ഗുരുവായൂർ: ശ്രീഗുരുവായൂരപ്പ ദർശനത്തിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗുരുവായൂരിലെത്തി. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം, ശ്രീകോവിലിൽ ദർശനം നടത്തി. തുടർന്ന് ഭഗവാന് വെണ്ണകൊണ്ടുള്ള തുലാഭാര വഴിപാടും അദ്ദേഹം സമർപ്പിച്ചു.
ദേവസ്വം ചെയർമാൻ അനിത അരവിന്ദ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ വി ഡി സതീശനെ സ്വീകരിച്ചു. ദേവസ്വം ഭരണസമിതിയുടെ ആദരമായി ചെയർമാൻ അദ്ദേഹത്തിന് പൊന്നാടയണിയിച്ചു. പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം ഗുരുവായൂരിലെത്തുന്നത്. ശ്രീഗുരുവായൂരപ്പന്റെ സന്നിധിയിൽ ദർശനം നടത്തിയതിൽ തനിക്ക് വലിയ ആത്മനിർവൃതിയും സന്തോഷവുമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
71 കിലോഗ്രാം വെണ്ണ ഉപയോഗിച്ചായിരുന്നു തുലാഭാര വഴിപാട് നടത്തിയത്. മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്രദർശനം പതിവാക്കിയ ഭക്തനാണ് വി ഡി സതീശൻ. ദർശനത്തിന് ശേഷം റവന്യൂ മന്ത്രി കെ രാജന്റെ മകന്റെ വിവാഹച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.
