1971-ൽ സി.എച്ച്. ദാമോദരൻ നമ്പ്യാരിലൂടെ ആരംഭിച്ച ഭരണയാത്ര; 2026-ൽ ശിഖാ സുരേന്ദ്രന്റെ കാലഘട്ടത്തിലെത്തുമ്പോൾ വികസനത്തിന്റെയും സുതാര്യതയുടെയും 55 വർഷങ്ങൾ
ഗുരുവായൂർ: 1970 നവംബർ 29-ന് ഗുരുവായൂർ ക്ഷേത്രത്തെ നടുക്കിയ മഹാ അഗ്നിബാധയ്ക്ക് പിന്നാലെ രൂപംകൊണ്ട ജനാധിപത്യ സ്വഭാവമുള്ള ഭരണസംവിധാനത്തിന് ഇന്ന് 55 വർഷത്തിന്റെ ചരിത്രനേട്ടം. അഗ്നിബാധയ്ക്ക് ശേഷം ക്ഷേത്രഭരണത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകത സർക്കാർ തിരിച്ചറിഞ്ഞതോടെയാണ് ഗുരുവായൂർ ദേവസ്വം ഭരണത്തിന് പുതിയ അധ്യായം തുറന്നത്.
അഗ്നിബാധയുടെ ആഘാതം ക്ഷേത്രത്തിന്റെ ഭൗതിക ഘടനകളെ മാത്രമല്ല, ഭരണപരമായ സമീപനങ്ങളെയും സ്വാധീനിച്ചു. തുടർന്ന് സർക്കാർ ഇടപെടലിലൂടെ ക്ഷേത്രഭരണം കൂടുതൽ സുതാര്യവും ഉത്തരവാദിത്വപരവുമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 1971-ൽ ഗുരുവായൂർ ദേവസ്വം ഭരണത്തിന് കീഴിൽ ആദ്യമായി ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു.
അന്നത്തെ തൃശൂർ ജില്ലാ കളക്ടറായിരുന്ന സി.കെ.കെ. നമ്പ്യാരുടെ നിർദേശപ്രകാരമാണ് അന്നത്തെ ആർ.ഡി.ഒ.യായിരുന്ന സി.എച്ച്. ദാമോദരൻ നമ്പ്യാർ ഗുരുവായൂർ ദേവസ്വത്തിന്റെ ആദ്യ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്. ക്ഷേത്രഭരണത്തിൽ ആധുനിക ഭരണരീതികളുടെ തുടക്കം കുറിച്ച ഈ നിയമനം പിന്നീട് ദേവസ്വം ഭരണത്തിന്റെ ചരിത്രത്തിലെ നിർണായക വഴിത്തിരിവായി മാറി.
അഞ്ചര പതിറ്റാണ്ടിലേറെയായി നിരവധി ഭരണസമിതികളും അഡ്മിനിസ്ട്രേറ്റർമാരും ജില്ലാ കളക്ടർമാരും ഗുരുവായൂർ ക്ഷേേത്ര ഭരണത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും നേതൃത്വം നൽകി. ഭക്തജനങ്ങളുടെ എണ്ണം വർധിച്ചതിനനുസരിച്ച് അടിസ്ഥാന സൗകര്യ വികസനം, തീർഥാടക സേവനങ്ങൾ, സാമ്പത്തിക അച്ചടക്കം, ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾ എന്നിവയിലും ശ്രദ്ധേയമായ മുന്നേറ്റങ്ങളാണ് കൈവരിക്കപ്പെട്ടത്.
1971-ൽ സി.കെ.കെ. നമ്പ്യാരുടെ മേൽനോട്ടത്തിൽ ആരംഭിച്ച ഭരണസംവിധാനം ഇന്ന് 2026-ൽ തൃശൂർ ജില്ലാ കളക്ടറായ ശിഖാ സുരേന്ദ്രന്റെ നേതൃത്വത്തിലേക്ക് എത്തിനിൽക്കുമ്പോൾ, ഗുരുവായൂർ ദേവസ്വം ഭരണത്തിന്റെ തുടർച്ചയും കാര്യക്ഷമതയും എടുത്തുകാട്ടുന്ന ചരിത്ര മുഹൂർത്തമായാണ് ഈ 55-ാം വാർഷികം വിലയിരുത്തപ്പെടുന്നത്.
കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ഭരണരീതികൾ മാറിയെങ്കിലും ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ ഭക്തസേവനവും ക്ഷേത്രത്തിന്റെ പാരമ്പര്യ സംരക്ഷണവും മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് എല്ലാ ഭരണസംവിധാനങ്ങളുടെയും മുഖമുദ്രയായി തുടരുന്നത്. അഗ്നിബാധയുടെ ദുരന്തത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ ഗുരുവായൂർ ക്ഷേത്രം ഇന്ന് ലോകത്തിലെ പ്രധാന ഹിന്ദു തീർഥാടന കേന്ദ്രങ്ങളിലൊന്നായി മാറിയതിന്റെ പിന്നിൽ ഈ ഭരണസംവിധാനത്തിന്റെ പങ്ക് നിസ്തുലമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ
