ഗുരുവായൂർ: ഗുരുവായൂർ കഴുമല്ലൂർ ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. അമ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ വാടാനപ്പള്ളി സ്വദേശി സുഹൈലിനെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നാക്കുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. ഇയാൾ പൊന്നാനി വെളിയംകോട് വെസ്റ്റിലാണ് താമസിക്കുന്നത്.
കഴിഞ്ഞ മാസം 28-ാം തീയതി രാത്രിയാണ് കഴുമല്ലൂർ ക്ഷേത്രത്തിലെ ഓഫീസ് കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണാഭരണവും 120000 രൂപയും കവർന്നത്. ദേവിക്ക് വഴിപാടായി ലഭിച്ച സ്വർണാഭരണമാണ് കവർന്നത്. തുടർന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി SAGOC ടീമും ഗുരുവായൂർ പോലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു. ക്ഷേത്ര പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ നിരീക്ഷിക്കുകയും ചെയ്തു. ജയിലുകളിൽ നിന്ന് പുറത്തിറങ്ങിയ കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പൊന്നാനിയിലെ വീടിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു.
സുഹൈലിനെതിരെ തൃശ്ശൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്. ഇയാൾ സമീപകാലത്ത് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും മറ്റും നടന്ന മോഷണക്കേസുകളിലും പ്രതിയാണെന്ന് പോലീസ് സംശയിക്കുന്നു. മോഷ്ടിച്ച പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്ന ഇയാൾ, കഴിഞ്ഞ വർഷം പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വ്യവസായിയുടെ വീട്ടിൽ നിന്ന് 500 പവൻ സ്വർണം കവർന്ന കേസിലെയും പ്രതിയാണ്. അന്വേഷണ സംഘത്തിൽ തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സേതു, ഗുരുവായൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സുരേഷ്, ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ വേണുഗോപാൽ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
