ഗുരുവായൂർ: അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി ഗുരുപവനപുരിയിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് ദാഹജലം നൽകി പൈതൃകം ഗുരുവായൂർ. ഗുരുവായൂർ ദേവസ്വവുമായി സഹകരിച്ച് ക്ഷേത്രക്കുളത്തിന് കിഴക്കുവശമുള്ള ഉത്സവപ്പറ ഒരുക്കുന്ന സ്ഥലത്താണ് കുടിവെള്ള വിതരണം നടത്തിയത്.
പരിപാടിയുടെ ഉദ്ഘാടനം പൂജനീയ സ്വാമി കൃഷ്ണാനന്ദ സരസ്വതി സ്വാമികൾ നിർവ്വഹിച്ചു. പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി മധു. കെ. നായർ, കൺവീനർമാരായ ഏ. കെ. ദിവാകരൻ, ബാബു കൊരട്ടിക്കര, എം. വി. ഉണ്ണികൃഷ്ണൻ, ഐ. പി. രാമചന്ദ്രൻ, ദിനേശ് മാറഞ്ചേരി, ബിജു ഉപ്പുങ്ങൽ, വേണുനളന്ദ ബാലമുകുന്ദൻ, ഭവാനി പടിക്കൽ പദ്മിനി ദിവാകരൻ, ജ്യോതി കൈലാസം, ബീന രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
ഗുരുവായൂർ: അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് ഭക്തർക്കായി ഗുരുവായൂർ അമ്പാടി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഭാര വിതരണം നടത്തി. 250 ലിറ്റർ തൈര് കൊണ്ടാണ് സംഭാരം ഒരുക്കിയത്. രാവിലെ 10.30 മുതൽ കിഴക്കെ നടപ്പുരയിൽ ക്ഷേത്രദർശനത്തിനെത്തിയ ഭക്തർക്കായി വിതരണം ആരംഭിച്ചു. ദാഹമകറ്റാനും ഉത്സവത്തിൽ പങ്കെടുത്തവർക്ക് ആശ്വാസമാകാനുമായിരുന്നു പദ്ധതി.
നേതൃത്വം നൽകിയവർ
സംഘാടകരായ കെ.പി. ഉദയൻ, ഹരിഹരൻ കൊളാടി, സുരേഷ് നായർ പാലിയത്ത്, ബാബുരാജ് ഗുരുവായൂർ, ജയൻ മനയത്ത്, നന്ദൻ തൂവാര, അനിൽ കെ., മനോജ് കെ.പി., യദുകൃഷ്ണൻ, ശ്രീജിത്ത്, ശ്രീഹരി, അതുൽദാസ്, ശ്യാംകൃഷ്ണൻ, അക്ഷയ്, മിന്നു തൂവാര, കീർത്തന, ആർദ്ര, അജിൻ, ബാബു പി.എച്ച്. എന്നിവർ സജീവമായി പങ്കെടുത്തു.
? അഷ്ടമിരോഹിണിയുടെ ആത്മീയ സാന്നിധ്യത്തോടൊപ്പം ഭക്തിസേവയുടെ സുഗന്ധവും നിറഞ്ഞ നിമിഷമായി സംഭാരവിതരണം മാറി.
ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; ദേവസ്വം വക ചുറ്റുവിളക്ക് ആരംഭിച്ച് 52-ാം വർഷം
?ഹൈലൈറ്റുകൾ
1974 മുതൽ അഷ്ടമിരോഹിണി ദേവസ്വം വക ചുറ്റുവിളക്ക്
അപ്പം തയ്യാറാക്കാൻ 25 റാത്തൽ ഓടും, 12 ക.8 അണ ചെലവും അനുവദിച്ചിരുന്ന പഴയ രേഖകൾ
പാലക്കാട് കുഞ്ചുമേനോൻ (പോലീസ് ഇൻസ്പെക്ടർ), പൂതേരികുടുംബം വക വഴിപാടുകളും ചരിത്രത്തിൽ
ഈ വർഷം ചെലവ്: ₹38.47 ലക്ഷം
8 ലക്ഷം രൂപയുടെ പാൽപ്പായസം, 7.25 ലക്ഷം രൂപയുടെ അപ്പം നിവേദ്യം
1983 മുതൽ ദേവസ്വം വക ഭാഗവത സപ്താഹം പതിവായി.
ഭൂലോക വൈകുണ്ഠത്തിൽ വീണ്ടും അഷ്ടമിരോഹിണി
ഭൂലോകവൈകുണ്ഠം എന്ന് വിശേഷിപ്പിക്കുന്ന ഗുരുപവനപുരിയിൽ വീണ്ടും അഷ്ടമിരോഹിണി ഉത്സവം ഭക്തിസാന്ദ്രമാകുന്നു. ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകളൊന്നുമില്ലെങ്കിലും ഗുരുവായൂരപ്പന്റെ നിത്യനിദാനങ്ങൾ മഹാസദസ്സിൽ നടക്കും.ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ചടങ്ങിൽ രണ്ട് നേരം കാഴ്ചശീവേലി, വാദ്യഘോഷങ്ങൾ, രാത്രി ചുറ്റുവിളക്ക് എന്നിവയാണ് പ്രധാന ആകർഷണം.
പഴമയുടെ രേഖകൾ പറയുന്നു
സാമൂതിരി രേഖകൾ പ്രകാരം, അപ്പം വാർക്കാൻ 25 റാത്തൽ ഓടും, 12 ക.8 അണ ചെലവും അനുവദിക്കാൻ ഭണ്ഡാര അറയിൽ നിന്ന് അപേക്ഷിച്ചിരുന്നതായി കാണുന്നു. 1946-ൽ അഷ്ടമിരോഹിണി ചുറ്റുവിളക്ക് നടത്താൻ പാലക്കാട് പോലീസ് ഇൻസ്പെക്ടർ കുഞ്ചുമേനോൻയ്ക്ക് പ്രത്യേക നിബന്ധനകളോടെ അനുമതി നൽകിയിട്ടുണ്ട്.
1974 – വഴിത്തിരിവായ വർഷം
1974 സെപ്റ്റംബർ 9-ലെ അഷ്ടമിരോഹിണി മുതൽ ദേവസ്വം വക ആഘോഷങ്ങൾ തുടങ്ങി. അന്ന് ₹5000 ചെലവിൽ തുടങ്ങിയ ആഘോഷം ഇന്ന് ₹38.47 ലക്ഷത്തിലേക്ക് ഉയർന്നിരിക്കുന്നു. കെ.സി.മരുമകൻരാജ സാമൂതിരി രാജ, വി.എസ്.വിജയരാഘവൻ, മേലോത്ത് നാരായണൻ നമ്പ്യാർ, ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ ഉൾപ്പെട്ട ഭരണസമിതി അന്ന് ഉത്സവം ദേവസ്വം വകയാക്കി.
വഴിപാടുകളുടെ കൗതുകങ്ങൾ
1974-ൽ: ₹1645 രൂപയുടെ പാൽപ്പായസം, ₹2103 വിലയുള്ള അപ്പം 2025-ൽ: ₹8 ലക്ഷം രൂപയുടെ പാൽപ്പായസം, ₹7.25 ലക്ഷം രൂപയുടെ അപ്പം ഒരുകാലത്ത് ഒരു രൂപയ്ക്ക് 32 അപ്പം, ഇന്ന് ₹35ക്ക് 2 അപ്പം മാത്രം!
ഭക്തിസാന്ദ്രമായ അനുബന്ധങ്ങൾ
1983 മുതൽ ഭാഗവത സപ്താഹം ദേവസ്വം വകയായി തുടർന്നു നാട്ടുകാരുടെ വക തമിഴ് സമ്പ്രദായത്തിലുള്ള ഉറിയടി 1974-ൽ ആദ്യമായി നടന്നു ഗുരുവായൂരപ്പന്റെ നമസ്കാരം വഴിപാടായി പടിയത്ത് കല്യാണിക്കുട്ടി അമ്മ
ഇന്നത്തെ ആഘോഷം
ഈ വർഷം (2025) സെപ്റ്റംബർ 14-ന് ₹38.47 ലക്ഷം ചെലവിൽ അഷ്ടമിരോഹിണി പാൽപ്പായസം, അപ്പം, കാഴ്ചശീവേലി, മേളം, ചുറ്റുവിളക്ക് എല്ലാം ദേവസ്വം വകയായി ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ ഗുരുവായൂർ വീണ്ടും വൃന്ദാവനമാകുന്നു.
അരനൂറ്റാണ്ട് മുമ്പ് വരെ അഷ്ടമിരോഹിണി സുദിനത്തിൽ ഗുരുവായൂരപ്പന് രാത്രി ചുറ്റുവിളക്ക് പൂതേരി കുടുംബം വക വഴിപാട് ആയിരുന്നു. എന്നാൽ 52 വർഷം മുമ്പ് 1974 സെപ്റ്റംബർ 9 ലെ അഷ്ടമിരോഹിണി ആഘോഷം ഇദംപ്രഥമമായി ഗുരുവായൂർ ദേവസ്വം വകയായി നടത്തുവാനും രാത്രി ചുറ്റുവിളക്ക് കൂടുതൽ ആഘോഷത്തോടെ കാഴ്ച ശീവേലിയും,വാദ്യഘോഷങ്ങളും ഏർപ്പെടുത്തു വാനും അഷ്ടമിരോഹിണി ആഘോഷത്തിന് 5000/_ രൂപ ചെലവു പ്രതീക്ഷിക്കുന്ന വിധം നടത്തുവാനും ദേവസ്വം തീരുമാനിച്ചു. കെ.സി.മരുമകൻരാജ സാമൂതിരി രാജ ചെയർമാനും, വി.എസ്. വിജയരാഘവൻ, മേലോത്ത് നാരായണൻ നമ്പ്യാർ, പുതൂർ ഉണ്ണികൃഷ്ണൻ, എൻ.ബാലാമണി അമ്മ,കെ.കുട്ടിക്കൃഷ്ണൻ,വടേക്കര ബാലകൃഷ്ണൻനായർ, കെ.കുഞ്ഞമ്പു, ഇ.സി.മാധവൻനമ്പ്യാർ,ജി.ഗോപിനാഥപിള്ള, പി.ടി.മോഹനകൃഷ്ണൻ, എ.എൻ. ഗോപാലകൃഷ്ണപിള്ള, ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി മന കാരണവർ കൃഷ്ണൻ നമ്പൂതിരി എന്നിവരും,എൻ.കെ.നാരായണകുറുപ്പ് അഡ്മിനിസ്ട്രേറ്റർ ആയും നിലവിൽ വന്ന അന്നത്തെ ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് ഗുരുവായൂരപ്പന്റെ അഷ്ടമിരോഹിണി ആഘോഷത്തിന് ഏർപ്പാട് ചെയ്തത്. ഗുരുവായൂരപ്പന്റെ ഭക്തയായ പടിയത്ത് കല്യാണിക്കുട്ടി അമ്മയുടെ വക ഗുരുവായൂരപ്പന് നമസ്കാരം വഴിപാട് ഉണ്ട്.1974 ലെ അഷ്ടമിരോഹിണി ആഘോഷത്തോടനുബന്ധിച്ച് നാട്ടുകാരുടെ വകയായി കിഴക്കെ നടയിൽ പ്രത്യേകം തമിഴ് സമ്പ്രദായത്തിൽ ഉറിയടിയും ഇദംപ്രഥമമായി നടന്നു.ഈ വർഷം സെപ്തംബർ 14 ന് 8 ലക്ഷം രൂപയുടെ പാൽപ്പായസവും,7.25 ലക്ഷം രൂപയുടെ അപ്പം പ്രത്യേകം നിവേദ്യമായി ഗുരുവായൂരപ്പന് ക്ഷേത്രം കീഴ്ശാന്തി നമ്പൂതിരിമാർ രാവിലെ മുതൽ അത്യദ്ധ്വാനംചെയ്ത് തയ്യാറാക്കുമ്പോൾ അരനൂറ്റാണ്ട് മുമ്പ് 1974 ലെ അഷ്ടമിരോഹിണി സുദിനത്തിൽ 1645 രൂപയുടെ പാൽപ്പായസവും ,2103 ക്ക് യുടെ അപ്പവുമാണ് വഴിപാട് നടന്നത് എന്നത് കൗതുകം തോന്നാം.ഗുരുവായൂരപ്പന്റെ അഷ്ടമിരോഹിണി ആഘോഷത്തോടനുബന്ധിച്ച് അഷ്ടമിരോഹിണി സുദിനത്തിൽ കൃഷ്ണാവതാരം ഭക്തജനങ്ങൾക്കെല്ലാം ശ്രവിക്കാവുന്ന വിധം കഴിഞ്ഞ 42 വർഷമായി,1983 മുതൽ ദേവസ്വം വകയായി ഭാഗവത സപ്താഹവും നടന്നുവരുന്നു.
ഗുരുവായൂർ ക്ഷേത്ര ചരിത്രം സംബന്ധിച്ച് പഴമയുടെപെരുമയിലെ സാമൂതിരി രേഖകളിൽ അഷ്ടമിരോഹിണി സുദിനത്തിൽ അപ്പം തയ്യാറാക്കാൻ അപ്പം വാർക്കാൻ അപ്പക്കാരോൽ വേണമെന്നും,ആയതിന് ഭണ്ഡാര അറയിൽ നിന്ന് 25 റാത്തൽ ഓട് എടുക്കാൻ അനുവാദം വേണമെന്നും,12.ക 8 ണ ചെലവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം മാനേജർ സാമൂതിരി കോവിലകം ആസ്ഥാനത്തേക്ക് എഴുതി അനുവാദം ചോദിക്കുന്നതും,79 വർഷം മുമ്പ് 1946 ൽ അഷ്ടമിരോഹിണി സുദിനത്തിൽ ചുറ്റുവിളക്ക് നടത്താൻ പാലക്കാട് പോലീസ് ഇൻസ്പെക്ടർ കുഞ്ചു മേനോന് നിബന്ധനകളോടെ അനുമതി നൽകുന്ന തിട്ടൂരവും കൗതുകകരമാണ്. ഒരു കാലത്ത് ഒരു രൂപക്ക് 32 അപ്പം പ്രസാദമായി ലഭിച്ചിരുന്നു എങ്കിൽ ഇന്ന് രണ്ട് അപ്പം പ്രസാദം ലഭിക്കാൻ 35 രൂപയാണ് വഴിപാട് നിരക്ക്.
ഗുരുവായൂരപ്പന് അഷ്ടമിരോഹിണി ആഘോഷം ദേവസ്വം വകയായി ആരംഭിച്ചിട്ട് 52 വർഷം പിന്നിടുമ്പോൾ ഗുരുപവനപുരം ദേവസ്വം വക ആഘോഷങ്ങൾക്ക് പുറമെ ഗുരുവായൂരിലെ ഭക്തജനസംഘടനകൾ നടത്തുന്ന ഭക്തിസാന്ദ്രമായ ഉറിയടിയും, ബാലലീലകളും, നൃത്തവും എല്ലാംകൊണ്ടും ഗുരുവായൂരിനെ വൃന്ദാവനമാക്കുന്നു.
അഷ്ടമിരോഹിണി ദിനത്തിനായി 38.47 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പ്രസാദ ഊട്ട്: രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ; 27.5 ലക്ഷം രൂപയുടെ ചെലവ് 200-ഓളം വിവാഹങ്ങൾ ശീട്ടാക്കി; പുലർച്ചെ 4 മുതൽ തുടക്കം. 4 മണ്ഡപങ്ങൾ സജ്ജം; ആവശ്യമെങ്കിൽ 5-ാം മണ്ഡപവും വിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ 6 മുതൽ നിയന്ത്രണം..പൊതുവരി കൊടിമരം വഴി ക്ഷേത്രത്തിലേക്ക്.. മുതിർന്ന പൗരൻമാർ, ഗർഭിണികൾ, ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യം അപ്പം വഴിപാട് എസ്റ്റിമേറ്റ് ₹7.25 ലക്ഷം, പാൽപായസം വഴിപാട് എസ്റ്റിമേറ്റ് ₹8.08 ലക്ഷം കലാമേളകളും ശീവേലികളും: പെരുവനം കുട്ടൻമാരാർ, ഗുരുവായൂർ ശശിമാരാർ, ഗുരുവായൂർ മുരളി എന്നിവർ
ഗുരുവായൂർ:ശ്രീകൃഷ്ണജന്മാഘോഷമായ അഷ്ടമിരോഹിണി ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഗുരുവായൂരപ്പന്റെ പിറന്നാൾ ദിനത്തിൽ പൊതുവരിയിൽ നിൽക്കുന്ന ഭക്തജനങ്ങൾക്ക് മുൻഗണന നൽകി ദർശന സൗകര്യം ഒരുക്കിയിട്ടുണ്ട്. നിർമ്മാല്യം മുതൽ പൊതു വരി നേരിട്ട് കൊടിമരം വഴി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. ഭക്തജന തിരക്ക് മുൻകൂട്ടി കണക്കിലെടുത്ത് വിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ 6 മുതൽ നിയന്ത്രണം ഏർപ്പെടുത്തി.
മുതിർന്ന പൗരൻമാർക്ക് രാവിലെ 4 മുതൽ 5.30 വരെയും വൈകിട്ട് 5 മുതൽ 6.30 വരെയും മാത്രമേ ദർശനം അനുവദിക്കൂ. ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും കൊടിമരം വഴിയിലൂടെ പ്രവേശനം സുലഭമാക്കും.
38.47 ലക്ഷം രൂപയുടെ ആഘോഷ എസ്റ്റിമേറ്റ്
അഷ്ടമിരോഹിണി ആഘോഷത്തിനായി 38,47,700 രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചു. ചുറ്റുവിളക്കും കാഴ്ചശീവേലിക്കും 6.90 ലക്ഷം രൂപയും അനുവദിച്ചു. ഭക്തജനങ്ങൾക്ക് വിശേഷാൽ പ്രസാദ ഊട്ട് നൽകുന്നതിനായി 27.50 ലക്ഷം രൂപ ചെലവഴിക്കുമെന്ന് ചെയർമാൻ അറിയിച്ചു.
വിശേഷാൽ പ്രസാദ ഊട്ടിന് ശ്രീ ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദം അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസാളൻ, ഓലൻ, അവിയൽ ,എരിശ്ശേരി, പൈനാപ്പിൾ പച്ചടി, മെഴുക്കു പുരട്ടി, ശർക്കരവരട്ടി, കായവറവ്, അച്ചാർ, പുളിഇഞ്ചി, പപ്പടം, മോര് എന്നിവ ഉൾപ്പെടുന്ന വിഭവങ്ങൾ ഭക്തർക്ക് ധന്യതയേകും. രാവിലെ ഒൻപത് മണിക്ക് പ്രസാദ ഊട്ട് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് അവസാനിപ്പിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലും ശ്രീ ഗുരു വായുരപ്പൻ ഓഡിറ്റോറിയത്തിലും പ്രസാദ ഊട്ട് നൽകും. അന്ന്ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തു ഒരുക്കും 150 പ്രൊഫഷണൽ വിളമ്പുകാരെ നിയോഗിച്ചിരിക്കുകയാണ്. പാൽപായസവും ഉൾപ്പെടുന്ന വിശേഷാൽ പ്രസാദം ഭക്തർക്ക് ധന്യതയായി എത്തും.
അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടുകളുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചു. 7.25760 രൂപയാണ് അപ്പം, എസ്റ്റിമേറ്റ് തുക രശീതിന് 35 രൂപയാണ് നിരക്ക്. വഴിപാടുകാരന് പരമാവധി 700 (20 ശീട്ട്) രൂപയുടെ അപ്പം ശീട്ടാക്കാം. ക്ഷേത്രം കൗണ്ടറിലൂടെ മാത്രമാകും അപ്പം ശീട്ടാക്കലും വിതരണവും. 8,08,000 രൂപയുടെ പാൽപായസം വഴിപാടിനുള്ള എസ്റ്റിമേറ്റും അംഗീകരിച്ചിട്ടുണ്ട്.
അഷ്ടമി രോഹിണി ദിനത്തിൽ രാവിലെയും ഉച്ചയ്ക്കും കാഴ്ചശീവേലിക്കും പെരുവനം കുട്ടൻമാരാർ, തിരുവല്ല രാധാകൃഷ് ണൻ എന്നിവരുടെ പ്രമാണത്തിൽ വാദ്യ കലാകാരൻമാർ വിശേഷാൽ മേളമൊരുക്കും. ഉച്ചയ്ക്കും രാത്രി വിളക്കിനും വിശേഷാൽ പഞ്ചവാദ്യത്തിന് തിമിലയിൽ വൈക്കം ചന്ദ്രൻമാരാരും സംഘവും, മദ്ദത്തിൽ കലാമണ്ഡലം കുട്ടി നാരായണനും സംഘവും ഇടയ്ക്കയിൽ പല്ലശന സുധാകരനും സംഘവും കൊമ്പിൽ പേരാമംഗലം വിജയനും സംഘവും ഇലത്താളത്തിൽ പാഞ്ഞാൾ വേലു കുട്ടിയും സംഘവും അണി നിരക്കും. ഗുരുവായൂർ ശശിമാരാരും സംഘവും സന്ധ്യാതായമ്പക ഒരുക്കും. രാത്രി വിളക്കിന് ‘വിശേഷാൽ ഇടയ്ക്ക പ്രദക്ഷിണം. ഇടയ്ക്കയിൽ ഗുരുവായൂർ ശശിമാരാരും സംഘവും. നാഗസ്വരം ഗുരുവായൂർ മുരളിയും സംഘവും അവതരിപ്പിക്കും.
200-ഓളം വിവാഹങ്ങൾ
അഷ്ടമിരോഹിണി ദിനത്തിൽ 200-ഓളം വിവാഹങ്ങൾ ശീട്ടാക്കിയിട്ടുണ്ട്. പുലർച്ചെ 4 മുതൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, നാല് മണ്ഡപങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും, ആവശ്യമെങ്കിൽ അഞ്ചാമത്തെ മണ്ഡപവും തുറക്കുമെന്നും ഭരണസമിതി അറിയിച്ചു.
പത്രസമ്മേളനത്തിൽ ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവരും പങ്കെടുത്തു.
ഗുരുവായൂർ: ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിലുള്ള 51-ാംമത് ശ്രീ വിഷ്ണു സഹസ്രനാമോത്സവവും 44-ാം മത് ശ്രീമദ് ഭഗവദ്ഗീതാ യജ്ഞവും 12 ദിവസങ്ങളിലായി വളരെ വിപുലമായ പരിപാടികളോടെ 2025 സെപ്തംമ്പർ 17-ാം തിയ്യതി മുതൽ 28-ാം തിയ്യതി ( 1 201 കന്നി I-12) കൂടിയ ദിവസങ്ങളിൽ ഗുരുവായൂർ ക്ഷേത്ര ആദ്ധ്യാത്മികഹാളിൽ വെച്ച് നടത്തുന്നു.
ഈ വർഷം മുതൽ പതിവിലും വിശേഷമായി 43 വർഷക്കാലമായി മണ്ഡലകാല സമാപനത്തോടനുബന്ധിച്ച് ധനു 11 മുതൽ ശ്രീഗുരുവായുരപ്പൻ ഭജന സമിതി നടത്തിവരാറുള്ള ശ്രീമദ് ഭഗവദ്ഗീതാ സപ്താഹ യജ്ഞം ഈ വർഷം മുതൽ ശ്രീവിഷ്ണു സഹസ്രനാമോത്സവത്തോടൊപ്പം സമന്വയിപ്പിച്ചു കൊണ്ട് ” സമ്പൂർണ്ണ വിഷ്ണു സഹസ്രനാമഭഗവദ്ഗീതാ മഹോത്സവമായി കൊണ്ടാടുന്നു. 12 ദിവസങ്ങളിലായി വിവിധ ആദ്ധ്യാത്മികാചാര്യന്മാരുടെ ഭക്തി പ്രഭാഷണ പരമ്പര ,ഗീതാ പ്രഭാഷണം തുടങ്ങിയവയുംപ്രഗത്ഭരായ സംഗീതാചാര്യന്മാരെ അഷ്ടപദി സംഗീതാർച്ചന തിരുപ്പാവൈ മുതലായ സംഗീതസമന്വയ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
യജ്ഞത്തിൻ്റെ ഉദ്ഘാടന കർമ്മം 2025 സെപ്തംമ്പർ 17ാം തിയ്യതി ബുധനാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ഡോ: ചേന്നാസ്സ് ദിനേശൻ നമ്പൂതിരി ക്ഷേത്രം അഡ്മിനിസ്റ്റ്രേറ്റർ ഒ ബി – അരുൺ കുമാർ എന്നിവർ ചേർന്ന് വേദിയിൽ ഭദ്രദീപം തെളിയിച്ച് ആരംഭം കുറിക്കുന്നു
തുടർന്ന് ശ്രീ ഗുരുവായുരപ്പൻ ഭജന സമിതി എല്ലാ വർഷവും ഭക്തജനങ്ങൾക്കായ് നിത്യവും പാരായണം ചെയ്യുവാൻ നൽകുന്ന സ്തോത്ര പുഷ്പാജ്ഞലി എന്ന സ്തോത്ര പുസ്തകം ഭഗവദ്പ്രസാദം ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രി ഡോ: ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഗുരുവായുരപ്പനു സമർപ്പണം ചെയ്തു കൊണ്ട് ആദ്യ കോപ്പി ക്ഷേത്രം അഡ്മിനിസ്റ്റ്രേറ്റർ ഒ ബി അരുൺ കുമാറിന് നൽകി ഭക്തജനങ്ങൾക്കായ് സൌജന്യമായി വിതരണം ചെയ്യുന്നതാണ്.
യജ്ഞത്തിൻ്റെ 11-ാം ദിവസമായ 2025 സെപ്തംമ്പർ 27-ാം തിയ്യതി വൈകുന്നേരം 5 മണിക്ക് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ക്ഷേത്രം ഊരാളനും ഭരണസമിതി അംഗവുമായ ബ്രഹ്മശ്രി മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഭരണ സമിതി അംഗവും ജീവനക്കാരുടെ പ്രതിനിധിയുമായ സി മനോജ് എന്നിവർ ചേർന്ന് വേദിയിൽ “ഐശ്വര്യ ഭദ്രദീപ സമർപ്പണം നടത്തും.
യജ്ഞത്തിൻ്റെ സമാപനഭദ്രദീപ സമർപ്പണം 2025 സെപ്തംമ്പർ 28-ാം തിയ്യതി ഉച്ചക്ക് 11 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് നിർവഹിക്കുന്നുസമാപന ദിവസം സെപ്തംമ്പർ 28-ാം തിയ്യതി ഉച്ചക്ക് 12 മണിക്ക് ക്ഷേത്രകുളത്തിനു ചുറ്റും നാദസ്വരത്തിൻ്റെ അകമ്പടിയോടെ നാമജപഘോഷയാത്രയും ഉണ്ടായിരിക്കും ഘോഷയാത്രക്കു ശേഷം യജ്ഞം മേച്ചേരി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സമർപ്പിക്കും. സമാപന ദിവസം സെപ്തംമ്പർ 28-ാം തിയ്യതി ഉച്ചക്ക് 12 മണിക്ക് ക്ഷേത്രകുളത്തിനു ചുറ്റും നാദസ്വരത്തിൻ്റെ അകമ്പടിയോടെ നാമജപഘോഷയാത്രയും ഉണ്ടായിരിക്കും ഘോഷയാത്രക്കു ശേഷം യജ്ഞം മേച്ചേരി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സമർപ്പിക്കും.
12 ദിവസങ്ങളിലായി നടക്കുന്ന യജ്ഞത്തിന് ഭാരവാഹികളായ മേച്ചേരി കേശവൻ നമ്പൂതിരി മഞ്ചിറ കേശവൻ നമ്പൂതിരി, തേലമ്പറ്റ വാസുദേവൻ നമ്പൂതിരി, മേച്ചേരി ശ്രീകാന്ത് നമ്പൂതിരി, തിരുവാല്ലൂർ ശരത് നമ്പൂതിരി എന്നിവർ നേതൃത്വം നൽകുന്നതായിരിക്കും
ഗുരുവായൂർ: ചിങ്ങമാസത്തിന്റെ അവസാനദിവസങ്ങളിൽ ഗുരുവായൂർ ക്ഷേത്രം വീണ്ടും വിവാഹോത്സവ തിരക്കിലായി. ഇന്നലെ മാത്രം 186 വിവാഹങ്ങൾ ക്ഷേത്രത്തിൽ നടന്നു. പുലർച്ചെ അഞ്ചുമണിമുതൽ നാലു മണ്ഡപങ്ങളിലായി നടന്ന താലികെട്ടുകൾക്കായി എത്തിയവരുടെ തിരക്കിൽ ക്ഷേത്രപരിസരം നിറഞ്ഞൊഴുകി.
ഭക്തരും വിവാഹസംഘങ്ങളും ഒരുമിച്ചെത്തിയപ്പോൾ കാലുകുത്താൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടായത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ തിരക്ക് കുറയാൻ തുടങ്ങിയെങ്കിലും രാവിലെ മുഴുവൻ മണ്ഡപങ്ങളിലും തിരക്ക് നിയന്ത്രണാതീതമായി. തിരക്ക് നിയന്ത്രിക്കാൻ ദേവസ്വം വൺവേ സംവിധാനം നടപ്പിലാക്കിയതിനാൽ നഗരത്തിലെ ഗതാഗതം സുതാര്യമായി.
വരാനിരിക്കുന്ന അഷ്ടമിരോഹിണി ദിനത്തിൽ രണ്ടുനൂറോളം വിവാഹങ്ങൾക്കും ഭക്തജനങ്ങളുടെ ദർശനത്തിനുമായി പുലർച്ചെ നാലുമുതൽ തന്നെ താലികെട്ട് തുടങ്ങാനുള്ള പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ദേവസ്വം അറിയിച്ചു. ഇതിനായി കൂടുതൽ മണ്ഡപങ്ങളും കോയ്മമാരേയും നിയോഗിക്കും.
ഉദിത് ചൈതന്യ മുഖ്യപ്രഭാഷണം; ഡിസംബറിൽ 10008 പേർ പങ്കെടുക്കുന്ന ലളിത സഹസ്രനാമ ജപയജ്ഞം
ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ പ്രതിമാസ കുടുംബസംഗമം രുഗ്മിണി റീജൻസിയിൽ ഭംഗിയായി നടന്നു. വൈജ്ഞാനിക സദസ്സിൽ പ്രശസ്ത ആദ്ധ്യാത്മികാചാര്യൻ ശ്രീ. ഉദിത് ചൈതന്യ മുഖ്യപ്രഭാഷണം നടത്തി.
സംഘടനയുടെ ഭാഗമായി 10008 പേർ പങ്കെടുക്കുന്ന ലളിത സഹസ്രനാമ ജപയജ്ഞം ഡിസംബറിൽ ഗുരുവായൂരിൽ വെച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. സംഗമത്തിൽ ശ്രീ. സുകുമാർ കാനഡ രചിച്ച ഇംഗ്ലീഷ് നാരായണീയം പ്രകാശനം ചെയ്തു.
ചടങ്ങിൽ ഡോ. ഡി. എം. വാസുദേവൻ മുഖ്യതിഥിയായിരുന്നു. വൈകുണ്ഠാമൃതം ചെയർമാൻ ശ്രീ. ശശിധരൻ, ശ്രീ. ഹരി മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു. കെ. നായർ, ഖജാൻജി കെ. കെ. വേലായുധൻ, രക്ഷാധികാരി പ്രൊഫ. വൈശ്രവണത്ത് നാരായണൻ നമ്പൂതിരി എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.
കൺവീനർമാരായ ഡോ. കെ. ബി. പ്രഭാകരൻ, മണലൂർ ഗോപിനാഥ്, കെ. സുഗതൻ, ഇ. ആർ. രാധാകൃഷ്ണൻ, കൊങ്ങോർപ്പിള്ളി ശങ്കരനാരായണൻ നമ്പൂതിരി, സിദ്ധാർതൻ നേടിയെടത്ത്, ശ്രീകുമാർ പി. നായർ, മുരളി അകമ്പടി, ജയൻ കെ. മേനോൻ, രവീന്ദ്രൻ വട്ടരങ്ങത്ത്, ദിവാകരൻ, എ. കെ. ഹരിദാസ് കുളവിൽ, പ്രാഹ്ലാദൻ മാമ്പറ്റ് എന്നിവർ സംസാരിച്ചു.
? ഹൈലൈറ്റുകൾ ?️ 1973 സെപ്റ്റംബർ 10 – ചരിത്ര ദിനം! 22 ആനകളുടെ അണിനിരപ്പോടെ നടന്ന ഗജഘോഷയാത്ര 120 ലിറ്റർ അരി, 120 കിലോ ശർക്കര, 100 നാളികേരം ചേർത്ത് ശർക്കരപ്പായസം സമർപ്പണം “ഗജരാജൻ” മുദ്ര അണിയിച്ചത്: ഊരാളൻ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരി ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട്.
ഗുരുവായൂർ: ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട ഗജവീരനായ കേശവന് “ഗജരാജൻ” ബഹുമതി നൽകി ആദരിച്ച് 52 വർഷം. 1973 സെപ്റ്റംബർ 10ന് ഗുരുവായൂരിൽ നടന്ന സേവനസുവർണ്ണജൂബിലി ആഘോഷം, കേരളചരിത്രത്തിൽ ആദ്യമായി ഒരാനക്കു ലഭിച്ച മഹത്തായ ബഹുമതി ആയിരുന്നു. നിലമ്പൂരിൽ നിന്ന് ഗുരുവായൂരിലേക്ക് എത്തിയ കേശവൻ, 60 വർഷത്തോളം ഗുരുവായൂരപ്പന്റെ ശീവേലിയും, എഴുന്നള്ളിപ്പുകളും, പൂരം-ഉത്സവങ്ങളും ഭംഗിയേകി. ഗുരുവായൂരപ്പനെ ശിരസ്സിലേറ്റി, കേരളത്തിലെ എല്ലായിടത്തും ഗാംഭീര്യം നിറഞ്ഞ സാന്നിധ്യം തെളിയിച്ച കേശവനെ നാട്ടുകാർ ഇന്നും “അഭിമാന ഗജവീരൻ” എന്ന നിലയിൽ ഓർക്കുന്നു. ? 1973ലെ അവിസ്മരണീയ ദിനം ദേശവാസികളും ഭക്തജനങ്ങളും ചേർന്ന് വീഥി മുഴുവൻ കവാടങ്ങളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചു. ഭക്തിഗാനങ്ങളും നാദസ്വരവും പഞ്ചവാദ്യവും അകമ്പടിയായി. ഭക്തജനങ്ങൾ കൊട്ടത്തേങ്ങ, ശർക്കര, പൂക്കൾ നൽകി സ്വീകരിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടും ഊരാളൻ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിയും ചേർന്ന് “ഗജരാജൻ” ഫലകം കേശവന്റെ കഴുത്തിൽ അണിയിച്ചു. ഇന്നത്തെ അനുസ്മരണം? 2025 സെപ്റ്റംബർ 10ന്, ഗജരാജൻ കേശവനെ ആദരിച്ച് 52 വർഷം തികയുന്നു. “കേശവീയം–2023” എന്ന പരിപാടി വഴി ദേവസ്വം അനുസ്മരണം നടത്തിയിരുന്നു. പ്രശസ്ത ശിൽപി എളവള്ളിനന്ദകുമാർ നിർമ്മിച്ച കേശവന്റെ പ്രതിമ, ഗുരുവായൂരിന്റെ അഭിമാനമായി ഉയർന്നു. സിനിമ, സുവനീർ, അനുസ്മരണാഘോഷങ്ങൾ എന്നിവ വഴിയും കേശവൻ ഇന്നും ജീവിക്കുന്ന ഓർമ്മയായി നിലകൊള്ളുന്നു.
ഗുരുവായൂരപ്പന് അനവധി വർഷം സേവനംചെയ്ത ഒരാനക്ക് സേവനസുവർണ്ണജൂബിലി ആഘോഷവും,ഗജരാജൻ ബഹുമതിയും നൽകിയ സുദിനം … അന്ന് 1973 സെപ്റ്റംബർ 10 നായിരുന്നു…..കേട്ടവർ ക്ക് എല്ലാം ആശ്ചര്യം! അതെ, ഗുരുവായൂരപ്പന്റെ വാത്സല്യം ആവോളം ആസ്വദിച്ചു കളിച്ചു രസിച്ചു നടന്ന ഒരു പടുവികൃതിയായി,ഭക്തജനങ്ങൾക്ക് കുസൃതിത്തരങ്ങൾ കാട്ടി കൗതുകമുണർത്തിയ ഗുരുവായൂരപ്പന്റെ സ്നേഹഭാജനമായ ഒരാനക്കുട്ടി ! വികൃതികൾ നിലതെറ്റിയപ്പോൾ ,ഒരു ഘട്ടത്തിൽ “ഭ്രാന്തൻ” കേശവൻ എന്ന് വരെ അപഖ്യാതി കേട്ട ഗജവീരൻ….മാത്രമോ വികൃതി മാറ്റാൻ ജ്യോത്സ്യനെ കണ്ട് പ്രശ്നം വെപ്പിച്ച് കഴുത്തിൽ യന്ത്രം കെട്ടി തൂക്കിയ ചരിത്രമുള്ള ആനക്കുട്ടി…കോപാന്തനായാൽ സാമൂതിരികോവിലകം പറമ്പിലെ തെങ്ങുകൾ കുത്തിമറിക്കുക എന്നൊരു ശീലംമാത്രം..എന്നാലോ ഒരിക്കലും ഒരു മനുഷ്യജീവന് അത് സ്വന്തം ആനക്കാരനായാലും,മറ്റൊരാളായാലും ശരി അപായം വരാതിരിപ്പാൻ ബദ്ധശ്രദ്ധയോടെ കരുതലുള്ള സൻമനസ്സുള്ള ഗജവീരൻ….എവിടെ നിന്നായാലും ഇടിഞ്ഞോടിയാൽ ഗുരുവായൂരപ്പന്റെ സന്നിധിയെ ലക്ഷ്യം വെച്ച് ഗുരുവായൂരിലേക്ക് ഓടിയെത്തുന്ന പ്രകൃതക്കാരനായ ഗുരുവായൂർകേശവന് ഗുരുവായൂരിൽ”ഗജരാജൻ “ബഹുമതി നൽകി ആദരിച്ചത് 52വർഷം മുമ്പ് 1973 സെപ്റ്റംബർ 10 ന്.! ഭൂലോകവൈകുണ്ഠമെന്നുപുകൾപെറ്റ ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഒരുനൂറ്റാണ്ട് മുമ്പ് ഏതോ മുജ്ജന്മ സുകൃതംകൊണ്ട് നമ്രശിരസ്കനായി എത്തിപ്പെട്ട ഒരു ഗജവീരൻ ! ഗജേന്ദ്രനുണ്ടോ വ്രതയോഗചര്യ ? ഗജേന്ദ്രനുണ്ടോ കുലവൈഭവാദി ….ഗജേന്ദ്രഹൃത്താരിലെ ഭക്തി മാത്രം ഗജേന്ദ്രമുക്തിക്കു നിദാനമായി…..എന്ന തിരുനാമാചാര്യൻറെ വരികൾ യാഥാർത്ഥ്യമാണെന്ന് തെളിയിച്ച ജീവിതം സഫലമാക്കിയ ഗജപുംഗവൻ !ഗുരുവായൂരപ്പന് അറിഞ്ഞോ,അറിയാതെയോ 60 വർഷത്തെ സേവനം പൂർത്തിയാക്കിയ ഗുരുവായൂർ കേശവന് ഭക്തവൃന്ദവും,ഗുരുവായൂർ പൗരാവലിയും, ദേവസ്വവും ചേർന്ന് “ഗജരാജൻ” ബഹുമതി നൽകിയിട്ട് 2025 സെപ്റ്റംബർ 10 ന് 52 വർഷം തികയുന്നു. ചരിത്രത്തിൽ ആദ്യമായി ഒരു ഗജപുംഗവനെ ആദരവോടെ സ്വീകരിച്ച് സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട ഗജരാജൻ ബഹുമതി നൽകിയ ചരിത്രം ഗുരുവായൂരിൽ മാത്രം. ഗുരുവായൂരപ്പന്റെ സ്വന്തം കേശവന് മാത്രം! നിലമ്പൂരിലെ വനാന്തരങ്ങളിൽ നിന്നും നിലമ്പൂർ കോവിലകത്തേക്ക് എത്തിച്ചേർന്ന കുസൃതിയായ കുട്ടിക്കൊമ്പൻ….ഒരവസരത്തിൽ കോവിലകം രാജകുടുംബത്തിന്റെ പ്രാർത്ഥനയുടെ ഫലമായി ഗുരുവായൂരപ്പന് നടയിരുത്തപ്പെട്ടു. ഗുരുവായൂരപ്പന്റെ കൊടിമരത്തറയിൽ വെള്ളയും കരിമ്പടവും വിരിച്ച് ഭദ്രദീപംതെളിയിച്ച് തീർത്ഥവും കളഭവും ചാർത്തി നടയിരുത്തിയ ആനക്കുട്ടിക്ക് മേശ്ശാന്തി പേര് വിളിച്ചു കേശവൻ! കേശവൻ! കേശവൻ ! കാലാന്തരേണ കേശവൻ വളർന്നു വലുതായി. ഗുരുവായൂരിന്റ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതി ചേർക്കപ്പെട്ട ഒരു ഗജസമ്രാട്ട്..ഒരിക്കലും മായാത്ത ഗുരുവായൂർ കേശവനായി….. നൂറ് വർഷംമുമ്പ് ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലേക്ക് 1922 ൽ അപ്രതീക്ഷിതമായി,നവാഗതനായി എത്തിയ കേശവൻ ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പേറ്റി അനവധി കാലം ശീവേലിക്കും, ചുറ്റുവിളക്കിനും, ക്ഷേത്രത്തിൽ നടന്നു വന്ന അനവധി എഴുന്നള്ളിപ്പുകൾക്കും ഗജപ്രൗഢിയോടെ പ്രധാനിയായി കോലമേറ്റി.ഗുരുവായൂരപ്പനെ ശിരസ്സിലേറ്റി .ഇടത്തരികത്ത് കാവ് ഭഗവതിയെ ശിരസ്സിലേറ്റി അമ്മയുടെ അനുഗ്രഹം ധാരാളം ഏറ്റുവാങ്ങി. ഗുരുവായൂർ ഉത്സവം,ഏകാദശി അഷ്ടമിരോഹിണി ആഘോഷങ്ങൾക്കെല്ലാം കേശവൻ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലമേറ്റി. അനുഗൃഹീതനായ കേശവൻ ഗുരുവായൂർ ക്ഷേത്രം വിട്ട് പുറമേ എഴുന്നള്ളിപ്പുകൾക്ക് പോയിതുടങ്ങി. പ്രഗത്ഭരായ മറ്റു ഗജവീരൻമാരെയെല്ലാം പിന്നിലാക്കി ശിരസ്സുയർത്തി നിന്നു.തൃശൂർ പൂരവും, ഇരിങ്ങാലക്കുട ഉത്സവവും, നെൻമാറ_വല്ലങ്ങി പൂരം,പുതുക്കോട് നവരാത്രി ഉത്സവം, തൃപ്രയാർ ഏകാദശി ഉൾപ്പെടെ പല എഴുന്നള്ളിപ്പുകൾക്കും വാടാനപ്പള്ളി ക്ഷേത്രോത്സവം, എന്ന് വേണ്ട കുന്നംകുളം പള്ളിയിൽ നേർച്ച എഴുന്നള്ളിപ്പും വരെ പ്രൗഢിയോടെ സാന്നിധ്യം അറിയിച്ച് വീണ്ടും വീണ്ടും പ്രഗൽഭനായി.പ്രശസ്തനായി.കേരളത്തിലങ്ങോളമിങ്ങോളം എഴുന്നള്ളിപ്പുകൾക്ക് ഗുരുവായൂർ കേശവൻ പ്രസിദ്ധനായി.ആനകളിൽ ഒഴിച്ചുകൂടാനാവാത്ത ഗാംഭീര്യം !എവിടേയും എഴുന്നള്ളിപ്പുകൾക്ക് ഗുരുവായൂർ കേശവൻ പ്രധാനിയായി.ഗുരുവായൂരിനൊരു അഭിമാനമായി.. അങ്ങനെ 1973 സെപ്റ്റംബർ 10 ന് കേശവൻ “ഗജരാജൻ” ഗുരുവായൂർ കേശവൻ ആയി ! കേരളത്തിൽ ഒരാനക്ക് ലഭിച്ച ആദ്യ അംഗീകാരം.! അതെ,…ഗുരുവായൂരപ്പന്റെ ഭക്തൻമാർ, നാട്ടുകാർ, ഒട്ടനവധി അഭ്യുദയകാംക്ഷികൾ,ആനപ്രേമികൾ , ഉൾപ്പെടെ ഗുരുവായൂർ പൗരാവലി കേശവനെ വാത്സല്യപൂർവ്വം സ്നേഹിച്ചവർ ഒരേ ശബ്ദത്തിൽ തീരുമാനിച്ചുറച്ചു…. കേശവന്റെ സേവനസുവർണ്ണജൂബിലി ഒരാഘോഷമാക്കണമെന്ന്.എല്ലാവരും ഭൂലോകവൈകുണ്ഠനാഥനായ ,ഗജപ്രിയനായ ഗുരുവായൂരപ്പനോട് ഒരപേക്ഷ സമർപ്പിച്ചു. ഗുരുവായൂർ കേശവന് ഒരു ബഹുമതി നൽകി ആദരിക്കണം…. ഇതായിരുന്നു ആവശ്യം. .. പ്രാർത്ഥനയോടെ ഗുരുവായൂർ ദേവസ്വം അധികൃതരെ വിവരം ധരിപ്പിച്ചു. ഒട്ടും താമസമില്ലാതെ ഗുരുവായൂർ ദേവസ്വവും കേശവന്റെ കാര്യത്തിൽ പങ്കാളികളായി. ദേവസ്വം അനുമതി യായി.ഗുരുവായൂരിലെ പൗരപ്രമുഖൻ ജി.ജി.കൃഷ്ണയ്യർ പ്രസിഡണ്ടായും എ.വേണുഗോപാലൻ കാര്യദർശിയായും ഗുരുവായൂർ കേശവൻ “സേവനസുവർണ്ണജൂബിലി ആഘോഷക്കമ്മറ്റി “യും രൂപീകരിച്ചു. ഇന്നത്തെ പോലെ ആധുനിക സാങ്കേതിക മാധ്യമങ്ങളുടേയോ മറ്റു സംവിധാനങ്ങളുടേയോ സംവിധാനം ഒന്നും ഇല്ലാത്ത കാലം..കേശവന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടീസുകൾ,വാൾ പോസ്റ്റുകൾ ഗുരുവായൂർ ദേശംമുഴുവനും നിറഞ്ഞു.ആനപ്രേമികൾ ക്ക് ആവേശമായി. നാട്ടുകാർ ഉത്സാഹഭരിതരായി.എന്നാൽ ചിലരെങ്കിലും അടക്കം പറഞ്ഞു…എങ്ങും കേട്ടുകേൾവിയില്ലാത്ത മറ്റെങ്ങും കാണാത്ത ഒരാഘോഷം ! ഒരാനയുടെ സേവനസുവർണ്ണജൂബിലി ആഘോഷമോ ? പലരും ആശ്ചര്യഭരിതരായി.എന്നാൽ ഗുരുവായൂരപ്പനുള്ള ഭക്തിവിശ്വാസം !അതെ,ഗുരുവായൂരപ്പന്റെ കേശവന് സുവർണ ജൂബിലി ദിനം…അതൊന്ന് ഗംഭീരമാക്കണം…ഇതായി എല്ലാവരുടേയും ചിന്ത. ..പത്രദ്വാര സേവനസുവർണ്ണജൂബിലി ആഘോഷ വിവരം ലോകം മുഴുവനും അറിഞ്ഞു.ഗുരുവായൂരിലെ വീഥികളെല്ലാം സംഘടനകളുടേയും, വ്യക്തികളുടേയും വകയായി കേശവന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടുള്ള കവാടങ്ങളും ബാനറുകളും കൊണ്ട് അലംകൃതമായി. സേവനസുവർണ്ണജൂബിലി യോടനുബന്ധിച്ച് ഉച്ചക്ക് ഒരു മണിക്ക് വലിയ ഘോഷയാത്ര നടന്നു.ഗുരുവായൂർ കേശവനോടുള്ള ബഹുമാനാർത്ഥം കേരളത്തിലെ മികച്ച ആനകൾ ഘോഷയാത്രയിൽ പങ്കെടുത്തു.അനവധി അനവധി ഭക്തജനങ്ങൾ ഗുരുവായൂരിലേക്ക് ഒഴുകി എത്തി..ദേവസ്വത്തിൽനിന്നും ഗുരുവായൂരപ്പന്റെ സ്വന്തം ഗജവീരൻമാരും,പുറമെ നിന്നും എത്തിയ ആനകളും ഉൾപ്പെടെ പണ്ടെങ്ങും കണ്ടിട്ടില്ലാത്തവിധം 22ആനകൾ പങ്കെടുത്ത അതിഗംഭീരമായ ഒരു ഗജ ഘോഷയാത്ര ! മുമ്പിൽ ആടയാഭരണങ്ങൾ അണിഞ്ഞും പട്ടുതുണിയിൽ തയ്യാറാക്കി യ വലിയ മേലങ്കി മേലണിഞ്ഞും ശിരസ്സുയർത്തി മന്ദം മന്ദം നടന്നു നീങ്ങുന്ന കേശവൻ.. ഘോഷയാത്ര ഗുരുവായൂരിനെ ഉത്സവഭരിതമാക്കി. ക്ഷേത്രത്തിൽ 120 ലിറ്റർ അരിയും,120 ലിറ്റർ ശർക്കരയും,100 നാളികേരവും ഉപയോഗിച്ച് ശർക്കരപ്പായസം തിടപ്പള്ളിയിൽതന്നെ കീഴ്ശാന്തി നമ്പൂതിരിമാർ തയ്യാറാക്കി പന്തീരടി പൂജക്ക് ഗുരുവായൂരപ്പന് നിവേദിച്ചു. കിഴക്കെ നടയിൽ നിന്നും മഞ്ജുളാൽ ചുറ്റി , പാർത്ഥസാരഥി ക്ഷേത്രം വലം വെച്ച് തെക്കെ നട സാമൂതിരികോവിലകത്തിനുമുമ്പിലൂടെ നീങ്ങിയ ഘോഷയാത്ര പടിഞ്ഞാറെനടയിൽ വന്ന് പടിഞ്ഞാറെ ഗോപുരത്തിന്റെ മുമ്പിൽ എത്തി. അവിടെനിന്നും ഗുരുവായൂർ മഹിളാ സമാജം,തിരുവെങ്കിടം മഹിളാ സമാജം അംഗങ്ങളും കേശവന് താലമേന്തി അനുഗമിച്ചു. ഭക്തജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങിയ കേശവൻ. അവിടെ നിന്നും ഗുരുവായൂരപ്പന്റെ രുദ്ര തീർത്ഥം വലം വെച്ചു. അലംകാരവിഭൂഷിതനായ കേശവന്റെ നേതൃത്വത്തിൽ നാദസ്വരവും പഞ്ചവാദ്യവും അകമ്പടി സേവിച്ച ഘോഷയാത്ര കിഴക്കെ ഗോപുരം സന്നിധിയിൽ എത്തി ച്ചേർന്നു. ശങ്കരപുരംഅപ്പുമാരാരുടെ നേതൃത്വത്തിലായിരുന്നു പഞ്ചവാദ്യം. കുരുത്തോലയും,വാഴക്കുല കളും,കൊടിതോരണങ്ങളും കൊണ്ട് ഗുരുവായൂർ പ്രദേശം അലംകൃതമായി.വഴിനീളെ നിലവിളക്കും,നിറപറയും വെച്ച് കടകളിലും വീടുകളിലും ഗുരുവായൂരപ്പന്റെ കേശവനെ, ഗുരുവായൂർ കേശവനെ ഭക്തജനങ്ങൾ ആരതി ഉഴിഞ്ഞു സ്വീകരിച്ചു.നാരായണനാമോച്ചാരണത്തോടെ ആഞ്ഞം മാധവൻ നമ്പൂതിരി കേശവന് വലിയ ഹാരമണിയിച്ച് പ്രത്യേകം കർപ്പൂരാരതി ചെയ്തു വന്ദിച്ചു.കൊട്ടത്തേങ്ങയും, ശർക്കരയും കൂട്ടിച്ചേർത്തു ഭക്തജനം ഭക്തിയോടെ, ആദരവോടെ കേശവന് വായിൽ നൽകാൻ മത്സരിച്ചു.ക്ഷേത്രഗോപുരനടയിൽ വെച്ച് ക്ഷേത്രം ഊരാളനും അന്നത്തെ ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി വൈസ് ചെയർമാനും കൂടിയായിരുന്ന മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിയും, ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടും ചേർന്ന് സ്വർണ്ണലിപികളിൽ എഴുതിയ “ഗജരാജൻ ” ഫലകം കേശവന് കഴുത്തിൽ അണിയിച്ചു.ഭക്തകണ്ഠങ്ങളിൽ നിന്നും നാമസംകീർത്തനം മുഴങ്ങി. ഉച്ചയ്ക്ക്ശേഷം അഞ്ച് ആനകൾ പങ്കെടുത്ത കാഴ്ച ശീവേലിക്ക് ഗുരുവായൂരപ്പനെ ശിരസ്സിലേറ്റി ഗജരാജപട്ടം അണിഞ്ഞ കേശവൻ ആത്മനിർവൃതിയിലായി.നേരത്തെ നടന്ന ഘോഷയാത്രയിൽ പങ്കെടുത്ത ഗജവീരൻമാർക്കെല്ലാം ഗുരുവായൂരപ്പന് നിവേദിച്ച ശർക്കരപ്പായസം നൽകി. അങ്ങനെ ചരിത്രത്തിൽ ആദ്യമായി ഒരാനക്ക് ഗജരാജൻ ബഹുമതി,ഒരാനയുടെ സേവനസുവർണ്ണജൂബിലി ആഘോഷം ഇതെല്ലാം ഗുരുവായൂരിന്റെ ചരിത്രത്തിൽ ഇടം നേടി.ഉത്സവലഹരിയിലാറാടിയ ഗുരുവായൂരിന്റെ അന്നത്തെ അവിസ്മരണീയമായ ആ സുദിനം. വർഷങ്ങൾ പിന്നിട്ട് ഇതാ 52 വർഷം തികഞ്ഞിരിക്കുന്നു.കേശവന് ഗജരാജൻ ബഹുമതി നൽകി ആദരിച്ചിട്ട് 1973 ൽ നിന്നും 2025 സെപ്റ്റംബർ 10 ലെത്തി.ഗുരുവായൂർ ദേശവാസികൾക്ക് അതൊരു അവിസ്മരണീയമായ ഓർമ്മയായി…. ഗജരാജൻ കേശവൻ ഓർമ്മയായിട്ട് 49 വർഷം പിന്നിടുമ്പോൾ ,അഭിനവ ഗജേന്ദ്രമോക്ഷത്തിലൂടെ,ഒരു സിനിമയിലൂടെ ,ഗജരാജപ്രതിമയിലൂടെ ലോകപ്രശസ്തിയിലെത്തിയ ഗുരുവായൂർ കേശവന്റെ മറക്കാൻ കഴിയാത്ത ഓർമ്മകളുമായി ഗുരുവായൂർ ദേവസ്വം രണ്ട് വർഷംമുമ്പ് വർഷം കേശവീയം_2023 എന്നപേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന അവിസ്മരണീയമായ വിവിധ പരിപാടികൾ ആരംഭിച്ചു.കേശവീയം_2023 നോടനുബന്ധിച്ച് ഗജരാജൻ കേശവൻ്റെ ചരിത്രം രേഖപ്പെടുത്തുന്ന സുവനീർ പ്രകാശനവും അണിയറയിലുണ്ടെന്നറിയുന്നു. ഇന്നും ജ്വലിക്കുന്ന ഓർമ്മകളിൽ ഗുരുവായൂരിലെ പ്രസിദ്ധ ശിൽപി എളവള്ളിനന്ദകുമാറിന്റെ നേതൃത്വത്തിൽ ഗുരുവായൂർ കേശവൻ്റെ പൂർണ്ണമായ പ്രതിമ മനോഹരമാക്കി ഈ വർഷത്തെ ഗജരാജൻ കേശവൻ അനുസ്മരണം പ്രൗഢഗംഭീരമാക്കാനും ഗുരുവായൂർ ദേവസ്വം ശ്രമമാരഭിച്ചു. ഹന്ത! ഭാഗ്യം ഗജാനാം…
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ പുറത്തിറങ്ങിയ പുതിയ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകളാണുണ്ടായതെന്ന് നഗരസഭ കോൺഗ്രസ്സ് പ്രതിനിധികൾ ശക്തമായ ആരോപണവുമായി മുന്നോട്ട് വന്നു. നഗരസഭ ERO (സെക്രട്ടറി)ക്ക് സമർപ്പിച്ച പരാതിയിലൂടെയാണ് സംഘം വിഷയത്തെ ഉയർത്തിക്കാട്ടിയത്.
കരട് പട്ടിക മുതൽ തുടർന്ന അപാകതകൾ വാർഡ് വിഭജനത്തിനു ശേഷം പുറത്തിറങ്ങിയ കരട് പട്ടികയിൽ തന്നെ നിരവധി തെറ്റുകൾ ഉണ്ടെന്ന് മുൻപ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നഗരസഭ ഉദ്യോഗസ്ഥർ അവ തെറ്റുകൾ തിരുത്തുമെന്നും, ഔദ്യോഗികമായി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചുമായിരുന്നു ഉറപ്പുനൽകിയത്. എന്നാൽ, പുതിയതായി പുറത്തിറക്കിയ പട്ടികയിൽ പോലും അതേ തെറ്റുകൾ തിരുത്താതെ തന്നെ തുടരുന്നുണ്ടെന്നതാണ് കോൺഗ്രസ്സ് പ്രതിനിധികളുടെ പ്രധാന ആരോപണം.
ജീവിച്ചിരിക്കുന്നവരെ ഒഴിവാക്കി, പുതിയ വോട്ടർമാരെ ഉൾപ്പെടുത്താതെ
പട്ടികയിൽ നിന്ന് ജീവിച്ചിരിക്കുന്ന നിരവധി അർഹരായവരെ ഒഴിവാക്കിയിട്ടുണ്ടെന്നും, പുതിയ വോട്ടർമാരായി അപേക്ഷ നൽകി ഹിയറിംഗിൽ ഹാജരായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയവരെയും ഉൾപ്പെടുത്തിയിട്ടില്ലെന്നുമാണ് പ്രതിഷേധം. വോട്ടർമാരുടെ അടിസ്ഥാന അവകാശത്തെ തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് ഈ നടപടി നടന്നതെന്ന് സംഘം ആരോപിച്ചു.
CPM-ന്റെ ഇടപെടൽ ആരോപണം
വാർഡ് വിഭജന ഘട്ടം മുതൽ തന്നെ CPM ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നതായും, നഗരസഭയിലെ ചില ഉദ്യോഗസ്ഥർ ഇത്തരം നീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നതായും കോൺഗ്രസ്സ് പ്രതിനിധികൾ ആരോപിച്ചു. തെരഞ്ഞെടുപ്പ് പോലുള്ള അടിസ്ഥാന ജനാധിപത്യ പ്രക്രിയയിൽ തന്നെ പാർട്ടിപ്രേരിതമായ ഇടപെടലുകൾ നടക്കുന്നതിൽ ശക്തമായ ആശങ്കയും സംഘം രേഖപ്പെടുത്തി.
തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും
പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെയും, ജില്ല കളക്ടറെയും ഔദ്യോഗികമായി അറിയിക്കുമെന്നും കോൺഗ്രസ്സ് പ്രതിനിധി സംഘം വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തെ സംരക്ഷിക്കുന്നതിനായി നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
പ്രതിഷേധത്തിൽ പങ്കെടുത്തവർ
അരവിന്ദൻ പല്ലത്ത്, കെ പി ഉദയൻ , കെ പി എ റഷീദ്, ബി വി ജോയ് , സാബു ചൊവ്വല്ലൂർ, സിന്റോ തോമസ്സ് , കൗൺസിലർ കെ എം കെ ഹറൂഫ് …