തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ എട്ട് ദിനങ്ങളിലായി നടന്ന ബ്രഹ്മോത്സവത്തിന് ആറാട്ടോടെ ഭക്തിനിർഭര സമാപനം.

ഗുരുവായൂർ : ഏപ്രിൽ 22 മുതൽ ആരംഭിച്ച തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ വാർഷിക ബ്രഹ്മോത്സവത്തിന് ഭക്തിസാന്ദ്രമായ ആറാട്ട് ചടങ്ങുകളോടെ സമാപനമായി. എട്ട് ദിവസങ്ങളിലായി ആചാര-അനുഷ്ഠാന-താന്ത്രിക ചടങ്ങുകൾ, കലാ-സാംസ്കാരിക പരിപാടികൾ, ക്ഷേത്രകലകൾ, മഹാഅന്നദാനം എന്നിവയുടെ വൈവിധ്യത്തോടെ ആഘോഷഭരിതമായി നടന്ന ഉത്സവത്തിനാണ് കൊടി ഇറക്കത്തോടെ പരിസമാപ്തിയായത്.

പുലർച്ചെ പള്ളിയുണർത്തലും ഉഷപൂജയും നടത്തി ദിനാചരണങ്ങൾക്ക് തുടക്കമായി. വൈകീട്ട് ആറാട്ട് ബലി, കിഴക്കെ നടയ്ക്കൽ എഴുന്നള്ളിച്ച് വെക്കൽ, ദീപാരാധന തുടങ്ങിയ ചടങ്ങുകൾ ഭക്തിനിർഭരമായി നടന്നു. തുടർന്ന് കോട്ടപ്പടി സന്തോഷ് മാരാരുടെ വാദ്യ അകമ്പടിയിൽ ഗുരുവായൂർ ദേവസ്വം കൊമ്പൻ അക്ഷയ് കൃഷ്ണൻ ഭഗവാന്റെ തിടമ്പേറ്റി താലപ്പൊലിയോടെ ഗ്രാമപ്രദക്ഷിണത്തിനായി പുറപ്പെട്ടു.

ഗ്രാമപ്രദക്ഷിണം കടന്നുപോയ വഴികളിൽ പറകളും ദ്രവ്യങ്ങളും അർപ്പിച്ച് ഭക്തർ വിശേഷ സ്വീകരണം ഒരുക്കി. കിഴക്കെ നട മഞ്ജുളാൽ വലംവെച്ച് ഗുരുവായൂരപ്പനെ വണങ്ങിയ ശേഷം മേൽപ്പാലം വഴി തിരികെ ക്ഷേത്രത്തിലെത്തിയ ഘോഷയാത്ര, മേള അകമ്പടിയോടെ വീണ്ടും ക്ഷേത്രത്തിൽ പ്രവേശിച്ചു.തുടർന്ന് അനുബന്ധ പൂജാ ചടങ്ങുകൾക്ക് ശേഷം തീർത്ഥകുളത്തിൽ ഭഗവാന്റെ വിശുദ്ധ ആറാട്ട് നടന്നു. ആറാട്ടിന് ശേഷം ഓട്ടപ്രദക്ഷിണവും ഗോവിന്ദനാമമുഖരിതമായ അന്തരീക്ഷത്തിൽ കൊടി ഇറക്കവും നടന്ന് ബ്രഹ്മോത്സവം സമാപിച്ചു.
ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ഗുരുവായൂർ മുരളിയുടെ നാദസ്വരവും ആറാട്ട് ദിനത്തിന് കൂടുതൽ ഭക്തിമാധുര്യം പകർന്നു. ബ്രഹ്മോത്സവ ദിനങ്ങളിൽ ആദ്ധ്യാത്മികതയും കലാസാംസ്കാരിക വൈവിധ്യവും സമന്വയിപ്പിച്ച ചടങ്ങുകൾക്കൊപ്പം, ഭക്തർക്കായി രണ്ട് നേരം വിഭവസമൃദ്ധമായ മഹാഅന്നദാനവും ഒരുക്കിയിരുന്നു.
ക്ഷേത്ര സമിതി ഭാരവാഹികളായ ചന്ദ്രൻ ചങ്കത്ത്, ബാലൻ വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, രാജു കലാനിലയം, സേതു തിരുവെങ്കിടം, ശശി വാറണാട്ട്, ഹരി കൂടത്തിങ്കൽ, രാജു പെരുവഴിക്കാട്ട്, ഉണ്ണികൃഷ്ണൻ ആലക്കൽ, ഗോപിമനയത്ത്, സി.വി. സന്തോഷ്, മാനേജർ പി. രാഘവൻ നായർ എന്നിവർ ഉത്സവ വിജയത്തിന് നേതൃത്വം നൽകി. ആചാര-അനുഷ്ഠാന ഭംഗിയും കലാവിരുന്നും മഹാഅന്നദാനവും ചേർത്ത് ഭക്തിസാന്ദ്രമായി സമാപിച്ച വാർഷിക ബ്രഹ്മോത്സവം
