the digital signature of the temple city

ജനസേവനത്തിന്റെ ജ്വലിക്കുന്ന ഓർമ്മയായി വീട്ടിക്കിഴി ഗോപാലകൃഷ്ണൻ; അനുസ്മരണ സമ്മേളനം ശ്രദ്ധേയമായി

വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു; മാധ്യമ, പൊതുപ്രവർത്തന, സഹകരണ പുരസ്‌കാര വിതരണവും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ചികിത്സാ സഹായ വിതരണവും : വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ച് സ്മാരക ട്രസ്റ്റിന്റെ വിപുലമായ പരിപാടികൾ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ പ്രഥമ വൈസ് ചെയർമാനും രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന അന്തരിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ 22-ാം ചരമവാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും സമൂഹസേവന രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി.

ട്രസ്റ്റ് പ്രസിഡന്റ് ആർ. രവികുമാർ അധ്യക്ഷനായ ചടങ്ങ് അഡ്വ. വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തോടുള്ള പ്രതിബദ്ധതയും ജനസേവനത്തോടുള്ള സമർപ്പണവുമാണ് വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ ജീവിതത്തെ ശ്രദ്ധേയമാക്കിയതെന്നും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ ട്രസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും വി.ടി. ബൽറാം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ മാധ്യമ പുരസ്‌കാരം ദീപിക – രാഷ്ട്രദീപിക ചാവക്കാട് ലേഖകൻ കെ.ടി. വിൻസെന്റിന് സമ്മാനിച്ചു. പാലിയത്ത് ചിന്നപ്പൻ സ്മാരക പൊതുപ്രവർത്തക പുരസ്‌കാരം പി.ഐ. സൈമൺ മാസ്റ്റർ ഏറ്റുവാങ്ങി. എ.പി. മുഹമ്മദുണ്ണി സ്മാരക സഹകാരി പുരസ്‌കാരം എറിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്. മുജീബ് റഹ്‌മാന് സമ്മാനിച്ചു.

മുൻ ഗുരുവായൂർ ദേവസ്വം ചെയർമാനും മുൻ എം.എൽ.എയുമായ ടി.വി. ചന്ദ്രമോഹൻ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, എം.ജി. സർവകലാശാല ബി.കോം ലോജിസ്റ്റിക്സ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ ശ്രേയ എം., സി.എ പരീക്ഷയിൽ ഉന്നത വിജയം നേടിയ കെ.എസ്. അരുൺ എന്നിവരെയും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് ചികിത്സാ സഹായ വിതരണം നിർവഹിച്ചു. സമൂഹത്തിലെ അർഹരായവർക്ക് കൈത്താങ്ങാകുന്ന ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി.ടി. ബൽറാമിനെ ട്രസ്റ്റിന്റെ ആദരസൂചകമായി വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ പേരക്കുട്ടിയായ ഗൗതം കൃഷ്ണ ഉപഹാരം നൽകി അനുമോദിച്ചു.

ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ. ഗോപ പ്രതാപൻ, അർബൻ ബാങ്ക് ചെയർമാൻ എ.ടി. സ്റ്റീഫൻ, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം.കെ. നബീൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എസ്. സൂരജ്, ആക്ട്സ് ഗുരുവായൂർ പ്രസിഡന്റ് കെ.പി.എ. റഷീദ്, പ്രസ്സ് ക്ലബ് പ്രസിഡന്റ് ആർ. ജയകുമാർ, പ്രസ്സ് ഫോറം പ്രസിഡന്റ് ലിജിത്ത് തരകൻ, ശശി വാറനാട്, നിഖിൽ ജി. കൃഷ്ണൻ, പി.വി. ഗോപാലകൃഷ്ണൻ, എൻ. ഇസ്മായിൽ, ബാലൻ വാറനാട്ട്, ശിവൻ പാലിയത്ത് എന്നിവർ സംസാരിച്ചു.

സാമൂഹിക പ്രതിബദ്ധതയും മാധ്യമപ്രവർത്തന മികവും പൊതുസേവനത്തിന്റെ മൂല്യങ്ങളും ഒരുമിച്ച് ഉയർത്തിക്കാട്ടിയ ഈ അനുസ്മരണ സമ്മേളനം ശ്രദ്ധേയമായ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts