ഫുട്ബോൾ പ്രേമികളുടെ വികാരങ്ങൾക്ക് വില നൽകി ഇന്ദിരാഗാന്ധി ടൗൺഹാളിൽ ലോകകപ്പ് മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കണമെന്ന് ഒ.കെ.ആർ. മണികണ്ഠൻ
ഗുരുവായൂർ: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഗുരുവായൂരിലും വലിയ ജനപങ്കാളിത്തത്തോടെ ആസ്വദിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ടൗൺഹാളിൽ ബിഗ് സ്ക്രീൻ സ്ഥാപിച്ച് ലോകകപ്പ് മത്സരങ്ങളുടെ തത്സമയ പ്രദർശനം നടത്തണമെന്ന് ഡി.സി.സി. എക്സിക്യൂട്ടീവ് മെമ്പർ ഒ.കെ.ആർ. മണികണ്ഠൻ ആവശ്യപ്പെട്ടു.
ഫുട്ബോൾ പ്രേമികളുടെ ഏറ്റവും വലിയ ആഘോഷമായ ലോകകപ്പ് മത്സരങ്ങൾ ഒരുമിച്ച് കണ്ട് ആസ്വദിക്കാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ കാരണങ്ങളാൽ വീടുകളിൽ മത്സരം കാണാൻ സാധിക്കാത്ത നിരവധി കായികപ്രേമികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും ടൗൺഹാളിലെ ബിഗ് സ്ക്രീൻ പ്രദർശനം വലിയ അനുഭവമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകകപ്പ് പ്രദർശനവുമായി ബന്ധപ്പെട്ട് വിവിധ യുവജന കൂട്ടായ്മകളെയും യുവജന സംഘടനകളെയും കായിക ക്ലബ്ബുകളെയും ഉൾപ്പെടുത്തി നഗരസഭയുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചുചേർത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുവായൂരിന്റെ കായിക സംസ്കാരത്തിനും യുവജന പങ്കാളിത്തത്തിനും ഇത് കൂടുതൽ ഊർജം പകരുന്ന പദ്ധതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കായിക രംഗത്ത് വലിയ താൽപര്യമുള്ള ഗുരുവായൂരിലെ ആയിരക്കണക്കിന് ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ കൂട്ടായ്മയുടെ അന്തരീക്ഷത്തിൽ ആസ്വദിക്കാനുള്ള അവസരം നിഷേധിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നഗരസഭാ ഭരണസമിതി ജനങ്ങളുടെ വികാരങ്ങൾക്കും കായികപ്രേമികളുടെ ആവശ്യങ്ങൾക്കും പ്രാധാന്യം നൽകി മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരസഭാ ചെയർപേഴ്സൺ ധൈര്യപൂർവ്വമായ നിലപാട് സ്വീകരിച്ച് എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന രീതിയിൽ ഇന്ദിരാഗാന്ധി ടൗൺഹാളിൽ ലോകകപ്പ് മത്സരങ്ങളുടെ ബിഗ് സ്ക്രീൻ പ്രദർശനം ഭംഗിയായി സംഘടിപ്പിക്കണമെന്നും ഒ.കെ.ആർ. മണികണ്ഠൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
