ലോകകപ്പ് ഫുട്ബോൾ പ്രദർശനത്തിനായി ടൗൺഹാൾ അനുവദിക്കുന്നതിനെച്ചൊല്ലിയ തർക്കം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രതിപക്ഷവും രംഗത്ത്
ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ സെക്രട്ടറിക്ക് നേരെയുണ്ടായ കയ്യേറ്റശ്രമം അത്യന്തം പ്രതിഷേധാർഹവും ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എസ്. സൂരജ് പറഞ്ഞു. സെക്രട്ടറിയുടെ ചേംബറിൽ കയറി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബന്ധപ്പെട്ട ഇടതുപക്ഷ കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്ത് സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭാ ഉദ്യോഗസ്ഥർക്ക് ഭയരഹിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കുന്നതിനായി ആവശ്യമായ പോലീസ് സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുസേവന രംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ തത്സമയ പ്രദർശനത്തിനായി നഗരസഭാ ടൗൺഹാൾ ഏകദേശം ഒരു മാസത്തേക്ക് അനുവദിക്കണമെന്ന ആവശ്യത്തെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നഗരസഭാ സെക്രട്ടറിയുടെ ചേംബറിലായിരുന്നു സംഭവം നടന്നത്.
ടൗൺഹാൾ അനുവദിക്കുന്നതിലൂടെ നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകരുതെന്ന നിലപാടാണ് സെക്രട്ടറി സ്വീകരിച്ചതെന്ന് അറിയുന്നു. എന്നാൽ പരിപാടി സംഘടിപ്പിക്കുന്നതിനായി ഹാൾ ഒരു മാസത്തോളം സൗജന്യമായി അനുവദിക്കണമെന്നായിരുന്നു ചില കൗൺസിലർമാരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കം പിന്നീട് രൂക്ഷമാവുകയും കയ്യേറ്റശ്രമത്തിലേക്ക് നീങ്ങുകയും ചെയ്തതായാണ് വിവരം. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
അതേസമയം, ഭരണകക്ഷി കൗൺസിലർമാരിൽ നിന്നുണ്ടായ ഈ നടപടി അത്യന്തം ദൗർഭാഗ്യകരമാണെന്ന് ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് പറഞ്ഞു. ജനപ്രതിനിധികൾ മാതൃകാപരമായി പെരുമാറേണ്ട സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ ഇത്തരം ആക്രമണ സ്വഭാവമുള്ള നടപടികൾ ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഭവം ഗുരുവായൂരിലെ രാഷ്ട്രീയ-ഭരണവൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നഗരസഭാ ഓഫീസിലെ സുരക്ഷയും ഉദ്യോഗസ്ഥരുടെ സ്വാതന്ത്ര്യവും സംബന്ധിച്ച ചോദ്യങ്ങളും ഇതോടെ ഉയർന്നിരിക്കുകയാണ്.
