തിരുവെങ്കിടാചലപതി ക്ഷേത്ര മൈതാനിയിൽ കൊടിയേറ്റം…
ഗുരുവായൂർ: സമത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും സമഭാവനയുടെ മലയാള ആഘോഷമായ തിരുവോണത്തിന്‍റെ ഭാഗമായി, തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള തട്ടകം ഓണാഘോഷത്തിന് തിരുവെങ്കിടാചലപതി ക്ഷേത്ര മൈതാനിയിൽ കൊടിയേറ്റം നടത്തി.

രാജീവ് മോഹൻ നഗറിലെ കമനീയമായി സ്ഥാപിച്ച കൊടിമരത്തിൽ മത സൗഹാർദ്ദത്തിന്റെ വിളംബരം തീർത്ത് ക്ഷേത്ര സമിതി പ്രസിഡണ്ട് ശശി വാറണാട്ട്, ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി വികാരി റവ. ഫാ. സെബിചിറ്റാട്ടുകര എന്നിവർ ചേർന്ന് കൊടിയേറ്റം നിർവഹിച്ചു. വാദ്യവിദ്യാൻ ഷൺമുഖൻ തെച്ചിയിലും സംഘവും ഒരുക്കിയ കേളിവന്ദന അകമ്പടിയോടെയായിരുന്നു കൊടിയേറ്റം. മഹാബലി വേഷവുമായി ഓണാവേശം നൽകി സന്നിഹിതനായി.

വേദിയിൽ ക്ഷേത്ര സമിതി ഭാരവാഹികൾ, പള്ളി ട്രസ്റ്റികൾ, തട്ടകം ഓണാഘോഷ ഭാരവാഹികൾ, ബ്രദേഴ്സ് ക്ലബ്ബ് ഭാരവാഹികൾ, വനിതാ വിഭാഗം ഭാരവാഹികൾ, തട്ടകം നിവാസികൾ എന്നിവർ തിങ്ങിനിറഞ്ഞു. തുടക്കച്ചടങ്ങുകൾക്ക് പി.ഐ. ലാസർ, രവി കാഞ്ഞുള്ളി, ബാലൻ വാറണാട്ട്, ശിവദാസ് മൂത്തേടത്ത്, വിനോദ് കുമാർ അകമ്പടി, ചന്ദ്രൻ ചങ്കത്ത്, രമ്യ വിജയകുമാർ, മേഴ്സി ജോയ്, പി. മുരളീധര കൈമൾ, നന്ദകുമാർ കാരാത്ത് എന്നിവർ നേതൃത്വം നൽകി.

ആഘോഷത്തിനിടയിൽ, അകാലത്തിൽ വിട പറഞ്ഞ ക്ലബ്ബ് ഭാരവാഹി രാജീവ് മോഹനന്റെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന അർപ്പിച്ച് എല്ലാവരും അനുസ്മരിച്ചു.
തുടർന്ന് പ്രത്യേക വേദിയിൽ അഡ്വ. ഗോപിനാഥപൈ ഉത്രാടഗാനം ആലപിച്ച് കലാവിരുന്നിന് തുടക്കം കുറിച്ചു. സ്നേഹപന്തലിൽ 11.30 മുതൽ 2.30 വരെ നീണ്ടുനിന്ന വിഭവസമൃദ്ധമായ ഓണസദ്യ ആയിരുന്നു പ്രധാന ആകർഷണം. വില്ലിമേൽ തായമ്പക, കവിത, ഗാനാലാപനം, നാടൻപാട്ട് എന്നിവയും അരങ്ങേറി.

വൈകിട്ട് 5 മണിക്ക് മെഗാ തിരുവാതിര അരങ്ങേറി. ഇടക്കാല ഫൂഷൻ, മാർഗംകളി, ഒപ്പന, വിവിധ നൃത്തങ്ങൾ, വയലിൻ സോളോ, ചാക്യാർ കോമഡി ഷോ എന്നിവയും പ്രേക്ഷക മനസുകൾ കീഴടക്കി.

രാത്രി 7 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ നിർദ്ധനർക്കുള്ള പെൻഷൻ വിതരണം, പ്രതിഭാദരം, സമ്മാനദാനം തുടങ്ങിയവ നടത്തി. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സിനിമാ-സീരിയൽ താരം നിഷ സാരംഗ്, കൗൺസിലർമാരായ കെ.പി. ഉദയൻ, ദേവി കദീലിപ്, വി.കെ. സുജിത്ത്, സുബിത സുധീർ, കെ.പി.എ. റഷീദ് എന്നിവർ പങ്കെടുത്തു. വിവിധ സംഘടനാ സാരഥികളായ ടി.എൻ. മുരളി, പി.ഐ. സൈമൺ, സുമേഷ് കൊളാടി, പി.ഐ. ആന്റോ എന്നിവർ ആശംസകൾ അറിയിച്ചു.

ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയവർ: ജോതിദാസ് ഗുരുവായൂർ, ഹിമ അനിൽ, ബാലചന്ദ്രിക അകമ്പടി, മാധവൻ പൈക്കാട്ട്, സുജിത്ത് കുമാർ നന്ദനം, മുരളി വടക്കൂട്ട്, മായാദേവി ചീരക്കുഴി, ജിഷോ പുത്തൂർ, പി. രാമകൃഷ്ണൻ, പ്രേമ വിശ്വനാഥൻ, എൻ.കെ. ലോറൻസ്, കെ. പരമേശ്വരൻ, വിജി പ്രശാന്ത്, ആന്റോ നീലങ്കാവിൽ, ശ്രീ നാരായണൻ മുല്ലപ്പിള്ളി, സുകുമാരൻ ആലക്കൽ, എൻ.കെ. പിന്റോ, ഹരിദാസ് വടക്കൂട്ട്, രാജു പി. എന്നിവർ.

ഇതിനുമുമ്പ് തട്ടക ഭവനങ്ങളിൽ പൂക്കള മത്സരം സംഘടിപ്പിക്കുകയും കിടപ്പുരോഗികൾക്ക് ഓണപുടവ വിതരണം നടത്തുകയും ചെയ്തു.
