 മുതൽ 2012 വരെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (AICC) അംഗം, 2016–2017 കാലഘട്ടത്തിൽ തൃശൂർ ഡിസിസി പ്രസിഡന്റ്, 2006–2011 കാലയളവിൽ ഡിസിസി വൈസ് പ്രസിഡന്റ്, 1980 മുതൽ 2006 വരെ ഡിസിസി ജനറൽ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു.

അതോടൊപ്പം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, യുഡിഎഫ് ജില്ലാ ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. സഹകരണ-വ്യവസായ മേഖലയിലും സാന്നിധ്യം അറിയിച്ച അദ്ദേഹം സീതാറാം സ്പിന്നിങ് ആൻഡ് വീവിങ് മിൽസ് ഡയറക്ടർ, മാള കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മിൽസ് ചെയർമാൻ, മത്സ്യവിൽപ്പന തൊഴിലാളി സഹകരണ സംഘം തൃശൂർ ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു.

തൊഴിലാളി സംഘടനാ രംഗത്തും അദ്ദേഹം ശക്തമായ ഇടപെടൽ നടത്തി. നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ ഷോറൂം എംപ്ലോയീസ് യൂണിയൻ (കേരളം), കേരള ലക്ഷ്മി മിൽസ് പുല്ലഴി എംപ്ലോയീസ് യൂണിയൻ, റെയിൽവേ ഗുഡ്സ് ഷെഡ് വർക്കേഴ്സ് യൂണിയൻ, തൃശൂർ മുനിസിപ്പൽ കോർപറേഷൻ ഇലക്ട്രിസിറ്റി എംപ്ലോയീസ് യൂണിയൻ, തൃശൂർ കെഎസ്ഇബി തൊഴിലാളി യൂണിയൻ, ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ എന്നിവയുടെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചുവരികയായിരുന്നു.

സംഘടനാ മികവും ജനകീയ ഇടപെടലുകളും കൊണ്ട് കോൺഗ്രസ് പ്രസ്ഥാനത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവിന്റെ വിയോഗത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.ഭാര്യ: സാവിത്രി.മക്കൾ: സമോദ്, സമീർ.മരുമക്കൾ: ഹർഷ, ഐശ്വര്യ ലക്ഷ്മി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts