വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യുന്ന അനുസ്മരണ സമ്മേളനത്തിൽ കെ.ടി. വിൻസെന്റ്, പി.ഐ. സൈമൺ മാസ്റ്റർ, പി.എസ്. മുജീബ് റഹ്മാൻ എന്നിവർക്ക് പുരസ്‌കാരങ്ങൾ: വിദ്യാർത്ഥി പ്രതിഭകൾക്കും അംഗീകാരം
ഗുരുവായൂർ: ഗുരുവായൂരിന്റെ പ്രഥമ നഗരസഭാ വൈസ് ചെയർമാനും സാമൂഹ്യ, സാംസ്കാരിക, പത്രപ്രവർത്തന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ ഇരുപത്തിരണ്ടാം ചരമവാർഷിക ദിനാചരണവും വിവിധ പുരസ്‌കാര വിതരണവും ജൂൺ 27-ന് വൈകിട്ട് 4.30-ന് ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടക്കും.
വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മാധ്യമ, സാമൂഹ്യ, സഹകരണ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കും. ട്രസ്റ്റിന്റെ പേരിൽ വർഷംതോറും നൽകിവരുന്ന പ്രാദേശിക മാധ്യമ പുരസ്‌കാരത്തിന് ഇത്തവണ അർഹനായിരിക്കുന്നത് ദീപിക–രാഷ്ട്രദീപിക ചാവക്കാട് ലേഖകൻ കെ.ടി. വിൻസെന്റാണ്.
ട്രസ്റ്റിന്റെ മുൻ പ്രസിഡന്റും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖ നേതാവുമായിരുന്ന പാലിയത്ത് ചിന്നപ്പന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം ഗുരുവായൂരിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തനരംഗത്തെ സജീവ സാന്നിധ്യമായ പി.ഐ. സൈമൺ മാസ്റ്റർക്ക് സമ്മാനിക്കും.
ട്രസ്റ്റ് അംഗവും കൊച്ചിൻ സഹകരണ കാർഷിക വികസന ബാങ്കിന്റെ മുൻ വൈസ് പ്രസിഡന്റും ചാവക്കാട് സഹകരണ പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കിന്റെ മുൻ പ്രസിഡന്റുമായിരുന്ന എ.പി. മുഹമ്മദുണ്ണിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സഹകാരി പുരസ്‌കാരത്തിന് എറിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്. മുജീബ് റഹ്മാൻ അർഹനായി.
അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭാ പരിധിയിലെ വിവിധ വാർഡുകളിൽ നിന്നുള്ള എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. വിദ്യാർത്ഥികളുടെ അക്കാദമിക മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ആദരവ് ഒരുക്കിയിരിക്കുന്നത്.
തൃത്താല എം.എൽ.എ അഡ്വ. വി.ടി. ബൽറാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും വിവിധ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി. ചന്ദ്രമോഹൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുകയും വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് ചികിത്സാ സഹായ വിതരണം നിർവഹിക്കും. ഡി.സി.സി സെക്രട്ടറി അഡ്വ. ടി.എസ്. അജിത്, ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ. ഗോപ പ്രതാപൻ, അർബൻ ബാങ്ക് പ്രസിഡന്റ് എ.ടി. സ്റ്റീഫൻ മാസ്റ്റർ, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എസ്. സൂരജ്, ആക്ടസ് ഗുരുവായൂർ പ്രസിഡന്റ് കെ.പി. റഷീദ്, പ്രസ്സ് ക്ലബ് പ്രസിഡന്റ് ആർ. ജയകുമാർ, പ്രസ്സ് ഫോറം പ്രസിഡന്റ് ലിജിത്ത് തരകൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തും.
സാമൂഹ്യ പ്രതിബദ്ധതയും പൊതുസേവന പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന ചടങ്ങായി മാറുന്ന ഈ അനുസ്മരണ സമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
