the digital signature of the temple city

ഗുരുവായൂരിലെ ലോകകപ്പ് ബിഗ് സ്‌ക്രീന് വീണ്ടും തിരിച്ചടി

ടൗൺഹാൾ സൗജന്യമായി അനുവദിച്ചത് താൽക്കാലികമായി റദ്ദാക്കി; സർക്കാർ തീരുമാനം വരുംവരെ പ്രദർശനം നിർത്തിവെക്കാൻ നിർദ്ദേശം

ഗുരുവായൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ തത്സമയ പ്രദർശനത്തിനായി ഗുരുവായൂർ നഗരസഭാ ടൗൺഹാൾ സൗജന്യമായി അനുവദിച്ച നടപടിയിൽ വീണ്ടും അനിശ്ചിതത്വം. പ്രദർശനത്തിന് നഗരസഭാ ടൗൺഹാൾ സൗജന്യമായി അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ നിലവിലെ അനുമതി നടപ്പാക്കരുതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിർദ്ദേശം നൽകിയതോടെ ലോകകപ്പ് ബിഗ് സ്‌ക്രീൻ പ്രദർശനത്തിന് വീണ്ടും വിലക്ക് നേരിട്ടിരിക്കുകയാണ്.

ഗുരുവായൂർ സ്പോർട്സ് അക്കാദമി (ജി.എസ്.എ) നേതൃത്വത്തിലുള്ള സംഘാടക സമിതിക്കാണ് ലോകകപ്പ് മത്സരങ്ങൾ പൊതുജനങ്ങൾക്ക് കാണുന്നതിനായി ജൂലൈ 11 മുതൽ 19 വരെ നഗരസഭാ ടൗൺഹാൾ സൗജന്യമായി അനുവദിച്ചിരുന്നത്. തൃശൂർ ജോയിന്റ് ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നഗരസഭ അനുമതി നൽകിയത്. തുടർന്ന് ലോകകപ്പ് മത്സരങ്ങളുടെ പ്രദർശനവും ആരംഭിച്ചിരുന്നു.

എന്നാൽ ടൗൺഹാൾ സൗജന്യമായി അനുവദിച്ചതിനെതിരെ ഉയർന്ന പരാതികളും നിയമപരമായ എതിർപ്പുകളും വിഷയത്തെ വീണ്ടും വിവാദത്തിലാക്കി. ടി.കെ. വിനോദ് കുമാർ സമർപ്പിച്ച ഹർജിയെ തുടർന്ന് ഹൈക്കോടതിയും വിഷയം പരിഗണിച്ചിരുന്നു. ഇതിനിടെ നഗരസഭ നൽകിയ അനുമതി ഉത്തരവിൽ നിർദേശിച്ചിരുന്ന സാക്ഷ്യപത്രങ്ങളും 200 രൂപയുടെ മുദ്രപത്രത്തിൽ നൽകേണ്ട അഫിഡവിറ്റും സംഘാടക സമിതി സമർപ്പിച്ചിട്ടില്ലെന്ന കണ്ടെത്തലും പുറത്തുവന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ലോകകപ്പ് ഫുട്ബോൾ പ്രദർശനത്തിനായി നഗരസഭാ ടൗൺഹാൾ സൗജന്യമായി അനുവദിച്ച നടപടി സംബന്ധിച്ച് സർക്കാരിന്റെ അന്തിമ തീരുമാനം ലഭിക്കുന്നതുവരെ നിലവിലെ അനുമതി നടപ്പാക്കരുതെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഇതനുസരിച്ച് ഗുരുവായൂർ നഗരസഭ മുൻപ് നൽകിയ സൗജന്യാനുമതി താൽക്കാലികമായി റദ്ദാക്കുകയും, ജി.എസ്.എ/സംഘാടക സമിതി നടത്തുന്ന ഫുട്ബോൾ ബിഗ് സ്‌ക്രീൻ പ്രദർശനം ഉടൻ നിർത്തിവെക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു. ഈ വിഷയത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർ ജൂൺ 17നകം വിശദമായ അഭിപ്രായം സർക്കാരിന് സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതിനുശേഷമുള്ള സർക്കാർ തീരുമാനം അനുസരിച്ചായിരിക്കും ലോകകപ്പ് പ്രദർശനത്തിന്റെ ഭാവി നിർണയിക്കപ്പെടുക.

ലോകകപ്പ് ആവേശം ഗുരുവായൂരിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ബിഗ് സ്‌ക്രീൻ പ്രദർശനം നാല് ദിവസം പിന്നിട്ട ശേഷമാണ് വീണ്ടും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മത്സരങ്ങൾ കാണാനെത്തുന്ന ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികളിലും സംഘാടകർക്കിടയിലും ആശങ്ക ഉയർന്നിരിക്കുകയാണ്. സർക്കാർ തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികളും സംഘാടക സമിതിയും ഇപ്പോൾ കാത്തിരിക്കുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts