the digital signature of the temple city

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിലെ ദർശനവരി; ഭക്തർക്ക് കടുത്ത ദുരിതം, അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരുക്കിയിരിക്കുന്ന ദർശനവരി സംവിധാനം ഭക്തജനങ്ങൾക്ക് കടുത്ത അസൗകര്യം സൃഷ്ടിക്കുന്നതായി വ്യാപക പരാതി. തിരക്കേറിയ സമയങ്ങളിൽ ശാസ്ത്രീയമായ നിയന്ത്രണ സംവിധാനങ്ങളില്ലാത്തത് കാരണം സ്ത്രീകൾ, വയോധികർ, കുട്ടികൾ എന്നിവരടങ്ങുന്ന ഭക്തർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.

ക്ഷേത്രത്തിൽ നൂറിലധികം വിവാഹങ്ങൾ നടക്കുന്ന ദിവസങ്ങളിൽ സ്ഥിതി അതീവ രൂക്ഷമാകാറുണ്ട്. വിവാഹ സംഘങ്ങളും സാധാരണ ദർശനത്തിനായി എത്തുന്ന ഭക്തരും ഒരേ ഭാഗത്തുകൂടി സഞ്ചരിക്കേണ്ടി വരുന്നത് തിരക്ക് ക്രമാതീതമായി വർധിപ്പിക്കുന്നു. ഉച്ചസമയം വരെ കിഴക്കേ ദീപസ്തംഭത്തിന് സമീപം എത്താൻ പോലും ഭക്തർക്ക് പ്രയാസം നേരിടുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ രക്ഷാപ്രവർത്തനം നടത്താൻ പോലും ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്കയും ഭക്തർ പങ്കുവെക്കുന്നു.

ദർശനത്തിനായി എത്തുന്ന ഭക്തരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് കൂടുതൽ കാര്യക്ഷമമായ വരിനിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. വിവാഹ സംഘങ്ങൾക്കായി പ്രത്യേകം പാതകൾ നിശ്ചയിക്കുന്നതിനൊപ്പം, തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ജീവനക്കാരെയും വിന്യസിക്കേണ്ടതുണ്ട്. വിഷയത്തിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി അടിയന്തരമായി ഇടപെടണമെന്നും, ഭക്തജനങ്ങളുടെ ദുരിതം പരിഹരിക്കാൻ ശാശ്വതമായ പരിഹാരങ്ങൾ നടപ്പിലാക്കണമെന്നുമാണ് ഉയരുന്ന പ്രധാന ആവശ്യം.

ക്ഷേത്രത്തിലേക്കുള്ള പ്രധാന വരി സംവിധാനം തുടങ്ങുന്നത് തെക്കേ നടയിൽ നിന്നാണ്. നിന്നും, ഇരുന്നും ഭക്തജനങ്ങൾ കിഴക്കേ നടയിലെ ക്യു കോംപളക്‌സിലേക്കെത്തുന്നത് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലൂടെയാണ്. ക്യു കോംപളക്‌സിലെ ഒഴിവിനനുസരിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥർ കിഴക്കേ നടപ്പന്തലിൽ വഴിയൊരുക്കിയാലെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലൂടെ വരുന്ന ഭക്തരുടെ വരി, ക്യു കോംപളക്‌സിലേക്ക് പ്രവേശിപ്പിക്കാൻ സാധിക്കു. ഇത് കിഴക്കേ നടയിൽ നടക്കുന്ന ഭക്തജനങ്ങൾക്ക് കടുത്ത അസൗകര്യം സൃഷ്ടിക്കുന്നുണ്ട്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts