ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനരഹിതം; സുരക്ഷാ ഭീഷണി ഉയർത്തി ഗാന്ധി ദർശന വേദി
ഗുരുവായൂർ: ലോകോത്തര പുണ്യനഗരിയായി അറിയപ്പെടുന്ന ഗുരുവായൂരിലെ പ്രധാന പ്രവേശന കവാടങ്ങൾ ഇരുട്ടിൽ മുങ്ങിക്കിടക്കുന്നത് നഗരത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണെന്നും, ഇതിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും ഗുരുവായൂർ ഗാന്ധി ദർശന വേദി ആവശ്യപ്പെട്ടു.
രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഭക്തർ ദിവസേന എത്തിച്ചേരുന്ന ഗുരുവായൂരിൽ പ്രവേശന കവാടങ്ങളിലെ വഴിവിളക്കുകൾ പ്രവർത്തനരഹിതമായിരിക്കുകയാണ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളായ പടിഞ്ഞാറെ നട, കിഴക്കെ നട, റെയിൽവേ പ്രവേശന മേൽപ്പാലം എന്നിവിടങ്ങളിലെ ഇരുട്ട് സന്ദർശകർക്കും നാട്ടുകാർക്കും ഒരുപോലെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
പടിഞ്ഞാറെ നടയിലെ നാലുംകൂടിയ റോഡിന് സമീപം കൃഷ്ണപിള്ള സ്‌ക്വയറിനടുത്തുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ ദിവസങ്ങളായി കത്തുന്നില്ല. അതോടൊപ്പം ദേവസ്വം വക വഴിവിളക്കുകളും പ്രവർത്തിക്കുന്നില്ല. നിലവിൽ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ ലൈറ്റുകളാണ് ചെറിയ തോതിലെങ്കിലും വെളിച്ചം നൽകുന്നത്. കടകൾ അടച്ചുകഴിഞ്ഞാൽ പരിസരം പൂർണമായും ഇരുട്ടിലാകുന്ന സാഹചര്യമാണുള്ളത്.
ഇരുട്ടിന്റെ മറവിൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും മലമൂത്ര വിസർജ്ജനവും നടക്കുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. കിഴക്കെ നടയിലും റെയിൽവേ പ്രവേശന മേൽപ്പാലത്തിലും സമാന അവസ്ഥയാണ് നിലനിൽക്കുന്നത്. പല ദിവസങ്ങളിലും വഴിവിളക്കുകൾ കത്താതെ നോക്കുകുത്തികളായി മാറിയിരിക്കുകയാണ്.
ഇപ്പോൾ ഗുരുവായൂരിൽ തീർത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വരാനിരിക്കുന്ന മഴക്കാലം കൂടി പരിഗണിക്കുമ്പോൾ ഇരുട്ട് അപകടസാധ്യത വർധിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. റോഡപകടങ്ങൾക്കും സുരക്ഷാ പ്രശ്നങ്ങൾക്കും ഇത് കാരണമാകാമെന്നും യോഗം വിലയിരുത്തി.
ഗുരുവായൂരിന്റെ പുണ്യനഗരി പദവിക്ക് യോജിച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട വകുപ്പുകളുടെയും നഗരസഭയുടെയും ദേവസ്വം ഭരണസമിതിയുടെയും ഉത്തരവാദിത്വമാണെന്ന് ഗാന്ധി ദർശന വേദി അഭിപ്രായപ്പെട്ടു. ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള മുഴുവൻ വഴിവിളക്കുകളും അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനസജ്ജമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഗുരുവായൂർ ഗാന്ധി ദർശന വേദി യൂണിറ്റ് പ്രസിഡന്റ് ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ചു. ജയരാജ് ഗുരുവായൂർ, രേണുകാ മേനോൻ, പി.സി. സുധീർ, ടി.ഡി. സത്യദേവൻ, ശ്രീദേവി ബാലൻ, എം. ഗോപിനാഥ്, എം. മുരളി, സി. ചന്ദ്രൻ, എം.വി. ബിജു എന്നിവർ സംസാരിച്ചു.
