the digital signature of the temple city

Home Blog Page 74

ഗുരുവായൂരില്‍ പ്രതിവര്‍ഷം ലഭിക്കുന്നത് 25 കിലോ സ്വര്‍ണം, ശബരിമലയില്‍ 15 കിലോ; ഇന്ത്യയിലെ ക്ഷേത്രങ്ങളിലുള്ളത് 4000 ടണ്‍ സ്വര്‍ണ ശേഖരം

സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമ്പോഴും കേരളത്തിലെ ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ ഭക്തിയാല്‍ തിളങ്ങുന്നു..

സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമ്പോഴും കേരളത്തിലെ ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ ഭക്തിയാല്‍ തിളങ്ങുന്നു. സ്വര്‍ണ വില റോക്കറ്റ് പോലെ ഉയരുമ്പോഴും ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വഴിപാടുകളില്‍ ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ വിലയേറിയ ലോഹങ്ങള്‍ വഴിപാട് പെട്ടിയില്‍ നിക്ഷേപിക്കുന്നത് തുടരുകയാണ്. എല്ലാ വര്‍ഷവും ഏകദേശം 20 മുതല്‍ 25 കിലോഗ്രാം വരെ സ്വര്‍ണവും 120 മുതല്‍ 150 കിലോഗ്രാം വരെ വെള്ളിയുമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി നല്‍കുന്നത്. 2025 ഒക്ടോബറില്‍ മാത്രം 2.58 കിലോഗ്രാം സ്വര്‍ണവും 9.31 കിലോഗ്രാം വെള്ളിയുമാണ് ലഭിച്ചത്.

തീര്‍ത്ഥാടനകാലത്ത് മൂന്ന് മാസത്തേക്ക് മാത്രം തുറക്കുന്ന ശബരിമല ക്ഷേത്രത്തില്‍ ചെറിയ കാലയളവില്‍ ഏകദേശം 15 കിലോഗ്രാം സ്വര്‍ണ്ണമാണ് ലഭിക്കുന്നത്. സംസ്ഥാനത്തുടനീളം 3,000ലധികം ക്ഷേത്രങ്ങളില്‍ ആഭരണങ്ങളും നാണയങ്ങളും മുതല്‍ വിഗ്രഹങ്ങളും ആചാരപരമായ വസ്തുക്കളും വരെ വിവിധ രൂപങ്ങളിലുള്ള വിലയേറിയ ലോഹങ്ങള്‍ വഴിപാടായി ലഭിക്കുന്നുണ്ട്.

ഇന്ത്യയുടെ സ്വര്‍ണ്ണ ആവശ്യകതയില്‍ (600-800 ടണ്‍ വാര്‍ഷിക ഉപഭോഗത്തിന്റെ 25-28%) കേരളം ഗണ്യമായി സംഭാവന ചെയ്യുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ക്ഷേത്രങ്ങള്‍, പള്ളികള്‍, മത സ്ഥാപനങ്ങള്‍ എന്നിവയില്‍ ഗണ്യമായ അളവില്‍ സ്വര്‍ണ സംഭാവനകള്‍ ലഭിക്കുന്നു. ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ 2,000-4,000 ടണ്‍ സ്വര്‍ണശേഖരം ഉണ്ടായിരിക്കാമെന്നും 1968 ന് മുമ്പ് ഇത് 1,000 ടണ്‍ ആയിരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ 1,000-3,000 ടണ്‍ സ്വകാര്യ വ്യക്തികള്‍ സംഭാവന ചെയ്തതാകാമെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തിന് ലഭിക്കുന്ന സ്വര്‍ണത്തിന്റെ ഭൂരിഭാഗവും ആഭരണങ്ങളുടെയും മറ്റ് വസ്തുക്കളുടെയും രൂപത്തിലാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ പറഞ്ഞു. ‘ഞങ്ങള്‍ക്ക് ലഭിക്കുന്ന സ്വര്‍ണത്തിന്റെ ഭൂരിഭാഗവും വിവിധ വിഭാഗത്തില്‍ പെടുന്നു. ഞങ്ങള്‍ ഇത് എസ്ബിഐ മുംബൈ ബ്രാഞ്ചില്‍ നിക്ഷേപിക്കുന്നു. അവിടെ അത് സ്വര്‍ണ്ണക്കട്ടികളാക്കി മാറ്റുന്നു. കൂടാതെ നിക്ഷേപിച്ച സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന് ഏകദേശം 2-2.5 ശതമാനം പലിശ ഞങ്ങള്‍ക്ക് ലഭിക്കുന്നു’- അദ്ദേഹം വിശദീകരിച്ചു.

പണമാക്കി മാറ്റാതെ, വഴിപാടായി ലഭിക്കുന്ന വെള്ളി മുന്‍പ് സ്‌ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിരുന്നതെന്നും വി കെ വിജയന്‍ പറഞ്ഞു. ‘അടുത്തിടെ ഞങ്ങള്‍ ഏകദേശം 5 ടണ്‍ വെള്ളി എസ്ബിഐ ഹൈദരാബാദ് ശാഖയില്‍ നിക്ഷേപിച്ചു, അവിടെ അത് ബാറുകളാക്കി മാറ്റി. ബാങ്ക് വഴി ലേലം ചെയ്യാന്‍ അധികൃതരുടെ അനുമതിക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേവസ്വങ്ങളുടെ കീഴിലല്ലാത്ത പല ചെറിയ ക്ഷേത്രങ്ങള്‍ക്കും താലി (മംഗല്യസൂത്രം), ആള്‍രൂപം എന്നിവയുടെ രൂപത്തില്‍ സ്വര്‍ണ സംഭാവനകള്‍ ലഭിക്കുന്നുണ്ടെന്ന് പ്രമുഖ ജ്വല്ലറി ഉടമ അഭിപ്രായപ്പെട്ടു.’നാണയങ്ങള്‍ ഒഴികെ, ലഭിക്കുന്ന സ്വര്‍ണത്തിന്റെ ഭൂരിഭാഗവും സംയുക്ത രൂപത്തിലാണ്. അതിന്റെ കൃത്യമായ മൂല്യം നിര്‍ണ്ണയിക്കാന്‍ 24 കാരറ്റിലേക്ക് ഉരുക്കി ശുദ്ധീകരിക്കേണ്ടതുണ്ട്,’- ജ്വല്ലറി ഉടമ കൂട്ടിച്ചേര്‍ത്തു.

2009ലെ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വിപുലമായ സമ്പത്ത് വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് ക്ഷേത്രസമ്പത്തില്‍ പൊതുജനശ്രദ്ധ വര്‍ദ്ധിച്ചതായി ഐഐഎം-അഹമ്മദാബാദ് ഇന്ത്യ ഗോള്‍ഡ് പോളിസി സെന്റര്‍ (ഐജിപിസി) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തുടര്‍ന്ന് 2015ല്‍ സ്വര്‍ണ്ണ ധനസമ്പാദന പദ്ധതി (ജിഎംഎസ്) ആരംഭിച്ചപ്പോള്‍, ഇന്ത്യയിലുടനീളമുള്ള ക്ഷേത്രങ്ങള്‍ ഔപചാരിക സ്വര്‍ണ്ണ ശേഖരത്തിലേക്ക് എങ്ങനെ സംഭാവന നല്‍കാമെന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഒടുവിലത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് (2020-21) അനുസരിച്ച്, ജിഎംഎസിന് കീഴില്‍ 834 കിലോഗ്രാം സ്വർണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതുവഴി ഏകദേശം 5.4 കോടി രൂപയാണ് വാര്‍ഷിക പലിശയായി ലഭിക്കുന്നത്. 2023ല്‍ സ്വര്‍ണ്ണ ധനസമ്പാദന പദ്ധതി പ്രകാരം അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ 535 കിലോഗ്രാം ക്ഷേത്ര സ്വർണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ കേരള ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കി. 2024ല്‍ ബോര്‍ഡ് 467 കിലോഗ്രാം സ്വര്‍ണ്ണമാണ് റിസര്‍വ് ബാങ്കിന് കൈമാറിയത്.

ഈ പ്രക്രിയയുടെ ഭാഗമായി, തിരുവാഭരണം കമ്മീഷണറുടെ മേല്‍നോട്ടത്തില്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അതിന്റെ 18 സ്‌ട്രോങ് മുറികളിലായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണത്തെ കാറ്റഗറി എ (ചരിത്ര നിധികള്‍), കാറ്റഗറി ബി (ദൈനംദിന ആചാര ആസ്തികള്‍), കാറ്റഗറി സി (പലവക സ്വര്‍ണ്ണ ശകലങ്ങള്‍) എന്നിങ്ങനെ മൂന്നായി തരംതിരിച്ച് അമൂല്യ ആസ്തികളുടെ കൃത്യമായ രേഖകള്‍ സൂക്ഷിക്കലും സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.

“ആതിഥ്യരംഗത്തെ നന്മയുടെ കൂട്ടായ്മ”;ഗുരുവായൂർ ഹോട്ടൽ അസോസിയേഷൻ വാർഷിക സമ്മേളനം ശ്രദ്ധേയമായി..

സർട്ടിഫിക്കറ്റ് വിതരണവും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഹോട്ടൽ അസോസിയേഷൻ പുതിയ ലക്ഷ്യങ്ങളോടെ മുന്നോട്ട്

ഗുരുവായൂർ ∙ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 2025 ഒക്ടോബർ 22 ബുധനാഴ്ച രുഗ്മിണി റീജൻസിയിൽ നടന്നു.

യൂണിറ്റ് പ്രസിഡൻറ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷനായി യോഗം ചേർന്നു. ജില്ലാ പ്രസിഡൻറ് അമ്പാടി ഉണ്ണികൃഷ്ണൻ വാർഷിക പൊതുയോഗം ഉദ്‌ഘാടനം നിർവഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് സി. ബിജുലാൽ മുഖ്യാതിഥിയായിരുന്നു. നേതാക്കളായ ജി.കെ. പ്രകാശ്, വി.ആർ. സുകുമാർ, സുന്ദരൻ നായർ, പ്രേമ പ്രകാശ്, റോഷ്നി ബിജുലാൽ, രുഗ്മിണി, രവീന്ദ്രൻ നമ്പ്യാർ, എൻ.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

1000119084

സമ്മേളനത്തിൽ FSSAI യുടെയും FOSTAC ന്റെയും സർട്ടിഫിക്കറ്റുകൾ ഗുരുവായൂർ സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ബഹു. എസ്. വിഷ്ണു വിതരണം നിർവഹിച്ചു. നഗരസഭയുടെ ഹെൽത്ത് കാർഡുകളും കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റുകളും നഗരസഭ ക്ലീൻ സിറ്റി മാനേജർ ബഹു. കെ. സി. അശോകൻ, അർഷാദ് എന്നിവർ വിതരണം ചെയ്തു.

1000119088

അസോസിയേഷൻ സംഘടിപ്പിച്ച ജീവകാരുണ്യപ്രവർത്തനങ്ങളുടെ വിതരണവും ഈ അവസരത്തിൽ നടത്തി.

പിതൃമോക്ഷത്തിനായി ഭക്തജനസമുദ്രം; പെരുന്തട്ട ശിവക്ഷേത്രത്തിൽ വാവുബലി തർപ്പണത്തിന് വൻ തിരക്ക്

തുലാമാസ വാവുബലി ദിനത്തിൽ പെരുന്തട്ട ശിവക്ഷേത്രം പിതൃസ്മരണകളുടെ തീർത്ഥമായി

ഗുരുവായൂർ ∶ ശ്രേഷ്ഠമായ തുലാമാസ വാവുബലിതർപ്പണ കർമ്മത്തിനായി പ്രദേശത്തെ പുണ്യയിടമായ പെരുന്തട്ട ശിവക്ഷേത്ര പരിസരത്ത് ഇന്ന് പുലർച്ചെയോടെ തന്നെ ഭക്തജനസമുദ്രം ഉണർന്നു. ക്ഷേത്രകുളക്കരയിൽ പ്രത്യേകമായി ഒരുക്കിയ വിപുലമായ തർപ്പണ പന്തലിൽ പുലർച്ചെ 4.30ന് ആരംഭിച്ച തർപ്പണകർമ്മം രാവിലെ 9 മണിവരെ നീണ്ടുനിന്നു.

1000111690

നൂറുകണക്കിന് ഭക്തജനങ്ങളാണ് പിതൃമോക്ഷപ്രാപ്തിക്കായി പിണ്ഡപ്രദാനത്തിലും തർപ്പണത്തിലും പങ്കാളികളായത്. ആചാര്യൻ രാമകൃഷ്ണൻ ഇളയതിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ ഭക്തിപൂർവ്വം നടത്തിയത്.

വാവുബലി ചടങ്ങുകൾക്കും ദർശനത്തിനുമായി ക്ഷേത്ര പരിസരമൊട്ടാകെ ഭക്തജനങ്ങളുടെ തിരക്കായിരുന്നു. വഴിപാടുകൾ സമർപ്പിക്കാനും അനുബന്ധ സേവനങ്ങൾ നടത്താനും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു.

ചടങ്ങുകൾക്ക് വിജയകുമാർ അകമ്പടി, ഹരി വടക്കൂട്ട്, അരവിന്ദാക്ഷ മേനോൻ കോങ്ങാട്ടിൽ, ഹരി കൂടത്തിങ്കൽ, കെ. വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.

എൻസിസി കേഡറ്റുകൾക്ക് ആവേശമായി 88 വയസ്സുള്ള സാവിത്രിയമ്മയുടെ സന്ദർശനം

പുത്രസ്നേഹത്തിൻ്റെ പാഠമായി 88 വയസ്സുകാരിയുടെ സന്ദർശനം : കേഡറ്റുകളെ കണ്ടതിൽ സന്തോഷഭരിതയായി സാവിത്രിയമ്മ

മറ്റം: 88 വയസ്സായ സാവിത്രിയമ്മയുടെ കരുതലും മകന്റെ അനുരാഗവും കണ്ട് എൻസിസി കേഡറ്റുകൾ ആവേശഭരിതരായി. 24 കേരള ബറ്റാലിയൻ എൻസിസിയുടെ കീഴിലുള്ള മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ കേഡറ്റുകൾ സ്വച് ഭാരത് അഭിയാന്റെ ഭാഗമായി ആളൂർ പാലം ശുചീകരിക്കവെയാണ് ഈ ഹൃദയസ്പർശിയായ സംഭവം നടന്നത്.

കാറിൽ ഇരുന്നുകൊണ്ട് തന്നെ കേഡറ്റുകളെ പ്രോത്സാഹിപ്പിച്ച സാവിത്രിയമ്മയെയും മകനായ രാജഗോപാലിനെയും വിദ്യാർത്ഥികൾ ഉത്സാഹത്തോടെ വരവേറ്റു. മറ്റം സെൻറ് ഫ്രാൻസിസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ രാജഗോപാൽ പ്രായാധിക്യം മൂലം പാതി തളർന്ന അമ്മയ്ക്ക് കേഡറ്റുകളോട് നേരിൽ സംസാരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.

അമ്മയെ കാറിൽ നിന്ന് കൈകളിൽ താങ്ങി വീൽചെയറിൽ ഇരുത്തി കുട്ടികളുടെയും കേഡറ്റുകളുടെയും മുന്നിലെത്തിച്ച മകന്റെ കരുതലിൽ പുത്രസ്നേഹത്തിന്റെ മഹത്വം വിദ്യാർത്ഥികൾ നേരിൽ അനുഭവിച്ചു.

മേജർ പി.ജെ. സ്റ്റൈജു രാജഗോപാലിന്റെയും അമ്മയുടെയും ബന്ധത്തെ കുറിച്ച് കേഡറ്റുകൾക്ക് വിശദീകരിച്ചു. “കേഡറ്റുകളായ നിങ്ങളെ കണ്ടതും സംസാരിച്ചതും എന്റെ അമ്മയ്ക്ക് ഒരാഴ്ചയ്ക്കുള്ള മരുന്നാണ്,” എന്ന് രാജഗോപാൽ നന്ദിപ്രസംഗത്തിൽ പറഞ്ഞു.

സിഖ് സൈനികനായ ഹവിൽദാർ മൻജിത്ത് സിംഗിനൊപ്പം ഫോട്ടോ എടുത്തും കേഡറ്റുകളെ സല്യൂട്ട് ചെയ്തും സാവിത്രിയമ്മ യാത്ര പറഞ്ഞു പാതി തളർന്ന അമ്മയെ എടുത്ത് ലോകം കാണിക്കാൻ യാത്ര ചെയ്യുന്ന ചൂണ്ടൽ സ്വദേശിയായ മകൻ്റെ കരുതലിന്റെയും അമ്മസ്നേഹത്തിന്റെയും കഥ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിരിക്കുകയാണ്.

1000109867

കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനത്തിന് ഗുരുവായൂരിൽ തുടക്കം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) തൃശ്ശൂർ ജില്ലാ 41-ാം സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം. സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഗുരുവായൂരിലെ മലേഷ്യൻ ടവറിൽ ജില്ലാ പ്രസിഡന്റും വർക്കിംഗ് ചെയർമാനുമായ കെ.ജി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ഡേവിഡ്സ്റ്റീഫൻ, കൺവീനർ എം.എഫ്. ജോയ്, ജോയിന്റ് കൺവീനർ വി.കെ. ജയരാജൻ, ട്രഷറർ സത്യനാഥൻ പി.ആർ., പ്രൊഫ. വി.എ. വർഗീസ്, ബാലൻ വാറനാട് എന്നിവർ പ്രസംഗിച്ചു.

വിവിധ കമ്മിറ്റികളുടെ കൺവീനർമാരായ പി. മുകുന്ദൻ, പി.ഐ. ലാസർ, ബ്രില്യന്റ് വർഗീസ്, കെ.പി. പോളി, എം. കോയക്കുട്ടി, തോംസൺ വാഴപ്പിള്ളി എന്നിവർ ഉദ്ഘാടനചടങ്ങിന് നേതൃത്വം നൽകി. ജില്ലാ സമ്മേളനത്തിനായി സ്വീകരണ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

ഗുരുവായൂര്‍ വികസന സദസ്സ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: അരനൂറ്റാണ്ടോളം ഗുരുവായൂര്‍ നേരിട്ടിരുന്ന പ്രതിസന്ധികളെപ്പോലും പരിഹരിച്ച ഗുരുവായൂര്‍ വിജയഗാഥയുടെ നേര്‍സാക്ഷ്യമായി നഗരസഭയുടെ വികസന സദസ്സ്. ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ നടന്ന വികസന സദസ്സ് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

ഇക്കാലയളവില്‍ വലിയ രീതിയിലുള്ള മുന്നേറ്റം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ഗുരുവായൂരെന്ന് മന്ത്രി പറഞ്ഞു. മറ്റു നഗരസഭകളെക്കാള്‍ വലിയ രീതിയില്‍ വെല്ലുവിളി നേരിടുന്ന നഗരസഭയാണ് ഗുരുവായൂര്‍. ലക്ഷക്കണക്കിനാളുകള്‍ വന്നു പോവുന്ന ഗുരുവായൂരില്‍ ശുചിത്വമുറപ്പാക്കുക എളുപ്പമല്ലായിരുന്നു. ആ വെല്ലുവിളിയെ മികച്ച രീതിയില്‍ ഏറ്റെടുത്തുകൊണ്ട് ഇന്ന് ശുചിത്വ നഗരമായും കേരളത്തിലെ തന്നെ ഏറ്റവും മികച്ച നഗരസഭയായും മാറിയെന്ന് മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം അഭൂതപൂര്‍വ്വമായ വികസന പ്രവര്‍ത്തനങ്ങളാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. നവംബര്‍ ഒന്നിന് രാജ്യത്തിന് തന്നെ മാതൃകയായി അതി ദാരിദ്ര്യ വിമുക്ത പ്രഖ്യാപനം നടത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. ഇന്ത്യയില്‍ മറ്റു സ്ഥലങ്ങളില്‍ ചേരികള്‍ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ കെട്ടി മറയ്ക്കുമ്പോള്‍ കേരളത്തില്‍ ചേരി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കെട്ടി ഉയര്‍ത്തുന്നു. കൊച്ചിയില്‍ 13 നിലകളിലായി പണിത ഫ്‌ളാറ്റ് സമുച്ചയത്തില്‍ 394 കുടുംബംഗങ്ങള്‍ക്ക് താമസമൊരുക്കിയിരിക്കുന്നു. ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതുവരെ 4,64,304 വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. 1,33,595 വീടുകളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ മറ്റെവിടെയും ചിന്തിക്കാന്‍ കഴിയാത്ത സ്വപ്നതുല്യമായ നേട്ടങ്ങളാണ് സംസ്ഥാനം കൈവരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗുരുവായൂരില്‍ അരനൂറ്റാണ്ടോളം പ്രതിസന്ധി സൃഷ്ടിച്ചിരുന്ന ഗതാഗത കുരുക്കിന് പരിഹരമായി പണിത ഗുരുവായൂര്‍ മേല്‍പ്പാലം, ഒരു കാലത്ത് ദുര്‍ഗന്ധം കൊണ്ട് അടുക്കാന്‍ പറ്റാതിരുന്ന ചൂല്‍പ്പുറത്തെ ശവക്കോട്ട ബയോ പാര്‍ക്കായി മാറിയ കഥ, അന്താരാഷ്ട്ര നിലവാരത്തില്‍ പണിത ഫിഫ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ചാവക്കാട് ജി.എച്ച്.എസ്.എസിലെ ഇലവണ്‍സ് ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ട് തുടങ്ങി ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ നടന്നത്. ചടങ്ങില്‍ വയലിന്‍ പ്രതിഭ ഗംഗയുടെയും സംഘത്തിന്റെയും വയലിന്‍ അവതരണം നടന്നു.

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ പ്രകാശന്‍ എന്നിവര്‍ മുഖ്യാതിഥികളായി. എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ വിനോദ് കുമാര്‍ സംസ്ഥാന സര്‍ക്കാര്‍ വികസനങ്ങളുടെ അവതരണവും നഗരസഭ എച്ച്.ഐ.എസ് ഹര്‍ഷിദ് ഗുരുവായൂര്‍ നഗരസഭ വികസന പ്രവര്‍ത്തനങ്ങളുടെ അവതരണവും നടത്തി. ഐ ആര്‍ ടി സി കോര്‍ഡിനേറ്റര്‍ മനോജ്, ക്ലീന്‍ സിറ്റി മാനേജര്‍ കെ സി അശോക് തുടങ്ങിയവര്‍ സംസാരിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം കൃഷ്ണദാസ് സ്വാഗതവും നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാര്‍ നന്ദിയും പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൺ  അനിഷ്മ ഷനോജ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗുരുവായൂര്‍ നഗരസഭ കരസ്ഥമാക്കിയ പ്രധാന പുരസ്‌കാരങ്ങള്‍: 2022-23, 2023-24 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ട് തവണ സ്വരാജ് ട്രോഫി നേടി. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ പരിസ്ഥിതി മിത്രം അവാര്‍ഡ് – 2025. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്ലാറ്റിനം അവാര്‍ഡ്. 2023-24 വര്‍ഷത്തെ ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്ര കേരളം പുരസ്‌കാരം. മാലിന്യമുക്ത നവകേരള ക്യാമ്പയിനില്‍ കേരളത്തിലെ ഏറ്റവുംമികച്ച നഗരസഭയായിതെരഞ്ഞെടുത്തു. വൃത്തി കോണ്‍ക്ലവ് ഒന്നാം സ്ഥാനം. കുടുംബശ്രീ ഒപ്പം ക്യാമ്പയിന്‍ 2023- ഒന്നാം സ്ഥാനം. സ്വച്ച് ഭാരത് മിഷന്റെ ഇന്ത്യന്‍ സ്വച്ചതാ ലീഗ് 2022 – മികച്ച പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ്

ഗുരുവായൂർ നഗരസഭയുടെ ആയുർവേദ ആശുപത്രിക്ക് വീണ്ടും തളർവാദം!

“രോഗികളെ ഇറക്കി വാതിൽ പൂട്ടി; ശുചിമുറികളിലെ ദുരവസ്ഥയിൽ ആരോഗ്യ സേവനം തളർന്നു”

ഗുരുവായൂർ ∙ നഗരസഭയുടെ കീഴിലുള്ള ആയുർവേദ ആശുപത്രി വീണ്ടും തളർവാദത്തിന്റെ പിടിയിൽ.
ആശുപത്രിയുടെ ശുചിമുറികൾ അത്യന്തം ദുരവസ്ഥയിലായതിനെത്തുടർന്ന് നിലവിൽ അഡ്മിറ്റായിരുന്ന രോഗികളെയടക്കം ഡിസ്ചാർജ് ചെയ്ത് പുറത്തുവിട്ടാണ് ആശുപത്രി അടച്ചത്.
ജനങ്ങളുടെ ആരോഗ്യസുരക്ഷയെ കളിയാക്കുന്ന തരത്തിലുള്ള നഗരസഭയുടെ അനാസ്ഥയാണ് വീണ്ടും വെളിച്ചത്തായത്.

മുമ്പും നിരവധി തവണ ഈ ആശുപത്രി പൂട്ടിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ആശുപത്രി പ്രവർത്തനം പുനരാരംഭിക്കാതെ നാളുകൾ നീളുന്നത് ജനങ്ങൾക്ക് വൻ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. “ജനങ്ങളുടെ ആരോഗ്യാവകാശത്തെ വെല്ലുവിളിക്കുന്ന നഗരസഭയുടെ പരാജയമാണിത്” എന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ പ്രതികരിച്ചു.

“നഗരസഭയുടെ സ്വന്തം ആയുർവേദ ആശുപത്രി പുനഃപുനം അടച്ചുപൂട്ടിയതിൽ ഇത്രയും അനാസ്ഥ കാണിച്ച ഭരണാധികാരികൾക്ക് പ്രത്യേക അവാർഡ് നൽകണമെന്ന് മുഖ്യമന്ത്രി, തദ്ദേശവകുപ്പ് മന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് കത്തെഴുതാൻ തീരുമാനിച്ചിട്ടുണ്ട്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരുവായൂരിലെ ആയുർവേദ ആശുപത്രി പ്രവർത്തനം നിലച്ചതോടെ, സമീപ പ്രദേശങ്ങളിലെ രോഗികൾക്ക് ഇപ്പോൾ സ്വകാര്യ സ്ഥാപനങ്ങൾ ആശ്രയിക്കുന്നതൊഴികെയുള്ള മാർഗമില്ല. ചെലവേറിയ ചികിത്സയാണ് ഇപ്പോൾ ജനങ്ങളെ ബാധിക്കുന്നത്.

നഗരസഭയുടെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, ആരോഗ്യ രംഗത്തെ വീഴ്ചകൾക്കു ഉത്തരവാദികൾക്ക് എതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഗുരുവായൂരിൽ ഭരതനാട്യ നിർത്താവിഷ്കാരം ; ഭാവസുന്ദരി വൈഷ്ണവ കെ. സുനിൽ(Disciple of Acharya Smt. Indira Kadambi)

കണ്ണന്റെ ഭൂമിയിൽ കനകാഭിഷേകം പോലെ ഭരതനാട്യം വിരിയാൻ — വൈഷ്ണവയുടെ
ഭരതനാട്യ ‘മാർഗ്ഗം’ ഒക്ടോബർ 19ന് ഗുരുവായൂരിൽ ¡..


“ഭരതനാട്യം മാർഗ്ഗം”
വേദി: ഗുരുവായൂർ ടൗൺഹാൾ
തീയതി: ഒക്ടോബർ 19, 2025
സമയം: 6.00 PM
മുഖ്യാതിഥി: പ്രമുഖ നൃത്തവിദൂഷി
ആചാര്യ ശ്രീമതി കലാമണ്ഡലം ഹുസ്നാഭാനു


നട്ടുവാങ്ങം : ആചാര്യ ശ്രീമതി ഇന്ദിര കടമ്പി,
വായ്പ്പാട്ട് : ശ്രീ രോഹിത് ഭട്ട് യു.
മൃദംഗം : ശ്രീ വിനയ് നാഗരാജൻ എം.
പുല്ലാംകുഴൽ : ശ്രീ വിവേക് വി. കൃഷ്ണ,
വീണ : ശ്രീ പ്രശാന്ത് രുദ്രപട്ന
ഇവരാണ് വൈഷ്ണവയുടെ നൃത്താഭിനയത്തിന് ഭാവവും താളവും സംഗീതവും സമന്വയിപ്പിക്കുന്നത്.

ഗുരുവായൂരിൽ തന്നെ സ്ഥിരതാമസക്കാരിയായ
വൈഷ്ണവ കെ. സുനിൽ
ബാല്യകാലം മുതൽ അച്ഛനമ്മമാരായ
ആചാര്യ സുനിൽ കെ ഗുരുവായൂരിന്റെയും, ആചാര്യ മിനി സുനിലിന്റെയും കീഴിൽ നിർത്തം അഭ്യസിച്ചു. ഇപ്പോൾ ബാംഗ്ലൂരിൽ
ആചാര്യ ഇന്ദിര കടമ്പിയുടെ കീഴിൽ രണ്ടു വർഷമായി നൃത്തം അഭ്യസിക്കുന്നു.

ഭരതനാട്യത്തിന്റെ സുന്ദരലോകം വീണ്ടും ഗുരുവായൂരിൽ വിരിയാൻ പോകുകയാണ്. കണ്ണന്റെ വേഷത്തിൽ സോഷ്യൽ മീഡിയയെ കീഴടക്കിയ വൈഷ്ണവ കെ. സുനിൽ, വീണ്ടും നാട്ടുകാരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ്.
വൈഷ്ണവയുടെ ദീർഘകാല പഠനത്തിൻറെയും ആത്മാർഥതയുടെയും ഫലമാണ്. ഭരതനാട്യത്തിന്റെ ആത്മീയതയും ഭാവസൗന്ദര്യവും ഒന്നിച്ചു ചേർന്ന അവതാരമാകും ഇതെന്ന് സംഘാടകർ പറയുന്നു. നൃത്തവും സംഗീതവും ചേർന്ന് ഒരു ദിവ്യാനുഭവമായി മാറുമെന്ന പ്രതീക്ഷയിലാണ് ഗുരുവായൂരിലെ കലാപ്രേമികൾ.

1000096763

സ്കൂൾകാലഘട്ടത്തിൽ തന്നെ ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളിൽ അനവധി സമ്മാനങ്ങൾ നേടി. തൃശൂർ സെന്റ് തോമസ് കോളജിൽ നിന്ന് ബി.കോമിലും, ഭരതനാട്യത്തിൽ മാസ്റ്റർ ബിരുദവും നേടിയ വൈഷ്ണവ ഇപ്പോൾ ഭരതനാട്യത്തിൽ പി.എച്ച്.ഡി നേടാനുള്ള സ്വപ്നവുമായി മുന്നോട്ട് പോകുകയാണ്.

ഇരുപത് വർഷമായി നൃത്തലോകത്ത് സജീവമായ വൈഷ്ണവ, എട്ടുവർഷം തുടർച്ചയായി സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടി.
കുച്ചിപ്പുടിയും നാടോടി നൃത്തവും ഉൾപ്പെടെ നിരവധി ഇനങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

വെറും 30 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച വൈഷ്ണവയെ കേരളം മുഴുവൻ ഓർമ്മിക്കുന്നു. ശ്രീകൃഷ്ണജയന്തി ദിനത്തിൽ കണ്ണന്റെ വേഷം കെട്ടി ഗുരുവായൂരിൽ ആടിത്തിമിർത്ത ആ ചെറുപ്രായക്കാരിയുടെ ആവിഷ്കാരം ആയിരുന്നു അത്. ഭക്തിയും ഭാവവൈഭവവും ചേർന്ന അതുല്യ നിമിഷം. വൈഷ്ണവയുടെ പ്രകടനത്തിന് ആയിരക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിലാണ് ആ വീഡിയോ ഇന്നും സജീവം.

ഗുരുവായൂരിന്റെ കലാസ്വാദകരും ഭക്തജനങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ നൃത്തവിരുന്ന്, ഭരതനാട്യത്തിന്റെ ആത്മാവിനെയും വൈഷ്ണവയുടെ കഴിവിനെയും വീണ്ടും തെളിയിക്കുന്ന വേദിയാകുമെന്ന് ഉറപ്പാണ്.
ഭാവം, താളം, രസം, ഭക്തി — എല്ലാം ചേർന്ന ഈ നൃത്തസന്ധ്യ ഗുരുവായൂരിന്റെ കലാചരിത്രത്തിൽ മറ്റൊരു പുത്തൻ പേജ് തുറക്കുകയാണ്.

? വൈഷ്ണവയ്ക്ക് ഭരതനാട്യത്തിന്റെ കൊടുമുടികൾ കീഴടക്കി കൂടുതൽ വേദികളിൽ തെളിയാൻ ഹൃദയം നിറഞ്ഞ ആശംസകൾ. ?

“എന്റെ മക്കൾക്കായി എനിക്കൊരു ജീവിതം വേണം..”;ഗുരുവായൂരിലെ ബിനോജ് ജീവിതത്തിനായി സമൂഹത്തിന്റെ കരുണ തേടുന്നു

“മരണവഴിയിൽ നിന്നു മക്കൾക്കായി തിരിച്ചു വരാൻ…”ഗുരുവായൂരിലെ ബിനോജിന്റെ ജീവൻ രക്ഷിക്കാൻ 30 ലക്ഷം രൂപ ആവശ്യമുണ്ട്…..സഹായിക്കൂക..?

ഗുരുവായൂർ :” എനിക്ക് എന്റെ പൊന്നു മക്കൾക്കായി ജീവിക്കണം… എന്നെ ഒന്ന് സഹായിക്കുമോ?” — ഗുരുവായൂരിലെ പതിമൂന്നാം വാർഡിൽ താമസിക്കുന്ന ബിനോജിന്റെ ഈ വാക്കുകൾ കേൾക്കുന്നവരുടെ മനസ്സുകളെ ഉലച്ചു മാറ്റുകയാണ്.

1000107563

ബിനോജിന്റെ ഇരു വൃക്കകളും തകരാറിലായതിനാൽ അടിയന്തിരമായി വൃക്കമാറ്റ ശസ്ത്രക്രിയ നടത്തേണ്ട അവസ്ഥയിലാണ്. ഭാര്യ, മൂന്ന് പെൺമക്കൾ, വയോധിക അമ്മ എന്നിവരാണ് അദ്ദേഹത്തിന്റെ ആശ്രയം. വർഷങ്ങളായി വാടകവീട്ടിൽ കഴിയുന്ന ബിനോജ് ചികിത്സക്കായി സ്വന്തമായി ഉണ്ടായിരുന്നതെല്ലാം വിറ്റുകഴിഞ്ഞു.

ജീവൻ നിലനിർത്താനുള്ള അവസാന ശ്രമമായി ഇപ്പോൾ സമൂഹത്തിന്റെ മുന്നിൽ അദ്ദേഹം കൈനീട്ടുകയാണ്. ഏകദേശം 30 ലക്ഷം രൂപ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും ആവശ്യമായി വരും. സാഹോദരസ്നേഹമുള്ളവർ കഴിയുന്നത്ര സഹായം ചെയ്യുക.


? കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം:
സാജൻ കേച്ചേരി – 9847873727
ഷാഹിദ് ചാവക്കാട് – 9895575729
ബിനോജ് – 8921927162

? സഹായം അയയ്ക്കേണ്ട അക്കൗണ്ട്:
BINOJ CHIKILSA SAHAYA SAMITHI, GURUVAYOOR
A/C: 40304101060638
IFSC: KLGB0040304
Branch: Guruvayoor

? GPay:
➡️ BINOJ – 6282649343
➡️ REKHA – 8590356268

കുന്നംകുളം മുൻ എംഎൽഎ ബാബു എംപാലിശേരി അന്തരിച്ചു

കുന്നംകുളം: മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എംപാലിശേരി (66) അന്തരിച്ചു. ഏറെനാളായി അസുഖബാധിതനായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.

കടവല്ലൂർ കൊരട്ടിക്കര സ്വദേശിയായ ബാബു എംപാലിശേരി 2006-ലും 2011-ലും തുടർച്ചയായി കുന്നംകുളം നിയോജകമണ്ഡലത്തിൽ നിന്ന് ഇടതുപക്ഷത്തിന്റെ എംഎൽഎ ആയിരുന്നു. പിന്നീട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി പ്രവർത്തിച്ചു.

നീണ്ടുനിന്ന പാർക്കിസൺസ് രോഗബാധ മൂലം കഴിഞ്ഞ ഏതാനും വർഷങ്ങളായി ചികിത്സയിലായിരുന്നു. അസുഖം കൂടുതൽ രൂക്ഷമാകുന്നതോടെ ചെറിയ കോമാവസ്ഥയിലേക്കും മാറിയിരുന്നു. വീട്ടിൽ തന്നെ ശുശ്രൂഷയിൽ ആയിരുന്നു.

രണ്ടുതവണ സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സഹഭാരവാഹി, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം, കടവല്ലൂർ പഞ്ചായത്ത് മെമ്പർ, പ്രതിപക്ഷ നേതാവ്, സിഐടിയു സംസ്ഥാന സമിതി അംഗം തുടങ്ങിയ പ്രധാന ചുമതലകളും വഹിച്ചു.

ഭാര്യ: ഇന്ദിര (മാനേജർ, അടാട്ട് ഫാർമേഴ്സ് ബാങ്ക്)
മക്കൾ: അശ്വതി (UK), അഖിൽ (എഞ്ചിനീയർ)
മരുമകൻ: ശ്രീജിത്ത് (ഒമാൻ)
സഹോദരങ്ങൾ: മാധവനുണ്ണി (റിട്ട. എക്സി. എൻജിനീയർ), എം. ബാലാജി (സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം), തങ്കമോൾ, രാജലക്ഷ്മി

ഇൻകം ടാക്സ് ഓഫീസർ ആയിരുന്ന കൊരട്ടിക്കര മുള്ളത്ത് പാലിശ്ശേരി രാമൻനായരുടെയും അമ്മിണിയമ്മയുടെയും മൂത്തമകനായി 1959-ൽ ജനിച്ചു.

മൃതദേഹം ഉച്ചക്ക് കുന്നംകുളത്തെ സിപിഎം പാർട്ടി ആസ്ഥാനത്ത് എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരത്തോടെ കൊരട്ടിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
സംസ്കാരം നാളെ.