ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്കായി ഡിജിറ്റൽ ലോക്കർ സംവിധാനം ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് തങ്ങളുടെ ബാഗ്, മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും തിരികെ ലഭിക്കുന്നതിനും നിലവിൽ ക്ലോക്ക് റൂമുകളിൽ വലിയ തോതിൽ സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇത് ഒഴിവാക്കി ദർശനം കൂടുതൽ സുഗമമാക്കുന്നതിനാണ് നൂതനമായ ഡിജിറ്റൽ ലോക്കറുകൾ സ്ഥാപിക്കുന്നത്.
മൂന്ന് വ്യത്യസ്ത അളവുകളിലുള്ള ഡിജിറ്റൽ ലോക്കറുകൾ ക്ഷേത്ര പരിസരത്ത് സജ്ജമാക്കാനാണ് ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുന്നതിനായി, പ്രസ്തുത മേഖലയിൽ പ്രാവീണ്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു.
പദ്ധതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളുന്ന താൽപര്യപത്രം 2026 ജൂൺ 10-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഗുരുവായൂർ ദേവസ്വം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 0487-2556335 എന്ന നമ്പറിൽ 247 എന്ന എക്സ്റ്റൻഷനിൽ ബന്ധപ്പെടാവുന്നതാണ്.
