ഗുരുവായൂർ: ഗുരുവായൂർ ജി.യു.പി സ്‌കൂളിലെ പുതിയ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി എടുത്തിട്ടുള്ള കുഴികളും പരിസരവും നിലവിൽ അതീവ അപകടാവസ്ഥയിലാണ്. സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ, നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതുവരെ സ്ഥലത്ത് കുട്ടികളെ നിയന്ത്രിക്കാനും അപകടങ്ങൾ ഒഴിവാക്കാനും ഗുരുവായൂർ നഗരസഭയും സ്‌കൂൾ അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് ജവഹർ ബാൽ മഞ്ച് സംസ്ഥാന കോർഡിനേറ്റർ വി.കെ. സുജിത്ത് ആവശ്യപ്പെട്ടു.
നിർമ്മാണ മേഖലയിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കണമെന്നും, സ്ഥലത്തിന്റെ സുരക്ഷ ഉറപ്പാക്കി രക്ഷിതാക്കളുടെ ആശങ്ക അകറ്റാൻ അധികൃതർ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിട നിർമ്മാണം വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സുജിത്ത് ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്കും സ്‌കൂൾ അധികൃതർക്കും നിവേദനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ സുരക്ഷ മുൻനിർത്തി പൊതുജനങ്ങളും രക്ഷിതാക്കളും ഉന്നയിക്കുന്ന ആശങ്കകൾ ഗൗരവത്തോടെ കണ്ട്, സ്‌കൂൾ തുറക്കുന്നതിന് മുൻപ് തന്നെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
