ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചില്ല — 100ഓളം മുറികൾ സജ്ജമായിട്ടും ജീവനക്കാരില്ലെന്ന പേരിൽ വൈകിപ്പ്; വരാനിരിക്കുന്ന രണ്ട് ഞായറാഴ്ചകളിൽ മാത്രം 760 വിവാഹങ്ങൾ
ഗുരുവായൂർ: വിവാഹങ്ങളുടെ തിരക്കിൽ ഗുരുവായൂർ നഗരം നിറയുമ്പോഴും, താമസസൗകര്യം തേടിയെത്തുന്ന കല്യാണ സംഘങ്ങൾക്ക് ആശ്വാസമാകേണ്ട ദേവസ്വത്തിന്റെ കൗസ്തുഭം റസ്റ്റ് ഹൗസ് ഇനിയും തുറന്നുകൊടുത്തില്ല. ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാത്തതാണ് ഇപ്പോൾ ഗുരുവായൂരിലെ പ്രധാന ചർച്ചാവിഷയം.
ചിങ്ങമാസം ആരംഭിച്ചതോടെ ഗുരുവായൂരിൽ വിവാഹങ്ങളുടെ എണ്ണം കുത്തനെ ഉയർന്നിരിക്കുകയാണ്. വരാനിരിക്കുന്ന ഞായറാഴ്ച മാത്രം 422 വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്നത്. തൊട്ടടുത്ത ഞായറാഴ്ച 338 വിവാഹങ്ങളും നിശ്ചയിച്ചിട്ടുണ്ട്. അതായത് രണ്ട് ഞായറാഴ്ചകളിലായി മാത്രം 760 വിവാഹങ്ങൾ നടക്കും. ചിങ്ങമാസം അവസാനിക്കുന്നതുവരെ സമാനമായ രീതിയിൽ വിവാഹങ്ങളുടെ തിരക്ക് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവാഹ ചടങ്ങുകൾക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നുമടക്കം നൂറുകണക്കിന് കുടുംബങ്ങളാണ് ഓരോ ദിവസവും ഗുരുവായൂരിലെത്തുന്നത്. വിവാഹിതരാകുന്നവരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഡ്രൈവർമാർക്കും മറ്റ് സഹായികൾക്കുമെല്ലാം താമസസൗകര്യം ആവശ്യമായതിനാൽ വിവാഹദിവസങ്ങളിൽ മുറികളുടെ ആവശ്യകത സാധാരണ ദിവസങ്ങളേക്കാൾ പലമടങ്ങാണ് വർധിക്കുന്നത്.
