ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് ലഭ്യമാക്കുന്നതിന് ജിയോളജി അനുമതി ലഭ്യമായതായും ആവശ്യമായ എല്ലാ മെറ്റീരിയലും ലഭ്യമായതായും ആര്‍.ബി.ഡി.സി.കെ എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. ഹോളി ആയതിനാല്‍ തൊഴിലാളികള്‍ കുറവാണെന്നും കൂടുതല്‍ തൊഴിലാളികളെ നിയോഗിച്ച് എത്രയും വേഗം പണിപൂര്‍ത്തീകരിക്കുമെന്നും നിര്‍വ്വഹണ ഏജന്‍സിയും കരാര്‍ കമ്പനിയും യോഗത്തെ അറിയിക്കുകയുണ്ടായി. ആവശ്യമായ എല്ലാ മെറ്റീരിയലും ലഭ്യമായിട്ടും ഖനനാനുമതി ലഭിച്ചിട്ടും ആവശ്യത്തിന് തൊഴിലാളികളെ നിയോഗിച്ച് നിര്‍മ്മാണം നടത്തുന്നതില്‍ കരാര്‍ കമ്പനി വീഴ്ച വരുത്തിയതായും നിര്‍വ്വഹണ ഏജന്‍സിയും മേല്‍നോട്ട ചുമതലയുള്ള റൈറ്റ്സും ഇക്കാര്യത്തില്‍ അലംബാവം കാണിച്ചതായും എം.എല്‍.എ യോഗത്തെ അറിയിച്ചു. ഇത്തരത്തിലുള്ള വീഴ്ച യാതൊരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നിലവിലെ സമയക്രമം അനുസരിച്ച് മെയ്മാസത്തില്‍ തന്നെ പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കാനും എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി.
മാര്‍ച്ച് 21 നകം പിയറിംഗ് കാപ്പ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും ഈ മാസം 27 നകം സര്‍വ്വീസ് റോഡിന്‍റെ സൈഡ് പ്രൊട്ടക്ഷന്‍ പൂര്‍ത്തീകരിക്കുമെന്നും ആര്‍.ബി.ഡി.കെ യോഗത്തെ അറിയിച്ചു.
ഏപ്രില്‍ മാസത്തില്‍ റെയില്‍വേയുടെ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന് റെയില്‍വേ അസി.എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു.
തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി നഗരസഭ സെക്രട്ടറി യോഗത്തെ അറിയിച്ചു.
നിര്‍മ്മാണ ഏജന്‍സിയായ കെ.റെയില്‍ വിശദമായ ഡി.പി.ആര്‍ തയ്യാറാക്കി സര്‍ക്കാറിനും റെയില്‍വേക്കും സമര്‍പ്പിച്ചിട്ടുള്ളതായും എത്രയും വേഗം അംഗീകാരം ലഭ്യമാക്കുമെന്നും യോഗത്തെ അറിയിച്ചു.
ഗുരുവായൂർ നഗരസഭാ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ ശ്രീ എം കൃഷ്ണദാസ്, നഗരസഭ സെക്രട്ടറി ശ്രീമതി ബീന എസ്. കുമാര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ശ്രീമതി ലീല ആര്‍.ബി.ഡി.സി.കെ എഞ്ചിനീയര്‍ ശ്രീ ആഷിദ്, പൊതുമരാമത്ത് അസി.എക്സി.എഞ്ചിനീയര്‍ ശ്രീമതി മാലിനി, വാട്ടര്‍ അതോറിറ്റി അസി.എക്സി.എഞ്ചിനീയര്‍ ശ്രീ പ്രസാദ്, റെയില്‍വെ അസി.എകസി.എഞ്ചിനീയര്‍ ശ്രീ അബ്ധുള്‍ അസീസ്, കെ.എസ്.ഇ.ബി അസി.എക്സി എഞ്ചിനീയര്‍ ശ്രീമതി ബിജി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇബി, റെയില്‍വേ, പൊതുമരാമത്ത്, ബി.എസ്.എന്‍.എല്‍, റൈറ്റ്സ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.