ഹൈക്കമാൻഡിന്റെ കൂടിയാലോചനകൾ തുടരുന്നു; അനിശ്ചിതത്വത്തിൽ പ്രവർത്തകരും പൊതുജനങ്ങളും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള കാത്തിരിപ്പ് ഇനിയും നീളാനിടയുണ്ടെന്ന് സൂചന. ഇന്ന് രാത്രിയോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നായിരുന്നു ആദ്യഘട്ടത്തിൽ ലഭിച്ച വിവരം. എന്നാൽ നിർണായക ചർച്ചകൾ നാളെയും തുടരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും വൈകുമെന്ന സാഹചര്യമാണുണ്ടായത്.
കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്തിമ കൂടിയാലോചനകൾ ഇനിയും പൂർത്തിയായിട്ടില്ല. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പങ്കെടുക്കുന്ന നിർണായക ചർച്ച ഇന്ന് നടക്കില്ലെന്നും നാളെയായിരിക്കും അവസാനഘട്ട ആലോചനകൾ നടക്കുകയെന്നുമാണ് ഡൽഹിയിൽ നിന്ന് ലഭിക്കുന്ന വിവരം.
ഇതിനിടെ മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം. സുധീരൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലെ ജൻപത് 10-ൽ എത്തി. സംസ്ഥാന രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യങ്ങളും നേതൃതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം.
മുഖ്യമന്ത്രി ആരാകണമെന്ന വിഷയത്തിൽ കേരളത്തിൽ ചിലയിടങ്ങളിൽ ഉയർന്ന പ്രതിഷേധങ്ങളെ കുറിച്ചും ഹൈക്കമാൻഡിനെ കേരളത്തിലെ നേതാക്കൾ അറിയിച്ചു. പ്രതിഷേധങ്ങൾ സ്വാഭാവിക ജനകീയ വികാരമല്ലെന്നും, ചില വിഭാഗങ്ങൾ ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കാൻ ആസൂത്രിതമായി നടത്തിയ നീക്കങ്ങളാണിതെന്നുമാണ് നേതാക്കൾ എഐസിസി നേതൃത്വത്തോട് വിശദീകരിച്ചതെന്ന് സൂചന.
ഡൽഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ “ഇനി തീരുമാനം നീട്ടരുത്” എന്ന ആവശ്യം കേരളത്തിൽ നിന്നുള്ള നേതാക്കൾ ശക്തമായി ഉന്നയിച്ചിരുന്നെങ്കിലും, ഇന്നും പ്രഖ്യാപനം ഉണ്ടാകാത്തത് പാർട്ടി പ്രവർത്തകരിലും നേതാക്കളിലും നിരാശയുണ്ടാക്കിയിട്ടുണ്ട്.
അവസാനഘട്ട ചർച്ചകൾ പ്രധാനമായും കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ നേതാക്കളെ കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്. കൂടിക്കാഴ്ചകൾ തൃപ്തികരമായിരുന്നുവെന്നും, സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് എഐസിസിക്ക് വ്യക്തമായി അറിയിച്ചുവെന്നും കൂടിക്കാഴ്ചയ്ക്കുശേഷം നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം നീളുമ്പോൾ, നാളത്തെ ചർച്ചകൾക്കൊടുവിൽ അന്തിമ തീരുമാനം ഉണ്ടാകുമോയെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും പൊതുജനങ്ങളും.
