ചരിത്രവും പാരമ്പര്യവും ഹൃദയത്തിൽ സൂക്ഷിച്ച മാധ്യമപ്രവർത്തകന്റെ മൂന്നാം ചരമവാർഷികത്തിൽ പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ ശ്രദ്ധേയ അനുസ്മരണ സമ്മേളനം
ഗുരുവായൂർ: ഗുരുവായൂരിന്റെ ചരിത്രവും പാരമ്പര്യവും സാമൂഹിക-ആധ്യാത്മിക ജീവിതവും ഒരുപോലെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന മാധ്യമ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായിരുന്ന ആലക്കൽ എ. വേണുഗോപാലിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ശ്രദ്ധേയമായ സ്മരണാഞ്ജലി സമ്മേളനം സംഘടിപ്പിച്ചു.
കൂട്ടായ്മയുടെ സ്ഥാപക സാരഥിയായും ഗുരുപവനപുരിയുടെ ജീവിക്കുന്ന നിഘണ്ടുവായും വിശേഷിപ്പിക്കപ്പെട്ടിരുന്ന വേണുഗോപാലിന്റെ ഓർമ്മകൾ നിറഞ്ഞ അനുസ്മരണ ചടങ്ങ് ഗുരുവായൂരിലെ രുഗ്മണി റീജൻസിയിൽ നടന്നു. വേണുഗോപാലിന്റെ അലങ്കരിച്ച ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് പ്രാർത്ഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
സമ്മേളനം ഗുരുവായൂർ ക്ഷേത്രം മുൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ആർ. നാരായണൻ ഉദ്ഘാടനം ചെയ്തു. ആലക്കൽ വേണുഗോപാൽ ഗുരുവായൂരിന്റെ സാംസ്കാരിക-ആധ്യാത്മിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ ഓർമ്മകൾ വരുംതലമുറകൾക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടായ്മ പ്രസിഡന്റ് കെ.ടി. ശിവരാമൻ നായർ അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഗുരുവായൂരിന്റെ ചരിത്രവും ക്ഷേത്ര പാരമ്പര്യവും സാമൂഹിക ജീവിതവും സംബന്ധിച്ച അപൂർവ അറിവുകളുടെ കലവറയായിരുന്നു വേണുഗോപാലെന്നും, അദ്ദേഹത്തിന്റെ സേവനങ്ങൾ നഗരത്തിന്റെ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെക്രട്ടറി അനിൽ കല്ലാറ്റ് സ്വാഗതം ആശംസിച്ചു. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. ശ്രീധരൻ മാമ്പുഴ, ജയറാം ആലക്കൽ, ശശി കേനാടത്ത്, വി. ബാലകൃഷ്ണൻ നായർ, എം. ശ്രീനാരായണൻ, മുരളി മുള്ളത്ത് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ചടങ്ങിന് ശശികുമാർ കൊടമന, രവീന്ദ്രൻ വട്ടരങ്ങത്ത്, നിർമ്മല നായകത്ത്, സരള മുള്ളത്ത്, അഡ്വ. സരസ്വതി, ഗീത ഹരി, കാർത്തിക കോമത്ത്, എം. ഹരിദാസ്, കെ. സുകുമാരൻ, ശിവകുമാർ മാണിക്കത്ത്, ഉഷ ശശികുമാർ, സി. രാധാമണി, പ്രസന്ന ബാബു, സുമതി കെ., എ. തങ്കമണി, വനജ വിജയൻ, ജയശ്രീ രവികുമാർ, മല്ലിക മേനോൻ, അംബിക പുല്ലാട്ട് എന്നിവർ നേതൃത്വം നൽകി.
ഗുരുവായൂരിന്റെ പൈതൃകവും ചരിത്രവും ജനമനസ്സുകളിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആലക്കൽ വേണുഗോപാലിന്റെ ജീവിതവും പ്രവർത്തനങ്ങളും അനുസ്മരിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്. അദ്ദേഹത്തിന്റെ സേവനങ്ങളും വ്യക്തിത്വവും സമൂഹത്തിന് നൽകിയ സംഭാവനകളും ചടങ്ങിൽ പങ്കെടുത്തവർ ആദരപൂർവ്വം അനുസ്മരിച്ചു.
