ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ ശ്രീ വിഷ്ണു സഹസ്രനാമ, ഭഗവദ് ഗീതാ മഹോത്സവത്തിന്റെ എട്ടാം ദിവസമായ വ്യാഴാഴ്ച്ച കാലത്ത് സംഗീതാർച്ചനയിൽ ഭക്തി നിർഭരമായ കഥകളി പദങ്ങളെ കൊണ്ടും മറ്റു കീർത്തനങ്ങളെ കൊണ്ടും കലാമണ്ഡലം സുകുമാരനും കോട്ടക്കൽ സന്തോഷും ചേർന്നു യജ്ഞവേദിയെ ഭക്തിസാഗരത്തിൽ ആറാടിച്ചു.
തുടർന്ന് 10-30 ന് ഭഗവാന്റെ രാസലീലകളെ കുറിച്ച് ആചാര്യ സി.പി.നായർ പ്രഭാഷണം നടത്തി ഗീതാ പ്രഭാഷണ പരമ്പരയിൽ പുരുഷോത്തമയോഗം ദൈവാസുര സമ്പദ്വിഭാഗയോഗം എന്നീ വിഷയത്തെക്കുറിച്ച് ആചാര്യൻ ഇഞ്ചപ്പിള്ളി ശങ്കരൻ നമ്പൂതിരിയും പ്രഭാഷണം നടത്തി.
ഒമ്പതാം ദിവസത്തിലേക്ക് യജ്ഞം പ്രവേശിക്കുമ്പോൾ വെളളിയാഴ്ച്ച കാലത്ത് ഗുരുവായൂർ രാമകൃഷ്ണന്റെ അഷ്ടപദിയോടെ വിശേഷാൽ പരിപാടികൾ ആരംഭിക്കും. കാലത്ത് 10.30 ന് സമന്തപഞ്ചക തീർത്ഥം എന്ന വിഷയത്തെക്കുറിച്ച് ആചാര്യൻ ഗുരുവായൂർ പ്രഭാകർജിയും ഉച്ചക്ക് 11.30 ന് ഗീതയിലെ ശ്രദ്ധാത്രയ വിഭാഗയോഗം, മോക്ഷ സന്യാസയോഗം എന്നീ വിഷയങ്ങളെക്കുറിച്ച് ആദ്ധ്യാത്മിക ആചാര്യൻ ശരത് എ ഹരിദാസ് പ്രഭാഷണം നടത്തും.
യജ്ഞം 8 ദിവസം പിന്നിടുമ്പോൾ യജ്ഞ മണ്ഡപത്തിൽ 2400ൽ പരം ഉരു വിഷ്ണു സഹസ്രനാമം പാരായണം ചെയ്തതായി സംഘാടകൻ മേച്ചേരി കേശവൻ നമ്പൂതിരി അറിയിച്ചു.
