മൂന്ന് പേരില്‍ ആര് മുഖ്യമന്ത്രിയാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്നു; പ്രതിഷേധങ്ങളും ഫ്‌ളക്‌സ് രാഷ്ട്രീയവും അവസാനിപ്പിക്കാന്‍ നേതാക്കളുടെ നിര്‍ദേശം
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചേര്‍ന്ന നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലും അന്തിമ തീരുമാനത്തിലെത്താനാകാതെ വന്നതോടെ പ്രഖ്യാപനം വീണ്ടും മാറ്റിവെച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്ന് എഐസിസി നിരീക്ഷക ദീപാദാസ് മുന്‍ഷി വ്യക്തമാക്കി.
നേതാക്കളുമായി കൂട്ടമായും വ്യക്തിപരമായും വിശദമായ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഏകോപിതമായ തീരുമാനം രൂപപ്പെടാനായില്ലെന്ന് ദീപാദാസ് മുന്‍ഷി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നുവെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെടാത്തതിനാല്‍ പ്രഖ്യാപനം വൈകുന്നതായാണ് സൂചന.
കേരളത്തില്‍ കോണ്‍ഗ്രസ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. വിവിധ നേതാക്കളുടെ അനുകൂലികള്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകളും പ്രകടനങ്ങളും സംഘടിപ്പിച്ചതിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം.
“കേരളത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ കോണ്‍ഗ്രസ് സംസ്‌കാരമല്ല. ചേരി തിരിഞ്ഞുള്ള പ്രകടനങ്ങള്‍ പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടെന്ന സന്ദേശം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കും,” എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്‌ളക്‌സ് ബോര്‍ഡുകളും ഇന്നുതന്നെ നീക്കം ചെയ്യണമെന്നും അനുകൂലപ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. “ഞങ്ങള്‍ മൂന്ന് പേരുടെയും പേരില്‍ തന്നെയാണ് ഈ അഭ്യര്‍ഥന. ജനങ്ങളുടെ പ്രതീക്ഷകളാണ് ഇപ്പോള്‍ പ്രധാന്യം,” എന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, “ജനങ്ങളാണ് പരമപ്രധാനം. എല്ലാവരും പാര്‍ട്ടിക്കാരാണ്, വ്യക്തിപരമായ വികാരങ്ങളെക്കാള്‍ പാര്‍ട്ടി തീരുമാനം ഉയര്‍ന്നതാണ്,” എന്ന് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും പ്രവര്‍ത്തകരോട് സമാധാനപരമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. “നേതാക്കളെ സ്‌നേഹിക്കുന്നതിലും പിന്തുണ അറിയിക്കുന്നതിലും തെറ്റില്ല. പക്ഷേ പാര്‍ട്ടിയുടെ ഐക്യത്തിന് വിരുദ്ധമായ രീതിയിലുള്ള ബോര്‍ഡുകളും പ്രകടനങ്ങളും ഒഴിവാക്കണം. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തോട് എല്ലാവരും ഉറച്ചുനില്‍ക്കണം,” എന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് സണ്ണി ജോസഫും പ്രതികരിച്ചു. നേതാക്കളുടെ നിര്‍ദേശത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ നീക്കം ചെയ്യാന്‍ തുടങ്ങി. മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നുവരുന്ന മൂന്ന് പ്രധാന നേതാക്കളില്‍ ആര്‍ക്കാകും അവസാന നിമിഷം ഭാഗ്യം ലഭിക്കുക എന്ന ആകാംക്ഷയിലാണ് കേരളം. ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം വരും മണിക്കൂറുകളില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകരും പൊതുജനങ്ങളും.
