the digital signature of the temple city

കോടികൾ ചെലവഴിച്ച ഹൈസ്‌കൂൾ ഗ്രൗണ്ട് വിവാദത്തിൽ; ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം

പൊതുധനത്തിൽ പണിത കോടികളുടെ സ്റ്റേഡിയം പൊതുജനങ്ങൾക്ക് അടഞ്ഞുകിടക്കുമ്പോൾ, പ്രത്യേക സംഘടനകൾക്ക് മാത്രം ഉപയോഗാനുമതിയെന്ന ആരോപണത്തിൽ ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗം പ്രതിഷേധവും ആരോപണങ്ങളും നിറഞ്ഞ വേദിയായി.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചാവക്കാട് ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിലെ സ്റ്റേഡിയം ചില പ്രത്യേക സംഘടനകൾക്ക് മാത്രം അനുവദിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് നഗരസഭ കൗൺസിൽ യോഗം സംഘർഷഭരിതമായി. വിഷയത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ യോഗം അരമണിക്കൂറിലേറെ നേരം ബഹളത്തിൽ മുങ്ങി.

നഗരസഭയുടെ 34-ാം വാർഡ് കൗൺസിലർ വി.എസ്. നവനീത് ഗ്രൗണ്ടിന്റെ നിലവിലെ ഉപയോഗവും നിയന്ത്രണവും സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് വിഷയം ചർച്ചയായത്. സ്റ്റേഡിയം പൊതുജനങ്ങൾക്കും കായികപ്രേമികൾക്കും തുറന്നു നൽകാതെ ചില സംഘടനകൾക്ക് മാത്രം അനുവദിക്കുന്നുവെന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

അമൃത് പദ്ധതിയുടെ ഭാഗമായി കോടിക്കണക്കിന് രൂപ ചെലവഴിച്ച് നവീകരിച്ച സ്റ്റേഡിയം സ്കൂൾ വിദ്യാർത്ഥികൾക്കുപോലും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. പൊതുധനം വിനിയോഗിച്ച് നിർമ്മിച്ച സൗകര്യം ഏതാനും പ്രത്യേക കൂട്ടായ്മകൾക്ക് മാത്രം ഉപയോഗിക്കാൻ അനുവദിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും, ഇതിന്റെ പേരിൽ അഴിമതി നടന്നിട്ടുണ്ടാകാമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ബഹളത്തിനിടെ സംസ്ഥാനത്ത് അധികാരത്തിലെത്തിയ പുതിയ സർക്കാരും പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയിലേക്കെത്തി. എൽഡിഎഫും യുഡിഎഫും തമ്മിൽ പരസ്പര ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയർന്നതോടെ യോഗം ഏറെ നേരം ചൂടുപിടിച്ചു.

തുടർന്ന് നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ വിശദീകരണം നൽകിയതോടെയാണ് തർക്കം ശമിച്ചത്. സ്റ്റേഡിയം നിർമ്മാണം പൂർത്തിയായിട്ടില്ലെന്നും, ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ സ്റ്റേഡിയം ഔദ്യോഗികമായി നഗരസഭയ്ക്ക് കൈമാറുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ചില പ്രത്യേക സംഘടനകൾക്ക് സ്റ്റേഡിയം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് ഔദ്യോഗികമായി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും, വിഷയത്തിൽ സ്കൂൾ പ്രധാനാധ്യാപികയുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ കെ.കെ. ജ്യോതിരാജ്, കൗൺസിലർമാരായ എ.എസ്. മനോജ്, ബഷീർ പൂക്കോട്, അബ്ദുൽ റഷീദ് കുന്നിക്കൽ, വി.എസ്. നവനീത്, വി. അനൂപ്, നൗഷാദ് അഹമ്മു, ജലീൽ പണിക്കവീട്ടിൽ, കെ.എസ്. അനൂപ്, വി.എസ്. അഷ്ഫാക്ക്, എറിൻ ആന്റണി, എ.വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

1000789529

34ആം വാർഡ് കൗൺസിലർ വി.എസ്. നവനീത് നഗരസഭാ സെക്രട്ടറിക്ക് കൊടുത്ത പരാതി കത്ത്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts