the digital signature of the temple city

മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്പൂർണ പ്രൊഫഷണലിസം; രാവിലെ 8 മുതൽ പ്രവർത്തനം, വൈകിട്ട് 3 മണിവരെ പൊതുജനങ്ങൾക്ക് പ്രത്യേക സമയം

ഫയൽ തീർപ്പാക്കലും ജനസമ്പർക്കവും കാര്യക്ഷമമാക്കാൻ പുതിയ പ്രവർത്തനരീതി; എല്ലാ വകുപ്പുകളുടെയും പുരോഗതി നിരീക്ഷിക്കാൻ ഡിജിറ്റൽ ഡാഷ്‌ബോർഡ്

തിരുവനന്തപുരം: സംസ്ഥാന ഭരണസംവിധാനത്തിൽ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്പൂർണ പ്രൊഫഷണൽ പ്രവർത്തനരീതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. പരമ്പരാഗത ഓഫീസ് സംവിധാനങ്ങളിൽനിന്ന് വ്യത്യസ്തമായി, സമയബന്ധിതമായ ഫയൽ തീർപ്പാക്കലിനും പൊതുജനങ്ങളുമായുള്ള നേരിട്ടുള്ള ഇടപെടലിനും മുൻഗണന നൽകുന്ന പുതിയ മാതൃകയാണ് രൂപപ്പെടുത്തുന്നത്.

മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചതനുസരിച്ച്, തലസ്ഥാനത്തുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മണിക്ക് തന്നെ മുഖ്യമന്ത്രി ഓഫീസിലെത്തും. ഉച്ചയ്ക്ക് ഒന്നരവരെ ഔദ്യോഗിക കാര്യങ്ങളിലും ഫയൽ പരിശോധനകളിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് മണിവരെ പൊതുജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും മുഖ്യമന്ത്രിയെ നേരിൽ കാണാനുള്ള സൗകര്യം ഒരുക്കും. അതിനുശേഷം അതത് ദിവസത്തെ ഫയലുകൾ തീർപ്പാക്കിയ ശേഷമായിരിക്കും ഓഫീസ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക.

സർക്കാർ ഓഫീസുകളിലെ ഫയൽ നീക്കം വേഗത്തിലാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലഭിക്കുന്ന ഫയലുകളിൽ ഏകദേശം 85 മുതൽ 90 ശതമാനം വരെ ഉടൻ തീർപ്പാക്കാനാകുമെന്നും, കൂടുതൽ പഠനമോ വിശദീകരണമോ ആവശ്യമായ 10 മുതൽ 15 ശതമാനം ഫയലുകൾ പ്രത്യേക പരിശോധനയ്ക്കായി മാറ്റിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതൽ സാങ്കേതികവിദ്യാ സൗഹൃദവും വിദഗ്ധ സേവനങ്ങൾ ലഭ്യമാകുന്ന കേന്ദ്രവുമാക്കി മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വിവിധ മേഖലകളിലെ വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും സേവനം മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉറപ്പാക്കും. സംസ്ഥാനത്തെ എല്ലാ പ്രധാന വികസന പദ്ധതികളുടെയും പുരോഗതി തത്സമയം വിലയിരുത്താൻ പ്രത്യേക ഡിജിറ്റൽ ഡാഷ്‌ബോർഡ് സജ്ജമാക്കും. വിവിധ വകുപ്പുകളെ മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന സംവിധാനവും ഒരുക്കും.

വകുപ്പ് സെക്രട്ടറിമാർക്കും സ്പെഷ്യൽ സെക്രട്ടറിമാർക്കും മുഖ്യമന്ത്രിയെ ദിവസേന രാവിലെ 10 മുതൽ 11 മണിവരെ കാണാനുള്ള പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്. ഇതിനായി തലേദിവസം തന്നെ അപ്പോയിന്റ്മെന്റ് എടുക്കേണ്ടതായിരിക്കും.

സെക്രട്ടേറിയറ്റിലും നിയമസഭയിലും പൊതുജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും വർധിച്ചുവരുന്ന തിരക്ക് ഭരണനിർവഹണത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിൽ ഉണ്ടാകുന്ന അമിത തിരക്ക് പലപ്പോഴും ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുവെന്നാണ് വിലയിരുത്തൽ. സർക്കാർ അധികാരമേറ്റ ആദ്യഘട്ടത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരുന്നതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമായതെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഈ സാഹചര്യത്തിന് പരിഹാരമായി പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റിൽ പ്രവേശനം ഉച്ചയ്ക്ക് മൂന്ന് മുതൽ അഞ്ച് മണിവരെ ക്രമീകരിക്കുന്നതിനുള്ള നിർദ്ദേശം പരിഗണനയിലാണ്. ഇതുസംബന്ധിച്ച അന്തിമ തീരുമാനവും ക്രമീകരണങ്ങളും മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തശേഷം നടപ്പാക്കും.

സംസ്ഥാന ഭരണത്തിൽ കൂടുതൽ ഉത്തരവാദിത്തവും കാര്യക്ഷമതയും ഉറപ്പാക്കുന്ന പുതിയ പ്രവർത്തനരീതി സർക്കാർ സംവിധാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts