“സ്വപ്ന പദ്ധതികൾക്ക് കേന്ദ്രസഹായം ഉറപ്പാക്കും, സംസ്ഥാനത്തിന് അർഹമായ പണം വാങ്ങിയെടുക്കും”; ശക്തമായ നിലപാടുമായി മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികാവസ്ഥയും കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള സാമ്പത്തിക അവകാശങ്ങളും സംബന്ധിച്ച് സമഗ്രമായ ധവളപത്രം ജൂൺ ആദ്യവാരം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രിവി ഡി സതീശൻ അറിയിച്ചു. സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായവും തേടിയിട്ടുണ്ടെന്നും, പ്രധാനമന്ത്രിയേയും കേന്ദ്ര ധനകാര്യ മന്ത്രിയേയും നേരിൽ കണ്ടു പ്രത്യേക സഹായം ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന് ഭരണഘടനാപരമായി ലഭിക്കേണ്ട സാമ്പത്തിക വിഹിതങ്ങളും വിവിധ പദ്ധതികൾക്കുള്ള കേന്ദ്രസഹായങ്ങളും പൂർണമായും ലഭിച്ചിട്ടുണ്ടോ എന്നത് വിശദമായി പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധവളപത്രം പുറത്തുവന്നതിന് ശേഷം സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥയും കേന്ദ്രത്തിന്റെ ബാധ്യതകളും സംബന്ധിച്ച് കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബജറ്റ് അവതരണത്തിന് മുൻപ് വിവിധ വകുപ്പുകൾക്ക് ലഭിക്കാനുള്ള തുകകൾ, കേന്ദ്ര സഹായ പദ്ധതികളുടെ നില, തടസ്സപ്പെട്ട ഫണ്ടുകൾ എന്നിവയെല്ലാം പരിശോധിച്ച് ഉറപ്പുവരുത്താനാണ് സർക്കാർ നീക്കം. സംസ്ഥാനത്തിന് അർഹമായ ഒരു രൂപ പോലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങളും സർക്കാർ പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്ര പദ്ധതികളിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട അവകാശങ്ങളും പ്രായോഗിക പ്രശ്നങ്ങളും സംബന്ധിച്ച് നിയമോപദേശം തേടുന്ന നടപടികളും പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചും മുഖ്യമന്ത്രി ശക്തമായ വിമർശനം ഉന്നയിച്ചു. പദ്ധതി കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഉപേക്ഷിച്ച സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനങ്ങൾ തുടരുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ഭൂമിയാണ് ഏറ്റെടുത്തതെന്നും, അവരോട് ശത്രുതാപരമായ സമീപനം സ്വീകരിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആശങ്കകൾ മാനിച്ചായിരിക്കും സർക്കാരിന്റെ മുന്നോട്ടുള്ള നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.
മുനമ്പം വിഷയത്തിലും മുഖ്യമന്ത്രി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വഖഫ് ബോർഡ് ചെയർമാന്റെ നിയമനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ആരോപിച്ച അദ്ദേഹം, വിഷയത്തെ ഉപയോഗിച്ച് മതവിഭാഗങ്ങൾ തമ്മിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമമുണ്ടായിരുന്നുവെന്നും ആരോപിച്ചു. സംഘപരിവാർ ശക്തികൾ അവിടെ പ്രത്യേക അജണ്ടയോടെയാണ് പ്രവർത്തിച്ചതെന്നും, അന്നത്തെ സർക്കാർ അതിന് അനുകൂലമായ സമീപനം സ്വീകരിച്ചുവെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനം.
മുനമ്പത്തെ സാധാരണ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. പ്രശ്നം പരിഹരിക്കാൻ സർക്കാരിന് വ്യക്തമായ സംവിധാനമുണ്ടെന്നും, പരിഹരിക്കാവുന്ന വിഷയത്തെ സങ്കീർണമാക്കി മാറ്റിയതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “പത്ത് മിനിറ്റിൽ തീർക്കാവുന്ന പ്രശ്നം എട്ടിന്റെ പണിയാക്കി മാറ്റി” എന്ന പരാമർശത്തിലൂടെ മുൻ സർക്കാരിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.
ഗൺമാൻമാരെ സസ്പെൻഡ് ചെയ്ത സംഭവത്തിലും മുഖ്യമന്ത്രി സർക്കാരിന്റെ നടപടി ന്യായീകരിച്ചു. കേസിന്റെ യഥാർത്ഥ അന്വേഷണ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടുവെന്നും, സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ഇല്ലെന്ന് പൊലീസ് തെറ്റായ വിവരം നൽകിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കോടതി തുടർ അന്വേഷണം ആവശ്യപ്പെട്ടിട്ടും മുൻ സർക്കാർ അതിൽ ആവശ്യമായ നടപടികൾ എടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് യഥാർത്ഥ റിപ്പോർട്ട് പുറത്തുവന്നതെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. കേസിൽ ക്രൂരമായ മർദ്ദനങ്ങളാണ് നടന്നതെന്നും, നിയമം അതിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
