ഗുരുവായൂർ :ഉത്സവാരംഭത്തിന് തുടക്കം കുറിച്ച് ഐതിഹ്യ പെരുമയും, ആചാരാനുഷ്ഠാന മഹിമയും നിലനിർത്തി നടത്തപ്പെടുന്ന ആനയോട്ടം നാളെയാണ്.ആനയോട്ടത്തിൽ 10 ആനകളെ പങ്കെടുപ്പിക്കാനും, മൂന്ന് ആനകളെ ഓടിപ്പിക്കാനും ഉൽസവം കമ്മിറ്റി തീരുമാനിച്ചു. ഇന്ന് സഹസ്രകലശം കഴിഞ്ഞ് പങ്കെടുക്കുന്ന ആനകളെ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് ദീപസ്തംഭ ത്തിനു മുന്നിൽ വെച്ച് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയനാണ് നറുക്ക് എടുത്തത്. ആദ്യം ലഭിച്ചത് ദേവദാസ് എന്ന ആനയുടെ പേരാണ് തുടർന്ന് രവികൃഷ്ണൻ ഗോപികണ്ണൻ എന്നിവരുടെ പേരുകളും ലഭിച്ചു. ചെന്താമരാക്ഷൻ, ദേവി. എന്നിവരെ കരുതലായി നിർത്തി. ഈ അഞ്ചാനകൾക്ക് പുറമെ വിഷ്ണു ഗോകുൽ എന്നീ ഉൾപ്പടെ ഏഴ് ആനകളെയാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തി യിരുന്നത്.
ചടങ്ങിൽ ഭരണ സമിതി അംഗങ്ങൾ ആയ മനോജ് സി, മനോജ് ബി നായർ ക്ഷേത്രം ഡി എ മനോജ് കുമാർ, ജീവധനം ഡി എ മായാ ദേവി അസി മാനേജർ മണികണ്ഠൻ, ആനയോട്ട സബ് കമ്മിറ്റി ഭാരവാഹികൾ ആയ സജീവൻ നമ്പിയത്, ജയരാജ് തുടങ്ങിയവർ സംബന്ധിച്ചു
അതെ സമയം ഗുരുവായൂർ ഉത്സവ ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം പോലീസ് സംയുക്ത യോഗം ചേർന്നു. ഉത്സവ പ്രാരംഭ ചടങ്ങായ ആനയോട്ട ദിവസങ്ങളിൽ ഉൾപ്പെടെ ക്രമസമാധാന പാലനത്തിന് പോലിസ് സുരക്ഷ ശക്തമാക്കും. ആനയോട്ടത്തിൽ പങ്കെടുക്കുന്ന ആനകളെ പ്രകോപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആനയോട്ട വീഥികൾക്ക് ഇരുവശവും ബാരിക്കേഡുകൾ ഉയർത്തും. ആളുകൾ അതിക്രമിച്ചു കടക്കുന്നത് തടയും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ക്രമസമാധാന പാലനത്തിന് മഫ്ടിയിലും പോലീസ് രംഗത്തുണ്ടാകും. ദേവസ്വം കാര്യാലയത്തിൽ നടന്ന യോഗത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഗുരുവായൂർ അസി.കമ്മീഷണർ സി.സുന്ദരൻ , ഇൻസ്പെക്ടർ എ.പ്രേംജിത്ത്, എസ്.ഐ കെ.ഗിരി ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായി.