the digital signature of the temple city

Home Blog Page 12

കണ്ണന്റെ പിറന്നാൾ സദ്യയിൽ നിറഞ്ഞ ഭക്തിസാന്ദ്രത; വിശേഷാൽ പ്രസാദ ഊട്ടിൽ പങ്കെടുത്തത് ആയിരങ്ങൾ

ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അഷ്ടമിരോഹിണി പ്രസാദ ഊട്ട് • തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യ • രാവിലെ തന്നെ ഭക്തരുടെ വൻ തിരക്ക്

ഗുരുവായൂർ: ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുക്കിയ വിശേഷാൽ പ്രസാദ ഊട്ടിൽ പങ്കെടുത്തത് ആയിരങ്ങൾ. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ രാവിലെ ഒമ്പത് മണിയോടെയാണ് ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ പ്രസാദ ഊട്ട് ആരംഭിച്ചത്. കണ്ണന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ രാവിലെ തന്നെ നൂറുകണക്കിന് ഭക്തർ എത്തിച്ചേർന്നു. പിന്നീട് ഭക്തരുടെ എണ്ണം വർധിച്ച് വലിയ തിരക്കായി.ശ്രീഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നിൽ അഞ്ച് തിരിയിട്ട നിലവിളക്കിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിച്ചതോടെയാണ് വിശേഷാൽ പ്രസാദ ഊട്ടിന് തുടക്കമായത്. ആചാരാനുഷ്ഠാനങ്ങളുടെ പവിത്രത നിലനിർത്തിയായിരുന്നു ചടങ്ങുകൾ. തുടർന്ന് തൂശനിലയിൽ ശ്രീഗുരുവായൂരപ്പനായി ദേവസ്വം ചെയർമാൻ ശ്രീ എ.വി. ഗോപിനാഥ് വിശേഷാൽ പ്രസാദ ഊട്ട് വിഭവങ്ങൾ വിളമ്പി. അഷ്ടമിരോഹിണി ദിനത്തിന്റെ പ്രത്യേകത നിറഞ്ഞുനിൽക്കുന്ന തരത്തിൽ വൈവിധ്യമാർന്ന വിഭവങ്ങളാണ് പ്രസാദ ഊട്ടിനായി ഒരുക്കിയിരുന്നത്.

വിഭവസമൃദ്ധമായ സദ്യ

ശർക്കരവരട്ടി, കായവറവ്, അച്ചാർ, പച്ചടി, മെഴുക്കുപുരട്ടി, പുളിയിഞ്ചി, പപ്പടം എന്നിവയ്ക്കൊപ്പം ചോറ്, ഓലൻ, എരിശ്ശേരി തുടങ്ങിയ പരമ്പരാഗത കേരളീയ വിഭവങ്ങളും പ്രസാദ ഊട്ടിൽ ഉൾപ്പെടുത്തി.ഗുരുവായൂരപ്പന് നേദിച്ച പാൽപ്പായസം പിറന്നാൾ പ്രസാദ ഊട്ടിന്റെ പ്രധാന ആകർഷണമായി. സദ്യയ്ക്ക് ശേഷം മോരും വിളമ്പി. ആദ്യം ഗുരുവായൂരപ്പന് സമർപ്പിച്ച വിഭവങ്ങൾ പിന്നീട് ഭക്തർക്കും തൂശനിലയിൽ വിളമ്പുകയായിരുന്നു.കണ്ണന്റെ പിറന്നാൾ ദിനത്തിൽ ഗുരുവായൂരിലെത്തിയ ഭക്തർക്ക് ഒരുമിച്ച് ഇരുന്ന് പ്രസാദ ഊട്ടിൽ പങ്കെടുത്ത് അനുഗ്രഹം സ്വീകരിക്കാനുള്ള അവസരമായി ഇത് മാറി. പ്രായഭേദമന്യേ നിരവധി ഭക്തരാണ് പ്രസാദ ഊട്ടിൽ പങ്കെടുത്തത്.

ദേവസ്വം നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ

വിശേഷാൽ പ്രസാദ ഊട്ടിന്റെ നടത്തിപ്പിന് ദേവസ്വം ഭരണസമിതി അംഗം ശ്രീമതി എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്റർ ശ്രീ എസ്. ഹരിഗോപാൽ എന്നിവർ നേതൃത്വം നൽകി. ദേവസ്വം ജീവനക്കാരുടെയും ബന്ധപ്പെട്ട പ്രവർത്തകരുടെയും ഏകോപനത്തോടെയാണ് പ്രസാദ ഊട്ട് സുഗമമായി മുന്നോട്ടുപോയത്.അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരിലെത്തിയ ഭക്തർക്ക് ക്ഷേത്രദർശനത്തോടൊപ്പം കണ്ണന്റെ പിറന്നാൾ പ്രസാദ ഊട്ടിലും പങ്കെടുക്കാനായത് ആഘോഷത്തിന് കൂടുതൽ ഭക്തിസാന്ദ്രത പകർന്നു.

കണ്ണന്റെ പിറന്നാൾ ദിനത്തിൽ ഗുരുവായൂരപ്പന്റെ പ്രസാദം ഒരുമിച്ച് സ്വീകരിച്ച ആയിരക്കണക്കിന് ഭക്തർക്ക് ഈ വിശേഷാൽ പ്രസാദ ഊട്ട് മറക്കാനാകാത്ത ആത്മീയ അനുഭവമായി മാറി.

അഷ്ടമിരോഹിണി നാളിൽ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കൃഷ്ണനാട്ടം

അർധരാത്രിയിൽ കൃഷ്ണാവതാരവും വിശ്വരൂപദർശനവും; ഭക്തിസാന്ദ്രമാകും ഗുരുവായൂർ ദേവസ്വത്തിന്റെ അഷ്ടമിരോഹിണി ആഘോഷം

ഗുരുവായൂർ: അഷ്ടമിരോഹിണി ദിനത്തിൽ ശ്രീഗുരുവായൂരപ്പന്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിന്റെ അവതാരം കഥ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ അരങ്ങേറും. ശ്രീകൃഷ്ണ ഭഗവാന്റെ ജനനസ്മരണ പുതുക്കുന്ന തരത്തിൽ, അർധരാത്രി 12 മണിയോടെ ഭഗവാന്റെ അവതാരം അരങ്ങിൽ ദർശിക്കാവുന്ന വിധത്തിലാണ് ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാനിലയം കൃഷ്ണനാട്ടം അവതരണത്തിന് പ്രത്യേകമായി രംഗാവിഷ്കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ചിങ്ങമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ചേർന്ന ദിവസമാണ് ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമായി ആചരിക്കുന്നത്. വിശ്വാസപ്രകാരം അർധരാത്രിയിലാണ് ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ചത്. ഈ ദിവ്യസങ്കൽപ്പത്തെ കലാരൂപത്തിലൂടെ ഭക്തർക്ക് അനുഭവവേദ്യമാക്കുന്നതാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേക കൃഷ്ണനാട്ടം അവതരണം. പതിവുപോലെ രാത്രി 10 മണിക്ക് കൃഷ്ണനാട്ടം ‘അവതാരം’ കഥയുടെ കളി ആരംഭിക്കും. കഥയുടെ പുരോഗതിക്കൊപ്പം അർധരാത്രിയിലേക്ക് എത്തുമ്പോൾ ശ്രീകൃഷ്ണ ഭഗവാന്റെ ജനനരംഗം അരങ്ങിൽ അവതരിപ്പിക്കും. കൃഷ്ണാവതാരത്തിന്റെ ദർശനത്തിനായി നിരവധി ഭക്തരാണ് ഈ അവസരത്തിൽ മേൽപുത്തൂർ ആഡിറ്റോറിയത്തിലെത്തുക.

അർധരാത്രി 12 മണിക്ക് കൃഷ്ണാവതാരവും തുടർന്ന് വിശ്വരൂപദർശനവും അരങ്ങിൽ ദർശിക്കാനാകുന്ന തരത്തിലാണ് അവതരണം ക്രമീകരിച്ചിരിക്കുന്നത്. ഭഗവാന്റെ അവതാരരംഗം നേരിൽ കണ്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സായൂജ്യ നിർവൃതിയോടെ ഭക്തർ മടങ്ങുന്നതോടെയാണ് ദേവസ്വത്തിന്റെ അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് പൂർണത കൈവരിക്കുക.

ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളോടൊപ്പം ക്ഷേത്രകലകൾക്കും പ്രത്യേക പ്രാധാന്യം നൽകുന്ന ദേവസ്വത്തിന്റെ അഷ്ടമിരോഹിണി ആഘോഷങ്ങളിൽ കൃഷ്ണനാട്ടം അവതാരത്തിന് എന്നും ശ്രദ്ധേയമായ സ്ഥാനമാണുള്ളത്. ഭഗവാന്റെ ജന്മസ്മരണയും കേരളത്തിന്റെ തനത് ക്ഷേത്രകലാപാരമ്പര്യവും ഒരേ വേദിയിൽ സംഗമിക്കുന്ന അപൂർവ അവസരമായിരിക്കും ഇത്തവണത്തെ കൃഷ്ണനാട്ടം അവതാരവും.

99-ാം പിറന്നാളിൽ ഗുരുവായൂരപ്പന്റെ പ്രസാദവുമായി ഗുരുശ്രേഷ്ഠ ഡോ. എം. ലീലാവതിക്ക് ആദരം

തൃക്കാക്കരയിലെ വസതിയിലെത്തി പ്രസാദം കൈമാറി; കുടുംബാംഗങ്ങൾക്കൊപ്പം ലളിതമായ പിറന്നാൾ ആഘോഷം

1001233486

തൃക്കാക്കര: പ്രശസ്ത സാഹിത്യകാരിയും അധ്യാപികയുമായ ഡോ. എം. ലീലാവതിയുടെ 99-ാം പിറന്നാൾ കുടുംബാംഗങ്ങൾക്കൊപ്പം തൃക്കാക്കരയിലെ വസതിയിൽ ലളിതമായി ആഘോഷിച്ചു. പിറന്നാൾ ദിനത്തിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹവും ക്ഷേത്രപ്രസാദവും ഗുരുശ്രേഷ്ഠയ്ക്ക് സമർപ്പിച്ചത് ചടങ്ങിന് ഭക്തിസാന്ദ്രമായ അന്തരീക്ഷം നൽകി. ഉച്ചയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പന് നിവേദിച്ച പാൽപ്പായസം, വെണ്ണ, തിരുമുടിമാല, കളഭം, വെള്ള നിവേദ്യം തുടങ്ങിയ പ്രസാദങ്ങളുമായാണ് സംഘം ഡോ. എം. ലീലാവതിയുടെ വസതിയിലെത്തിയത്. ഗുരുവായൂരപ്പന്റെ പ്രസാദം നേരിട്ട് കൈമാറി പിറന്നാൾ ആശംസകളും അനുഗ്രഹവും നേർന്നു.

ഗുരുവായൂർ സായി സഞ്ജീവിനി ട്രസ്റ്റ് ചെയർമാൻ മൗനിയോഗി സ്വാമി ഹരിനാരായണൻ, എഴുത്തുകാരൻ ഷാജുപുതൂർ, അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത്, സായി സഞ്ജീവിനി എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ നമ്പ്യാർ എന്നിവരാണ് ഗുരുവായൂർ ക്ഷേത്രപ്രസാദവുമായി ടീച്ചറുടെ വസതിയിലെത്തിയത്. സാഹിത്യലോകത്തും അധ്യാപനരംഗത്തും ദീർഘകാലമായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഡോ. എം. ലീലാവതിയുടെ 99-ാം പിറന്നാൾ ദിനത്തിൽ ഗുരുവായൂരപ്പന്റെ പ്രസാദം സമർപ്പിച്ചത് ഏറെ സ്നേഹാദരങ്ങളോടെയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്വീകരിച്ചത്.

ചിങ്ങമാസത്തിലെ ഭരണി നക്ഷത്രത്തിലാണ് ഡോ. എം. ലീലാവതി 99 വയസ്സ് പൂർത്തിയാക്കിയത്. ഇംഗ്ലീഷ് കലണ്ടർ പ്രകാരം സെപ്റ്റംബർ 16-നാണ് പിറന്നാൾ. ഒട്ടേറെ തലമുറകളിലെ വിദ്യാർഥികൾക്കും സാഹിത്യപ്രേമികൾക്കും പ്രചോദനമായ ലീലാവതി ടീച്ചറുടെ 99-ാം ജന്മദിനം ലാളിത്യവും ആത്മീയതയും നിറഞ്ഞതായിരുന്നു.

അവതാര കഥയോടെ ഗുരുവായൂരിൽ കൃഷ്ണനാട്ടം വീണ്ടും അരങ്ങിൽ

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം കളിവിളക്ക് തെളിഞ്ഞു; ആദ്യ കളിയായ ‘അവതാരം’ കാണാൻ നിറഞ്ഞ ഭക്തസദസ്സ് — 364 പേർ വഴിപാട് ശീട്ടാക്കി

1001230736

ഗുരുവായൂർ: മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടംകളിക്ക് വീണ്ടും അരങ്ങുണർന്നു. ബുധനാഴ്ച രാത്രി അത്താഴപൂജയും തൃപ്പുകയും പൂർത്തിയാക്കി ശ്രീലകവാതിൽ അടച്ചശേഷം വടക്കേ പ്രദക്ഷിണവരിയിൽ കളിവിളക്ക് തെളിഞ്ഞതോടെയാണ് കൃഷ്ണനാട്ടത്തിന്റെ പുതിയ അരങ്ങിന് തുടക്കമായത്.നിറഞ്ഞ ഭക്തസദസ്സിന് മുന്നിൽ ‘അവതാരം’ കഥയാണ് ആദ്യമായി അരങ്ങേറിയത്. അവതാര കൃഷ്ണനായി നിവേദ് കൃഷ്ണനും, ബലരാമനായി ഹരിശങ്കറും വേഷമിട്ടു. കംസനായി കളിയോഗം ആശാൻ എം.വി. ഉണ്ണികൃഷ്ണൻ വേഷമിട്ടപ്പോൾ ഗോകുലിന്റെ വേഷത്തിൽ ഗോകുൽ (ബ്രഹ്മാവ്), പൂതനയായി വേണുഗോപാൽ, ദേവകിയായി വി.സി. വിഷ്ണു, ഭൂമിദേവിയായി എം.പി. വിഷ്ണുപ്രസാദ്, വസുദേവരായി എം. പ്രമോദ് എന്നിവർ അരങ്ങിലെത്തി. ഗോപസ്ത്രീകളായി നന്ദകിഷോർ കെ., കൃഷ്ണപ്രസാദ് ജെ., ആദിത്യഹരി, ആദർശ് പി. നായർ എന്നിവർ വേഷമിട്ടു. കൃഷ്ണനാട്ടത്തിന്റെ ആദ്യത്തെ വഴിപാടുകളിയായ ‘അവതാരം’ കാണുന്നതിനായി 364 പേർ ശീട്ടാക്കിയിരുന്നു.

581 പേരുടെ വഴിപാടുമായി ‘സ്വയംവരം’

സെപ്റ്റംബർ 3 വ്യാഴാഴ്ച രാത്രി കൃഷ്ണനാട്ടത്തിൽ ‘സ്വയംവരം’ കഥ അരങ്ങേറും. ഈ കളിക്കായി 581 പേർ വഴിപാട് ശീട്ടാക്കിയിട്ടുണ്ട്.‘സ്വയംവരം’ കഥയിൽ ശ്രീകൃഷ്ണനായി ആശാൻ എസ്. മാധവൻകുട്ടിയും, ബലരാമനായി കെ. പ്രശാന്തും വേഷമിടും. സാന്ദീപനിയുടെ വേഷത്തിൽ എ. ഗോകുൽ, ധർമ്മരാജാവായി എൻ. കൃഷ്ണകുമാർ, ശിശുപാലനായി ഒ. രതീഷ്, യവനനായി ആശാൻ എ. മുരളീധരൻ, ദന്തവക്ത്രനായി പി. കൃഷ്ണപ്രകാശ്, രുഗ്മണിയായി എ. ഗോകുൽ, ജാംബവാനായി എ.പി. സത്യനാഥൻ എന്നിവർ അരങ്ങിലെത്തും.ഗോപസ്ത്രീകളായി കൃഷ്ണപ്രസാദ് ജെ., ആദർശ് പി. നായർ, കൈലാസ്നാഥ് ടി.കെ., നിവേദ് കൃഷ്ണ ഇ.എം. എന്നിവർ വേഷമിടും.

അഷ്ടമിരോഹിണിയിൽ പ്രത്യേക അവതരണം

അഷ്ടമിരോഹിണി ദിനത്തോടനുബന്ധിച്ച് കൃഷ്ണനാട്ടത്തിന് പ്രത്യേക സമയക്രമവും ഒരുക്കിയിട്ടുണ്ട്. അന്ന് രാത്രി 10 മണിക്ക് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കൃഷ്ണനാട്ടം ആരംഭിക്കും.പതിവുപോലെ രാത്രി 12 മണിയോടെ കൃഷ്ണാതാരവും വിശ്വരൂപദർശനവും രംഗത്ത് ഭക്തജനങ്ങൾക്ക് ദർശിക്കാനാകുന്ന രീതിയിലാണ് അഷ്ടമിരോഹിണി ദിവസത്തെ കൃഷ്ണനാട്ടം ക്രമീകരിച്ചിരിക്കുന്നത്. കൃഷ്ണലീലകളുടെ ദൃശ്യാവിഷ്കാരവും സംഗീതവും വാദ്യവും ചമയവും സമന്വയിക്കുന്ന ഈ അവതരണം ഭക്തർക്ക് വേറിട്ട അനുഭവമാകും.

അരങ്ങിലും അണിയറയിലും ആശാന്മാരുടെ നേതൃത്വത്തിൽ

കൃഷ്ണനാട്ടത്തിന്റെ പുനരാരംഭത്തിന് അരങ്ങിലും അണിയറയിലും പരിചയസമ്പന്നരായ കലാകാരന്മാരാണ് നേതൃത്വം നൽകുന്നത്. കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, കളിയോഗം ആശാനും തൊപ്പി മദ്ദളം ആശാനുമായ രമേശൻ കരുമത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.വേഷം വിഭാഗത്തിൽ ആശാന്മാരായ എസ്. മാധവൻകുട്ടി, എ. മുരളീധരൻ, എം.വി. ഉണ്ണികൃഷ്ണൻ, പി. അരവിന്ദാക്ഷൻ എന്നിവർ നേതൃത്വം നൽകുന്നു. പാട്ട് വിഭാഗത്തിൽ എം.കെ. ദിൽക്കുഷ്, സി.പി. സത്യനാരായണൻ ഇളയത് എന്നിവർ നേതൃത്വം വഹിക്കുന്നു.ശുദ്ധ മദ്ദളം ആശാൻ പി. രാധാകൃഷ്ണൻ, ചുട്ടി ആശാൻ പി.ആർ. ശിവകുമാർ, ചമയം പി. മുരളീകൃഷ്ണൻ എന്നിവരും കൃഷ്ണനാട്ടത്തിന്റെ അരങ്ങും അണിയറയും സജീവമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം കളിവിളക്ക് വീണ്ടും തെളിഞ്ഞതോടെ ഗുരുവായൂരിലെ രാത്രികൾക്ക് കൃഷ്ണനാട്ടത്തിന്റെ ചാരുതയും ഭക്തിസാന്ദ്രമായ കലാനുഭവവും തിരിച്ചെത്തിയിരിക്കുകയാണ്.

കണ്ണന് നാളെ പിറന്നാൾ; ഗുരുവായൂരിൽ അഷ്ടമിരോഹിണി മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

ഭക്തർക്ക് സുഗമ ദർശനത്തിന് വിപുലമായ ക്രമീകരണങ്ങൾ | വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 9 മുതൽ | വി.ഐ.പി–സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം | പിറന്നാൾ ദിനത്തിൽ ഇന്ദ്രസെൻ സ്വർണ്ണക്കോലമേറും

ഗുരുവായൂർ: ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണി മഹോത്സവത്തെ വരവേൽക്കാൻ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. വെള്ളിയാഴ്ചയാണ് ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി ആഘോഷിക്കുന്നത്. പിറന്നാൾ ദിനത്തിൽ ക്ഷേത്രത്തിലെത്തുന്ന പതിനായിരക്കണക്കിന് ഭക്തർക്ക് സുഗമമായ ദർശനവും പ്രസാദ ഊട്ടും ഒരുക്കുന്നതിനായി ഗുരുവായൂർ ദേവസ്വം വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അഭൂതപൂർവമായ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ദർശന സംവിധാനം, പ്രസാദ ഊട്ട്, എഴുന്നള്ളിപ്പ്, വഴിപാടുകൾ, സുരക്ഷ, ഗതാഗത നിയന്ത്രണം തുടങ്ങിയ മേഖലകളിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വി.ഐ.പി., സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.

അഷ്ടമിരോഹിണി ആഘോഷത്തിന് 36.82 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്

അഷ്ടമിരോഹിണി ആഘോഷങ്ങളുടെ നടത്തിപ്പിനായി 36,82,000 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അനുമതി നൽകി. ഭഗവാന്റെ പിറന്നാൾ ദിനത്തിൽ ക്ഷേത്രദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും വിശേഷാൽ പ്രസാദ ഊട്ട് നൽകും.പ്രസാദ ഊട്ടിനായി മാത്രം 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ഭരണസമിതി അംഗീകരിച്ചിരിക്കുന്നത്. എസ്റ്റിമേറ്റ് തികയാത്ത സാഹചര്യമുണ്ടായാൽ ഭക്തരുടെ ആവശ്യാനുസരണം അധികമായി ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിനും അനുമതി നൽകിയിട്ടുണ്ട്.

ഇന്ദ്രസെൻ സ്വർണ്ണക്കോലമേറും; വിശേഷാൽ കാഴ്ചശീവേലി

അഷ്ടമിരോഹിണി ദിനത്തിൽ രാവിലെയും ഉച്ചയ്ക്കും രാത്രിയിലും നടക്കുന്ന വിശേഷാൽ എഴുന്നള്ളിപ്പുകൾക്ക് ദേവസ്വം ഗജവീരൻ ഇന്ദ്രസെൻ സ്വർണ്ണക്കോലമേറും. ദേവസ്വം കൊമ്പന്മാരായ ഗോപാലകൃഷ്ണനും വിനായകനും പറ്റാനകളാകും.രാവിലെ നടക്കുന്ന കാഴ്ചശീവേലിക്ക് ശ്രീ തിരുവല്ല രാധാകൃഷ്ണനും ഗുരുവായൂർ സന്തോഷ് മാരാരും സംഘവും മേളം ഒരുക്കും.ഉച്ചയ്ക്കും രാത്രി വിളക്കിനും നടക്കുന്ന പഞ്ചവാദ്യത്തിൽ പ്രമുഖ കലാകാരന്മാർ അണിനിരക്കും. തിമിലയിൽ ചോറ്റാനിക്കര നന്ദപ്പൻ മാരാരും സംഘവും, മദ്ദളത്തിൽ കലാമണ്ഡലം കുട്ടി നാരായണനും സംഘവും, ഇടയ്ക്കയിൽ പല്ലശ്ശന സുധാകരനും സംഘവും, കൊമ്പിൽ പേരാമംഗലം വിജയനും സംഘവും, ഇലത്താളത്തിൽ പാഞ്ഞാൾ വേലുക്കുട്ടിയും സംഘവും പങ്കെടുക്കും.സന്ധ്യയ്ക്ക് ഗുരുവായൂർ ശശി മാരാരും സംഘവും തായമ്പക അവതരിപ്പിക്കും. രാത്രി വിളക്കിന് വിശേഷാൽ ഇടയ്ക്കയിൽ ഗുരുവായൂർ ശശി മാരാരും, നാദസ്വരപ്രദക്ഷിണത്തിൽ നെന്മാറ കണ്ണനും നേതൃത്വം നൽകും.

പാൽപായസമുൾപ്പെടെ വിഭവസമൃദ്ധമായ പ്രസാദ ഊട്ട്

അഷ്ടമിരോഹിണി ദിനത്തിലെ പ്രധാന പ്രത്യേകതകളിലൊന്നാണ് ശ്രീ ഗുരുവായൂരപ്പന് നേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ട്.രസകാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പച്ചടി, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായ വറവ്, അച്ചാർ, പുളിയിഞ്ചി, പപ്പടം, മോര്, പാൽപായസം തുടങ്ങിയ വിഭവങ്ങളാണ് പ്രസാദ ഊട്ടിൽ ഉൾപ്പെടുത്തുക.

രാവിലെ 9 മുതൽ പ്രസാദ ഊട്ട്

അഷ്ടമിരോഹിണി ദിനത്തിലെ വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 9 മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരിനിൽപ്പ് അവസാനിപ്പിക്കും.അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും അതിനോട് ചേർന്ന് ഒരുക്കുന്ന പന്തലിലുമാണ് പ്രസാദ ഊട്ട് വിതരണം ചെയ്യുക.അന്നലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന്റെ വടക്കുഭാഗത്തും തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലേക്കുള്ള ക്യൂ പട്ടര്കുളത്തിന്റെ വടക്കുഭാഗത്തുമായി ഒരുക്കും.പ്രസാദ ഊട്ട് സുഗമമായി വിതരണം ചെയ്യുന്നതിനായി ദേവസ്വം ജീവനക്കാർക്ക് പുറമെ 150 പ്രൊഫഷണൽ വിളമ്പുകാരെയും നിയോഗിച്ചിട്ടുണ്ട്.

ശയനപ്രദക്ഷിണമില്ല; സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം

അഷ്ടമിരോഹിണി ദിനത്തിലെ വൻ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് രാവിലെ 6 മണി മുതൽ വി.ഐ.പി., സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായി ദർശനം ലഭ്യമാക്കുന്നതിനാണ് നടപടി.സീനിയർ സിറ്റിസൺ ദർശനം രാവിലെ 4.30 മുതൽ 5.30 വരെയും വൈകിട്ട് 5 മുതൽ 6 വരെയും അനുവദിക്കും. തദ്ദേശീയർക്ക് ക്ഷേത്രത്തിലെ നിലവിലുള്ള സമയക്രമമനുസരിച്ച് ദർശനം അനുവദിക്കും. മറ്റു സമയങ്ങളിൽ പൊതുവരിസംവിധാനം മാത്രമായിരിക്കും.ക്ഷേത്രത്തിൽ വിശേഷാൽ കാഴ്ചശീവേലി നടക്കുന്നതിനാൽ ശയനപ്രദക്ഷിണത്തിനും ദർശനത്തിനും നിയന്ത്രണം ഉണ്ടായിരിക്കും.

ദർശനം പൂർത്തിയാക്കിയ ഭക്തർ പടിഞ്ഞാറേ ഗോപുരം വഴിയോ ഭഗവതി ക്ഷേത്രം നടവഴിയോ ക്ഷേത്രത്തിന് പുറത്തേക്ക് പോകണമെന്ന് ദേവസ്വം നിർദേശിച്ചിട്ടുണ്ട്. ദർശനം കാത്തുനിൽക്കുന്ന ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനാണ് ഈ ക്രമീകരണം.നിലവിലുള്ള ക്യൂ സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലേക്കോ പൂന്താനം ഹാളിലേക്കോ ഭക്തരെ വരിനിർത്തുന്നതിനുള്ള അധിക സൗകര്യവും ഒരുക്കും.ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് സ്പെഷ്യൽ ദർശനം അനുവദിക്കും. നിർമ്മാല്യം മുതൽ ദർശനത്തിനുള്ള ക്യൂ പതിവുപോലെ ഫ്ലൈഓവർ വഴി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. സീനിയർ സിറ്റിസൺമാരെയും ഭിന്നശേഷിക്കാരെയും കൊടിമരം വഴി ദർശനത്തിന് അനുവദിക്കും.

അഷ്ടമിരോഹിണി അപ്പം വഴിപാട്; 35 രൂപ നിരക്ക്

അപ്പവും പാൽപായസവുമാണ് അഷ്ടമിരോഹിണി ദിനത്തിലെ പ്രധാന വഴിപാടുകൾ. അപ്പം വഴിപാടിനായി 7.25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണസമിതി അംഗീകാരം നൽകി.ഒരു ശീട്ടിന് 35 രൂപയാണ് നിരക്ക്. ഒരാൾക്ക് പരമാവധി 20 ശീട്ട്, അതായത് 700 രൂപയുടെ അപ്പം ശീട്ടാക്കാം. എന്നാൽ ഒരാൾക്ക് അപ്പം വഴിപാട് 10 ശീട്ടായി, 350 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.ക്ഷേത്രത്തിലെ കൗണ്ടറുകളിലൂടെ മാത്രമായിരിക്കും അപ്പം ശീട്ടാക്കലും വിതരണവും. ചെക്കോ ഡിമാൻഡ് ഡ്രാഫ്റ്റോ സ്വീകരിക്കില്ല.സെപ്റ്റംബർ 3ന് ഉച്ചതിരിഞ്ഞ് 3.30 മുതൽ ക്ഷേത്രത്തിനകത്തും പുറത്തുമുള്ള കൗണ്ടറുകളിൽ അപ്പം വഴിപാട് ശീട്ടാക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തും.പാൽപായസം വഴിപാടിനായി 10.8 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനും ഭരണസമിതി അംഗീകാരം നൽകിയിട്ടുണ്ട്.

കലാപരിപാടികളാൽ സമ്പന്നമാകും അഷ്ടമിരോഹിണി

അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരിൽ വിവിധ കലാപരിപാടികളും അരങ്ങേറും.മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 6 മുതൽ കൃഷ്ണഗാഥാ പാരായണം നടക്കും. ഡോ. മുരളി പുറനാട്ടുകരയാണ് പാരായണം നടത്തുന്നത്.രാവിലെ 8 മുതൽ ‘ഭക്തിലഹരി’ എന്ന പേരിൽ ഫ്യൂഷൻ മ്യൂസിക് അവതരണം നടക്കും. ശ്രീ ഭവനേഷ്, ശ്രീ രമേഷ്, ശ്രീ കൃഷ്ണകുമാർ എന്നിവർ പങ്കെടുക്കും.രാവിലെ 10.30 മുതൽ കിഴക്കേ നടയിൽ ദേവസഹോദര സംഗമം നടക്കും.ഉച്ചതിരിഞ്ഞ് 2 മുതൽ പ്രശസ്ത സംഗീതജ്ഞരായ ആനയടി പ്രസാദ്, ആറ്റുവാശ്ശേരി മോഹനൻ പിള്ള, എൻ. ഹരി എന്നിവർ നയിക്കുന്ന ‘ശ്രീകൃഷ്ണായനം – കൃഷ്ണഭക്തിഗാനങ്ങളിലൂടെ ഒരു യാത്ര’ അരങ്ങേറും.വൈകിട്ട് 3.30 മുതൽ ‘രാധേശ്യാം’ നൃത്തശിൽപം, വൈകിട്ട് 5 മുതൽ കലാമണ്ഡലം ഗിരിജാദേവിയുടെ നങ്ങ്യാർക്കൂത്ത് എന്നിവ നടക്കും.വൈകിട്ട് 6.30 മുതൽ പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിയാശാൻ നയിക്കുന്ന കഥകളി അരങ്ങേറും. ‘കുചേലവൃത്തം’ ആണ് കഥ. ഇരിഞ്ഞാലക്കുടയിലെ പാർവ്വതി കലാകേന്ദ്രം കഥകളിയോഗം അവതരണത്തിൽ പങ്കെടുക്കും.

രാത്രി 8.30ന് ക്ഷേത്ര കലാ പുരസ്കാര സമർപ്പണം

രാത്രി 8.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം സമർപ്പിക്കും. ദേവസ്വം മന്ത്രി കെ. മുരളീധരൻ പുരസ്കാര സമർപ്പണം നിർവഹിക്കും.രാത്രി 10 മുതൽ ക്ഷേത്ര കലാനിലയത്തിന്റെ കൃഷ്ണനാട്ടം – ‘അവതാരം’ അരങ്ങേറും.

ഭക്തരുടെ സഹകരണം അഭ്യർത്ഥിച്ച് ദേവസ്വം

അഷ്ടമിരോഹിണി ആഘോഷവും ക്ഷേത്രദർശനവും സുഗമമായി നടത്തുന്നതിനായി ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹകരണവും പിന്തുണയും ഗുരുവായൂർ ദേവസ്വം ഭരണസമിതി അഭ്യർത്ഥിച്ചു.ഭക്തജനത്തിരക്ക് പരമാവധി സുഗമമായി നിയന്ത്രിച്ച് എല്ലാവർക്കും ദർശനസൗകര്യം ഉറപ്പാക്കുന്നതിനാണ് ദേവസ്വം വിവിധ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തർ ദേവസ്വം നിർദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് ദേവസ്വം ഭരണസമിതി ചെയർമാൻ എ.വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലും അഭ്യർത്ഥിച്ചു.

“റാങ്ക് ലിസ്റ്റുകൾക്ക് 6 മാസം കൂടി: ലഹരിമാഫിയക്കെതിരെ ‘തൂഫാൻ’ ആഞ്ഞടിക്കും ; മുഖ്യമന്ത്രി”

18 പി.എസ്.സി റാങ്ക് ലിസ്റ്റുകൾക്ക് കാലാവധി നീട്ടി; പാലക്കാട്, മഞ്ചേരി, തൃശൂർ ജില്ലകളിൽ പുതിയ എൻഡിപിഎസ് പ്രത്യേക കോടതികൾ — സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക നിയമനത്തിനായുള്ള 18 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2026 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (HSST) വരെയുള്ള വിവിധ തസ്തികകളുടെ റാങ്ക് ലിസ്റ്റുകൾക്കാണ് കാലാവധി നീട്ടിയത്. അധ്യാപക ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിലുണ്ടായ കാലതാമസം പരിഹരിക്കുന്നതിനാണ് തീരുമാനം. സെൻസസ് ഡ്യൂട്ടി, ബൂത്ത് ലെവൽ ഓഫീസർ (BLO) ചുമതലകൾ, സ്ഥലംമാറ്റ നടപടികളിലെ കാലതാമസം, സ്റ്റാഫ് ഫിക്സേഷൻ നടപടികൾ വൈകിയത് തുടങ്ങിയ കാരണങ്ങളാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ താമസമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കാലാവധി നീട്ടിയ 18 പി.എസ്.സി റാങ്ക് ലിസ്റ്റുകൾ

  • പ്രീ-പ്രൈമറി ടീച്ചർ – കാറ്റഗറി നമ്പർ 519/2019HST
  • സോഷ്യൽ സയൻസ് – കാറ്റഗറി നമ്പർ 203/2021HST
  • മലയാളം – കാറ്റഗറി നമ്പർ 255/2021HST
  • ഹിന്ദി – കാറ്റഗറി നമ്പർ 562/2021HST
  • ഇംഗ്ലീഷ് – കാറ്റഗറി നമ്പർ 254/2021HST
  • മാത്തമാറ്റിക്സ് – കാറ്റഗറി നമ്പർ 383/2020HST
  • നാച്വറൽ സയൻസ് – കാറ്റഗറി നമ്പർ 384/2020
  • ഫുൾടൈം ജൂനിയർ ടീച്ചർ അറബിക് – കാറ്റഗറി നമ്പർ 520/2019
  • പാർട്ട് ടൈം HST ഹിന്ദി – കാറ്റഗറി നമ്പർ 422/2019HST
  • ഡ്രോയിംഗ് – കാറ്റഗറി നമ്പർ 524/2019
  • പാർട്ട് ടൈം ജൂനിയർ അറബിക് UPS – കാറ്റഗറി നമ്പർ 402/2020
  • ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ UPS – കാറ്റഗറി നമ്പർ 525/2019HSST
  • ഇംഗ്ലീഷ് – കാറ്റഗറി നമ്പർ 728/2021HSST
  • ജൂനിയർ ഇംഗ്ലീഷ് – കാറ്റഗറി നമ്പർ 730/2021HSST
  • ഹിസ്റ്ററി – കാറ്റഗറി നമ്പർ 486/2019HSST ജൂനിയർ
  • സുവോളജി – കാറ്റഗറി നമ്പർ 738/2021HSST
  • ജൂനിയർ ജിയോഗ്രഫി – കാറ്റഗറി നമ്പർ 736/2021HSST
  • ജൂനിയർ ബോട്ടണി – കാറ്റഗറി നമ്പർ 737/2021

ലഹരി കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ മൂന്ന് പുതിയ NDPS കോടതികൾ

സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകളുടെ വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിനായി പാലക്കാട്, മഞ്ചേരി, തൃശൂർ ജുഡീഷ്യൽ ജില്ലകളിൽ മൂന്ന് പുതിയ NDPS പ്രത്യേക കോടതികൾ സ്ഥാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു.പുതിയ മൂന്ന് കോടതികളിലായി 33 പുതിയ തസ്തികകൾ സൃഷ്ടിക്കും. നിലവിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലുള്ള NDPS കോടതികളിലെ സ്ഥിരം തസ്തികകളുടെ എണ്ണം എട്ടിൽ നിന്ന് പതിനൊന്നായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.പുതിയ കോടതികളും ജീവനക്കാരുടെ നിയമനവും സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെങ്കിലും, ലഹരിമരുന്നിനെതിരായ ശക്തമായ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

‘തൂഫാൻ’ ശക്തമായി മുന്നോട്ട്

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ സർക്കാർ നടപ്പാക്കുന്ന ‘തൂഫാൻ’ ലഹരിവിരുദ്ധ പദ്ധതി ശക്തമായി മുന്നോട്ടുപോകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെയോ അവരെ സഹായിക്കുന്ന പൊതുപ്രവർത്തകരെയോ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.യുവതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ പദ്ധതിക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും വിവിധ സംസ്ഥാനങ്ങളിൽ പോലീസ് പരിശോധനകൾ നടത്തി കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിൽ നിന്ന് 10 കോടി രൂപയുടെ മയക്കുമരുന്ന് കേരള പോലീസ് പിടിച്ചെടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.

വെള്ളപ്പൊക്ക ദുരിതാശ്വാസം: ഈ ആഴ്ച തന്നെ വിതരണം ആരംഭിക്കും

വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അപേക്ഷകളുടെ പരിശോധന വേഗത്തിൽ പൂർത്തിയാക്കി ഈ ആഴ്ച തന്നെ ധനസഹായ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.വയനാട് തുരങ്കപാതയുമായി ബന്ധപ്പെട്ട മണ്ണിടിച്ചിൽ പഠിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് ഉടൻ സർക്കാരിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പരാതി ആഭ്യന്തര വകുപ്പിന്

ലയണൽ മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കായിക വകുപ്പ് നൽകിയ പരാതി തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറിയതായി മുഖ്യമന്ത്രി അറിയിച്ചു. ജിഎസ്ടി ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ടുകളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ESA വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

പരിസ്ഥിതി ലോല പ്രദേശം (ESA) പരിധി സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിദഗ്ധ സമിതി തയ്യാറാക്കിയിരിക്കുന്നത് നിലവിൽ കരട് റിപ്പോർട്ട് മാത്രമാണെന്നും, അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം നേരത്തെ 13,108 ചതുരശ്ര കിലോമീറ്ററായിരുന്നു പരിധി. പിന്നീട് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ഇത് 9,993.7 ചതുരശ്ര കിലോമീറ്ററായി കുറച്ചിരുന്നു. നിലവിലെ കരട് നിർദേശവും 10,000 ചതുരശ്ര കിലോമീറ്ററിൽ താഴെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ജനവാസ മേഖലകളെ ESA പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം വിദഗ്ധ സമിതിക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വില്ലേജ് മുഴുവനായി ESA ആയി പ്രഖ്യാപിക്കുന്നതിന് പകരം വനപ്രദേശങ്ങൾ മാത്രം ഉൾപ്പെടുത്തണമെന്ന സംസ്ഥാന നിലപാടും സമിതിയെ അറിയിച്ചിട്ടുണ്ട്.ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നിലപാട് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റെയിൽവേ വിഭജനത്തിനെതിരെ കേന്ദ്രത്തെ നേരിട്ട് സമീപിക്കും

റെയിൽവേ വിഭജനത്തിനെതിരായ സംസ്ഥാനത്തിന്റെ ശക്തമായ എതിർപ്പ് പ്രധാനമന്ത്രിയെയും റെയിൽവേ മന്ത്രിയെയും നേരിൽ കണ്ട് അറിയിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സ്ത്രീകളുടെ പൊതുപങ്കാളിത്തം: കാന്തപുരത്തിന്റെ നിലപാടിനോട് യോജിപ്പില്ല

സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങരുതെന്നും വീടുകളിൽ ഒതുങ്ങി ജീവിക്കണമെന്നുമുള്ള കാന്തപുരത്തിന്റെ പ്രസ്താവനയോട് സർക്കാരിനും പാർട്ടിക്കും യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഇത് പുരോഗമന കേരളത്തിന് യോജിച്ച നിലപാടല്ലെന്നും സ്ത്രീകൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സജീവമായി പങ്കെടുക്കേണ്ടവരാണെന്നുമാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.ഇസ്ലാമിക ചരിത്രത്തിൽ തന്നെ പൊതുജീവിതത്തിൽ സജീവമായ നിരവധി സ്ത്രീകളുടെ ഉദാഹരണങ്ങളുണ്ടെന്നും ഖദീജ, ആയിഷ, ബിൽക്കീസ് രാജ്ഞി തുടങ്ങിയവരെ പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി വിശദീകരിച്ചു. പ്രസ്താവന ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വന്ദേമാതരം: കേന്ദ്ര പ്രോട്ടോക്കോൾ പാലിക്കുമെന്ന് മുഖ്യമന്ത്രി

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗസ്റ്റ് 15ന് സംസ്ഥാന സർക്കാരിന്റെ പരിപാടികളിൽ ഇത് ആലപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കുന്ന പരിപാടികളിൽ കേന്ദ്ര പ്രോട്ടോക്കോൾ അനുസരിച്ചാണ് നടപടികൾ സ്വീകരിക്കേണ്ടതെന്നും അതിൽനിന്ന് സംസ്ഥാന സർക്കാരിന് മാറിനിൽക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കോൺഗ്രസ് പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട് ആദ്യ രണ്ട് സ്റ്റാൻസകൾ മാത്രം ആലപിക്കണമെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രിയദർശിനി പദ്ധതി: സ്വകാര്യ ബസ് മേഖലയെയും സംരക്ഷിക്കും

പ്രിയദർശിനി പദ്ധതി സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സ്വകാര്യ ബസ് മേഖലയെ കൂടി സംരക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ടെന്നും ഗതാഗത മന്ത്രി ഇത് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.റിപ്പോർട്ട് പരിശോധിച്ച ശേഷം സ്വകാര്യ ബസ് മേഖലയെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

KSRTCയെ സ്വയം നിലനിൽക്കാൻ കഴിയുന്ന സ്ഥാപനമാക്കുകയാണ് ലക്ഷ്യം

സൗജന്യ യാത്ര ഉൾപ്പെടെയുള്ള നടപടികൾക്കെതിരെ നേരത്തെ വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും KSRTCക്ക് റെക്കോർഡ് കളക്ഷൻ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.സർക്കാർ ഗ്രാന്റിനെ ആശ്രയിക്കാതെ സ്വതന്ത്രമായി നിലനിൽക്കാൻ കഴിയുന്ന നിലയിലേക്ക് KSRTCയെ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണക്കാലത്ത് റെക്കോർഡ് വ്യാപാരം; വിപണിയെ കൂടുതൽ ഉത്തേജിപ്പിക്കും

ഓണക്കാലത്ത് സിവിൽ സപ്ലൈസ് കോർപ്പറേഷൻ മികച്ച രീതിയിൽ പ്രവർത്തിച്ചതായി മന്ത്രിസഭാ യോഗം വിലയിരുത്തിയെന്നും വകുപ്പിനെ പ്രത്യേകമായി അഭിനന്ദിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ മുക്കിലും മൂലയിലും 13 ഇനം അവശ്യസാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞത് സർവകാല റെക്കോർഡാണെന്നും അദ്ദേഹം പറഞ്ഞു. ഓണാഘോഷം മികച്ച രീതിയിൽ സംഘടിപ്പിച്ചതിന് ടൂറിസം വകുപ്പിനെയും മന്ത്രിസഭ അഭിനന്ദിച്ചു.ജനങ്ങളുടെ കൈകളിലേക്ക് പണം എത്തിക്കുകയും അതുവഴി വിപണിയിൽ വലിയ ചലനം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. വിപണിയെ ഉത്തേജിപ്പിച്ച് സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും നികുതി വരുമാനം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ സാമ്പത്തിക സമീപനമെന്നും അദ്ദേഹം പറഞ്ഞു.

നികുതി വരുമാനം ഉയർന്നു; ഇനിയും വർധിപ്പിക്കണം

കഴിഞ്ഞ മൂന്ന് മാസക്കാലത്ത് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വർധനയുണ്ടായെങ്കിലും അതിൽ സർക്കാർ തൃപ്തരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയും വരുമാനം വർധിപ്പിച്ച് ഖജനാവ് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.നികുതി നിരക്ക് കൂട്ടിയിട്ടില്ലെന്നും ചില വിഭാഗങ്ങളിൽ നികുതി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 20 ലക്ഷം രൂപയിൽ താഴെയും 10 ലക്ഷം രൂപയിൽ താഴെയുമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ വലിയ വർധനയുണ്ടായതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കടമെടുപ്പ് പരിധി ലംഘിച്ചിട്ടില്ല

സംസ്ഥാനം കടമെടുപ്പ് പരിധി ലംഘിച്ച് വായ്പ എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബജറ്റിന് പുറത്തെടുത്ത വായ്പകളുടെ ബാധ്യതയും നിലവിലെ സർക്കാരിന് ഏറ്റെടുക്കേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കിഫ്ബി വഴി ഉണ്ടായ ഏകദേശം 38,000 കോടി രൂപയുടെ കടബാധ്യത ഉൾപ്പെടെയുള്ള ബാധ്യതകൾ നിലവിലെ സർക്കാരിന്റെ തലയിൽ വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലത്ത് ലഭിച്ചിരുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഇപ്പോഴത്തെ സർക്കാരിന് ലഭിക്കുന്നില്ലെന്നും പതിനാറാം ധനകാര്യ കമ്മീഷനിൽ ഈ ഗ്രാന്റ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നികുതി വിഹിതത്തിലും ഗണ്യമായ കുറവുണ്ടായതായും കടമെടുപ്പ് പരിധി 3.5 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ചെന്തിയിലെ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു

ചേന്തിയില്‍ പ്രശ്നമുണ്ടാക്കിയ ആളിനെ വ്യക്തിപരമായി അറിയില്ല. ആ വ്യക്തി മോശമായി പെരുമാറി. ക്രിമിനല്‍ പശ്ചാത്തലമുള്ള ആള്‍ ഡി.സി.സി അംഗമായത് എങ്ങനെയെന്ന് അറിയില്ല. ചേന്തിയിലെ പരിപാടിക്ക് എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ ബന്ധപ്പെട്ടപ്പോള്‍ അറിഞ്ഞത്് ക്രമിനല്‍ പശ്ചാത്തലമുള്ള ആളാണ് ആ പരിപാടി നടത്തുന്നത് എന്നാണ്. സമാനമായ പോലീസ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് തന്നെ ആ പരിപാടി വേണ്ടെന്നു വച്ചതായി സംഘാടകരെ അറിയിച്ചിരുന്നതാണ്. ചെമ്പഴന്തിയിലെ പരിപാടിക്ക് പോകുന്ന വഴിയ്ക്ക് കുറെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും നില്‍ക്കുന്നത് കണ്ടിട്ട് അവിടെ ഇറങ്ങിയതാണ്. അവരാരും എന്നെ തടഞ്ഞിട്ടില്ല. അവിടെ പുഷ്പാര്‍ച്ചന നടത്തണമെന്ന് പറഞ്ഞതുകൊണ്ടാണ് അവിടെ ഇറങ്ങിയത്. ഒരു വ്യക്തി വളരെ മോശമായി സംസാരിക്കുകയും അവിടേയ്ക്ക് പോകുന്നത് തടയുകയും ചെയ്തു. സംഘര്‍ഷം ഉണ്ടാക്കാതിരിക്കുന്നതിനുവേണ്ടി തിരികെ വണ്ടിയില്‍ കയറി. പോലീസ് സ്വമേധയാ കേസ് എടുക്കുകയായായിരുന്നു. പ്രശ്നമുണ്ടാക്കിയ ആളെ വ്യക്തിപരമായി അറിയില്ല. അദ്ദേഹത്തിന്റെ ഭാര്യ കൗണ്‍സിലറായിരുന്നു. അവരെ അറിയാം. അവര്‍ മരിച്ചപ്പോള്‍ ആ വീട് സന്ദര്‍ശിച്ചിട്ടുണ്ട്. പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നകേസിനെപ്പറ്റി കൂടുതലൊന്നും പറയാനില്ല.

ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ക്ഷേമനടപടികൾക്കൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുകയും, ലഹരിമാഫിയ ഉൾപ്പെടെയുള്ള സാമൂഹിക ഭീഷണികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന സന്ദേശമാണ് മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നൽകുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ പുണ്യാഹം; പുലർച്ചെ 4 മുതൽ 10 വരെ ദർശന നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ നാളെ (വ്യാഴാഴ്ച) ക്ഷേത്രത്തിൽ ദർശനത്തിന് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി. പുലർച്ചെ 4 മണി മുതൽ രാവിലെ 10 മണി വരെയാണ് ദർശന നിയന്ത്രണം ഉണ്ടായിരിക്കുക.ക്ഷേത്രത്തിലെ പുണ്യാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ ക്രമപ്രകാരം നടത്തുന്നതിനായാണ് ഈ സമയത്ത് ഭക്തരുടെ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പുലർച്ചെ ദർശനത്തിനായി ക്ഷേത്രത്തിലെത്തുന്ന ഭക്തർ നിയന്ത്രണ സമയം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പുണ്യാഹ ചടങ്ങുകൾ പൂർത്തിയാകുന്നതനുസരിച്ച് രാവിലെ 10 മണിക്ക് ശേഷം ദർശനം സാധാരണ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാളെ ഗുരുവായൂരിൽ ദർശനത്തിനെത്തുന്ന ഭക്തർ അനാവശ്യ തിരക്ക് ഒഴിവാക്കുകയും ക്ഷേത്ര അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യുന്നത് ഉചിതമാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾക്കും ആചാരങ്ങൾക്കും തടസ്സമുണ്ടാകാത്തവിധം ഭക്തജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

ചട്ടമ്പിസ്വാമികളുടെ 173-ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു

ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സാന്ദീപനി മാതൃസദനത്തിൽ ജന്മദിനാഘോഷം; അമ്മമാർക്കും ജീവനക്കാർക്കും വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു

ഗുരുവായൂർ: പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമിതിരുവടികളുടെ 173-ാം ജന്മദിനം ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ (GNSS) ആഭിമുഖ്യത്തിൽ സാന്ദീപനി മാതൃസദനത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമുചിതമായി ആഘോഷിച്ചു. ചട്ടമ്പിസ്വാമികളുടെ ആത്മീയ-സാമൂഹിക ദർശനങ്ങളും മാനവിക സന്ദേശങ്ങളും പുതുതലമുറയിലേക്ക് പകരുന്നതിനൊപ്പം സേവനപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയും പരിപാടി സംഘടിപ്പിച്ചു. ജി.എൻ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ഐ.പി. രാമചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ജന്മദിനാഘോഷം കവിയും പണ്ഡിതശ്രേഷ്ഠനുമായ ഗുരുനാഥൻ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം ചട്ടമ്പിസ്വാമികളുടെ ജീവിതവും ദർശനങ്ങളും സാമൂഹിക ഇടപെടലുകളും അനുസ്മരിച്ച് പ്രഭാഷണം നടത്തി.

കേരളത്തിന്റെ ആത്മീയ-സാമൂഹിക നവോത്ഥാന ചരിത്രത്തിൽ ചട്ടമ്പിസ്വാമികൾ വഹിച്ച നിർണായക പങ്ക് ചടങ്ങിൽ അനുസ്മരിച്ചു. ജാതി-മത വ്യത്യാസങ്ങൾക്കതീതമായി മനുഷ്യനന്മയ്ക്കും അറിവിനും ആത്മീയ ഉണർവിനും പ്രാധാന്യം നൽകിയ ചട്ടമ്പിസ്വാമികളുടെ ആശയങ്ങൾ ഇന്നത്തെ സമൂഹത്തിലും ഏറെ പ്രസക്തമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ജി.എൻ.എസ്.എസ് ജനറൽ സെക്രട്ടറി മധു കെ. നായർ, ഭാരവാഹികളായ കെ. മോഹനകൃഷ്ണൻ, കെ.ടി. ശിവരാമൻ നായർ, ശ്രീകുമാർ പി. നായർ, വിനോദ് മേനോൻ, കെ.സി. ഭാസ്കരൻ നായർ എന്നിവർ സംസാരിച്ചു. മഹിളാ വിഭാഗമായ ജനനിയുടെ ഭാരവാഹികളായ രാധാ ശിവരാമൻ നായർ, ബീന രാമചന്ദ്രൻ, ഗീത വിനോദ്, സൗമിനി ശ്രീകുമാർ, അംബിക കുറുപ്പ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചട്ടമ്പിസ്വാമികളുടെ സ്മരണാർത്ഥം സാന്ദീപനി മാതൃസദനത്തിലെ അമ്മമാർക്കും ജീവനക്കാർക്കും വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. ചട്ടമ്പിസ്വാമികളുടെ മാനവികതയും സേവനസന്ദേശവും പ്രവർത്തിയിലൂടെ സമൂഹത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സേവനപ്രവർത്തനം സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

ആത്മീയ അനുസ്മരണത്തിനൊപ്പം കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശം പകർന്ന ചടങ്ങ് ചട്ടമ്പിസ്വാമികളുടെ ജന്മദിനാഘോഷത്തിന് കൂടുതൽ അർത്ഥവത്തായ മുഖം നൽകി.

ചട്ടമ്പിസ്വാമി ജയന്തി ദിനത്തിൽ സർക്കാർ അവധി നൽകണം; തിരുവെങ്കിടം നായർ സമാജം

നവോത്ഥാനത്തിനും സാമൂഹിക പരിഷ്‌കരണത്തിനും നേതൃത്വം നൽകിയ ജ്ഞാനഋഷിവര്യന്റെ ജയന്തി ഔദ്യോഗികമായി ആചരിക്കണമെന്ന ആവശ്യം ശക്തമാക്കി; ബന്ധപ്പെട്ട അധികാരികൾക്ക് കത്ത് നൽകാനും തീരുമാനം

ഗുരുവായൂർ: നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കർത്താവും ജ്ഞാനഋഷിവര്യനുമായ ചട്ടമ്പിസ്വാമികളുടെ ജയന്തി ദിനത്തിൽ സർക്കാർ അവധി അനുവദിക്കണമെന്ന് തിരുവെങ്കിടം നായർ സമാജം ആവശ്യപ്പെട്ടു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിരന്തരമായി ഉയർന്നുവരുന്ന ഈ ആവശ്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ടവർക്ക് കത്ത് നൽകാനും സമാജം തീരുമാനിച്ചു.

ചട്ടമ്പിസ്വാമികളുടെ ജീവിതവും ദർശനങ്ങളും കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ നിർണായകമായ സ്ഥാനമാണ് വഹിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. ജാതീയവും സാമൂഹികവുമായ അസമത്വങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും അറിവിന്റെയും ആത്മീയതയുടെയും സാമൂഹിക ബോധത്തിന്റെയും പ്രാധാന്യം ഉയർത്തിപ്പിടിക്കുകയും ചെയ്ത മഹത് വ്യക്തിത്വമായിരുന്നു ചട്ടമ്പിസ്വാമികളെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.

ചട്ടമ്പിസ്വാമി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി തിരുവെങ്കിടം നായർ സമാജം ഓഫീസിൽ നടന്ന ചടങ്ങ് അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. തുടർന്ന് നടന്ന സദസ്സ് സമാജം പ്രസിഡന്റ് ബാലൻ വാറണാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ആലക്കൽ അധ്യക്ഷത വഹിച്ചു.സമാജം സെക്രട്ടറി പ്രഭാകരൻ മണ്ണൂർ ചട്ടമ്പിസ്വാമി ജയന്തി സന്ദേശം നൽകി. ചട്ടമ്പിസ്വാമിയുടെ ആശയങ്ങളും സാമൂഹിക ഇടപെടലുകളും പുതുതലമുറയിലേക്ക് കൂടുതൽ ശക്തമായി എത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.

ചടങ്ങിൽ എ. സുകുമാരൻ നായർ, സുരേന്ദ്രൻ മൂത്തേടത്ത്, രാജഗോപാൽ കാക്കശ്ശേരി, ബാലൻ തിരുവെങ്കിടം, പി.കെ. വേണുഗോപാൽ, രാധാകൃഷ്ണൻ മനയത്ത്, എം. രാജേഷ് നമ്പ്യാർ, രാജു പി. നായർ, പ്രദീപ് നെടിയേടത്ത്, അർച്ചനാ രമേശ്, ജയന്തി കൂട്ടംപറമ്പത്ത് എന്നിവർ സംസാരിച്ചു.ചട്ടമ്പിസ്വാമി ജയന്തി ദിനത്തിന് സർക്കാർ അവധി അനുവദിക്കുന്നതിനുള്ള ആവശ്യം ശക്തമായി ഉന്നയിക്കുന്നതിന്റെ ഭാഗമായി തുടർനടപടികൾ സ്വീകരിക്കുമെന്നും സമാജം ഭാരവാഹികൾ അറിയിച്ചു.

ചിങ്ങ മഹോത്സവ നിറവിൽ തിരുവോണ കൂട്ടായ്മ; ഗുരുപവനപുരിയിൽ ഓണസ്മരണകൾ പങ്കിട്ട് നായർ തറവാട്ട് കൂട്ടായ്മ

ചിങ്ങ മഹോത്സവ വിജയാഘോഷവും അവലോകനവും; വാദ്യ–കലാ പ്രതിഭകൾക്കും സാരഥികൾക്കും സ്നേഹാദരം

ഗുരുവായൂർ: ഇന്നലകളുടെ ഓണസ്മരണകൾ പുതുക്കിയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പകർന്നും ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവോണ കൂട്ടായ്മയും ചിങ്ങ മഹോത്സവ ആഹ്ലാദ അവലോകനവും സംഘടിപ്പിച്ചു. ഗുരുപവനപുരിയെ ഒരുമയുടെ ആഘോഷവേദിയാക്കി മാറ്റിയ പരിപാടി അംഗങ്ങളുടെയും സാംസ്കാരിക പ്രവർത്തകരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

രുഗ്മിണി റീജൻസിയിൽ കൂട്ടായ്മ പ്രസിഡന്റ് കെ.ടി. ശിവരാമൻ നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് മാധ്യമ പ്രവർത്തകരായ വി.പി. ഉണ്ണികൃഷ്ണനും കല്ലൂർ ഉണ്ണികൃഷ്ണനും ചേർന്ന് ദീപപ്രകാശനം നിർവഹിച്ചു. തുടർന്ന് ചിങ്ങ മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനെക്കുറിച്ചുള്ള അവലോകനവും കൂട്ടായ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകളും നടന്നു.

ചിങ്ങ മഹോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ വിജയകരമായി സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും സഹകരിക്കുകയും ചെയ്ത വാദ്യ–താള കലാകാരന്മാർ, കലാവേഷ പ്രതിഭകൾ, സംഘാടകർ, സാരഥികൾ എന്നിവരെ ചടങ്ങിൽ സ്നേഹവന്ദനം നൽകി ആദരിച്ചു. ഗുരുവായൂരിന്റെ സാംസ്കാരിക പാരമ്പര്യത്തിലും ക്ഷേത്രാചാരങ്ങളോടനുബന്ധിച്ച കലാരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നവരെ ആദരിച്ചത് പരിപാടിയുടെ പ്രധാന ആകർഷണമായി.

ആഘോഷസമിതി ഭാരവാഹികളായ അഡ്വ. രവി ചങ്കത്ത്, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ശശി കേനാടത്ത്, ശശികുമാർ കൊടമന, മുരളി മുള്ളത്ത് എന്നിവർ പരിപാടിയിൽ സംസാരിച്ചു. വാദ്യകലാരംഗത്തെ പ്രമുഖരായ മഞ്ജുളാൽ മേളപ്രമാണി, ഗുരുവായൂർ ജയപ്രകാശ്, പഞ്ചവാദ്യ പ്രതിഭ കലാമണ്ഡലം ചന്ദ്രൻ, വാദ്യ വിദ്വാൻ പ്രമോദ് കൃഷ്ണ, തിമില പ്രതിഭ കിള്ളിമംഗലം പ്രിലേക്‌ഷ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പെരുന്തട്ട ക്ഷേത്ര സമിതി പ്രസിഡന്റ് കെ. അരവിന്ദാക്ഷ മേനോനും ചടങ്ങിൽ സംസാരിച്ചു. ഗുരുവായൂരിന്റെ ക്ഷേത്ര പാരമ്പര്യത്തോടും സാംസ്കാരിക പൈതൃകത്തോടും ചേർന്നുനിൽക്കുന്ന ഇത്തരം കൂട്ടായ്മകൾ പുതുതലമുറയ്ക്ക് പാരമ്പര്യത്തിന്റെ മൂല്യങ്ങൾ പകർന്നു നൽകുന്നതിൽ വലിയ പങ്കുവഹിക്കുന്നതായി ചടങ്ങിൽ അഭിപ്രായപ്പെട്ടു.

തിരുവോണത്തിന്റെ ഗൃഹാതുരമായ ഓർമ്മകൾ പങ്കുവെച്ചും പഴയകാല ഓണാചാരങ്ങളും ആഘോഷാനുഭവങ്ങളും ഓർത്തെടുത്തും നടന്ന കൂട്ടായ്മയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരസ്പര സൗഹൃദവും കുടുംബബന്ധങ്ങളും ശക്തിപ്പെടുത്തുന്ന തരത്തിലുള്ള വിവിധ പരിപാടികളും സംഘടിപ്പിച്ചു. ഗാനാലാപനവും ഓണവിഭവങ്ങളടങ്ങിയ സ്നേഹവിരുന്നും പരിപാടിക്ക് കൂടുതൽ ആഘോഷപ്പകിട്ടേകി. പഴയകാല ഓണത്തിന്റെ നന്മയും കൂട്ടായ്മയുടെ ഊഷ്മളതയും ഒരുമിച്ചുചേർന്ന സ്നേഹവിരുന്നിൽ നിരവധി പേർ പങ്കെടുത്തു.

നിർമ്മല നായ്ക്കത്ത്, ജയറാം ആലക്കൽ, മുരളി അകമ്പടി, ടി. ദാക്ഷായിണി, ഹരിദാസ് മാമ്പുഴ, ബി. മോഹനകൃഷ്ണൻ, എം. ശ്രീനാരായണൻ, സരള മുള്ളത്ത്, ബിന്ദുദാസ്, കോമളം നേശ്യാർ, രാധാമണി ചാത്തനാത്ത്, ഉഷ ശശികുമാർ, എ. തങ്കമണിയമ്മ, അംബിക പുല്ലാട്ട്, പി. ഗിരിജ, ഷീല കിടുവത്ത്, മനു താമരയൂർ, ശിവദാസ്, വേണു, ശാന്ത മണ്ണുങ്ങൽ, സി. ബാലാമണി മേനോൻ, വിജയം ശങ്കരനാരായണൻ, ജയൻ മേനോൻ, ശിവകുമാർ മാണിക്കത്ത്, സി. കോമളം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പാരമ്പര്യവും സൗഹൃദവും സാംസ്കാരിക പൈതൃകവും ഒരേ വേദിയിൽ സംഗമിച്ച തിരുവോണ കൂട്ടായ്മ, ഗുരുപവനപുരിയിലെ ഓണാഘോഷങ്ങൾക്ക് വേറിട്ടൊരു ഓർമ്മയായി മാറി.