ഉപനേതൃപദവി സിപിഐയ്ക്ക് ഇല്ല; കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് വൈകിട്ട്
സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്ന് പ്രതിപക്ഷനേതൃസ്ഥാനവുമായി ബന്ധപ്പെട്ട നിർണായക സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ആരെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് അറിഞ്ഞ ശേഷമേ പ്രതിപക്ഷനേതൃസ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂവെന്നാണ് പിണറായി വിജയൻ ഘടകക്ഷി നേതാക്കളുമായുള്ള അനൗപചാരിക ചർച്ചകളിൽ വ്യക്തമാക്കിയതെന്നാണ് രാഷ്ട്രീയവൃത്തങ്ങളിൽ നിന്നുള്ള സൂചന.
തന്നേക്കാൾ ജൂനിയറായ ഒരാൾ മുഖ്യമന്ത്രിയായാൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിൽ താൽപര്യമില്ലെന്ന നിലപാടിലാണ് പിണറായി വിജയൻ. പാർട്ടിക്കുള്ളിൽ നിന്നും സമ്മർദമോ നിർദ്ദേശമോ ഉണ്ടായാലും അതിൽ നിന്ന് പിന്മാറില്ലെന്നും, വ്യക്തമായ രാഷ്ട്രീയ സന്ദേശം നൽകാനാണ് ഈ നിലപാടെന്നും വിലയിരുത്തപ്പെടുന്നു. ഇത് ഇടതുമുന്നണിക്കുള്ളിൽ തന്നെ വലിയ ചർച്ചകൾക്കും രാഷ്ട്രീയ വിലയിരുത്തലുകൾക്കും വഴിവെച്ചിരിക്കുകയാണ്.
ഇതിനിടെ, പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയും എൽഡിഎഫിൽ അഭിപ്രായഭിന്നത രൂക്ഷമായി. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നൽകില്ലെന്നതാണ് സിപിഐഎമ്മിന്റെ നിലവിലെ തീരുമാനം. ഉപനേതൃസ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു.
ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം സിപിഐ പരസ്യമായി ഉന്നയിച്ചതാണ് സിപിഐഎമ്മിനെ അസ്വസ്ഥരാക്കിയത്. മുന്നണി വേദികളിൽ ചർച്ച ചെയ്യാതെ മാധ്യമങ്ങൾക്കുമുന്നിൽ ആവശ്യം ഉന്നയിച്ചതിൽ സിപിഐഎമ്മിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുന്നണിയിലെ ഏകോപനത്തെ ബാധിക്കുന്ന തരത്തിൽ പൊതുവേദിയിൽ നിലപാട് വ്യക്തമാക്കിയത് അനാവശ്യ വിവാദങ്ങൾക്ക് വഴിവെച്ചുവെന്ന വിമർശനവും ഉയരുന്നുണ്ട്.
അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കാത്തിരിപ്പായ കോൺഗ്രസ് മുഖ്യമന്ത്രിപദ പ്രഖ്യാപനം ഇന്ന് നടക്കും. വൈകിട്ട് ഏഴ് മണിയോടെ കോൺഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇതിനായി ഡൽഹിയിലെത്തിയ മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും ഹൈക്കമാൻഡുമായി നിർണായക ചർച്ചകൾ നടത്തും.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കോൺഗ്രസിനകത്തും യുഡിഎഫ് ഘടകക്ഷികളിലും അസ്വസ്ഥത ശക്തമായ സാഹചര്യത്തിൽ ഇനി തീരുമാനം നീട്ടേണ്ടതില്ലെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുമെന്നതിനാൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.
