മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുമ്പോൾ ഹൈക്കമാൻഡ് ഇടപെടൽ ശക്തം; കേരളത്തിലേക്ക് മടങ്ങാൻ എഐസിസി നേതാക്കൾ
ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള കോൺഗ്രസിന്റെ നീണ്ടുനിൽക്കുന്ന അനിശ്ചിതത്വത്തിന് ഇന്ന് നിർണായക വഴിത്തിരിവുണ്ടാകുമെന്ന സൂചന. മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി കോൺഗ്രസ് ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്ന് വൈകിട്ട് 5.30ന് കൂടിക്കാഴ്ച നടത്തും. ഖർഗെയുടെ വസതിയിലായിരിക്കും നിർണായക യോഗം നടക്കുക.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി വൻവിജയം നേടിയെങ്കിലും, മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിൽ ഇതുവരെ ഏകാഭിപ്രായത്തിലെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. മുതിർന്ന നേതാക്കളായ വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണനയിലുള്ളത്. എന്നാൽ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള ആഭ്യന്തര ചർച്ചകളും സമ്മർദ്ദങ്ങളും തീരുമാനം വൈകാൻ കാരണമായെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ഇന്ന് ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചു. വൈകിട്ട് മൂന്നരയോടെയുള്ള വിമാനത്തിലായിരുന്നു യാത്ര. നിലവിൽ ഡൽഹിയിലുള്ള കെപിസിസിയുടെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപാ ദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക് മടങ്ങുന്നതായാണ് വിവരം.
വൈകിട്ട് ആറരയോടെ സംഘം തിരുവനന്തപുരത്തെത്തും. മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട തുടർനടപടികൾ കേരളത്തിലെ നേതാക്കളുമായും സഖ്യകക്ഷികളുമായും ചർച്ച ചെയ്ത ശേഷമാകും എന്നാണു സൂചന. ഇതിനിടെ, മുസ്ലിം ലീഗ് നേതൃത്വവുമായി ദീപാ ദാസ് മുൻഷി കൂടിക്കാഴ്ച നടത്താനിടയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട സഖ്യകക്ഷികളുടെ നിലപാടുകളും മന്ത്രിസഭാ ഘടനയുമായി ബന്ധപ്പെട്ട നിർണായക ആശയവിനിമയങ്ങളും ഉടൻ ആരംഭിക്കുമെന്നാണ് വിലയിരുത്തൽ.
കേരള രാഷ്ട്രീയ വൃത്തങ്ങൾ മുഴുവൻ ഉറ്റുനോക്കുന്നത് ഇന്നത്തെ ഡൽഹി ചർച്ചകളിലേക്കാണ്. ഏറെ നാളായി നീണ്ടുനിൽക്കുന്ന മുഖ്യമന്ത്രി പ്രഖ്യാപന കാത്തിരിപ്പിന് ഇന്ന് വിരാമമാകുമോയെന്ന ആകാംക്ഷയിലാണ് പ്രവർത്തകരും പൊതുജനവും.
