കണ്ണൂർ: ശ്രീ രാജരാജേശ്വരൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനി തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. വ്യാഴാഴ്ച വൈകീട്ട് 8 മണിയോടെയാണ് ആനന്ദ് അടുത്ത സുഹൃത്തുക്കൾക്കൊപ്പം തളിപ്പറമ്പിൽ എത്തിയത്. ക്ഷേത്ര സന്നിധിയിൽ ടി ടി കെ ദേവസ്വം പ്രസിഡൻ്റ് ടി പി വിനോദ് കുമാർ, ട്രസ്റ്റി അംഗങ്ങളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ശ്രീ സാവണൻ നമ്പൂതിരി, ടി ടി മാധവൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ പി വിനയൻ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു.

ക്ഷേത്രത്തിലെത്തി രാജരാജേശ്വരനെ പൊന്നിൻകുടം വെച്ച് തൊഴുത് അനുഗ്രഹം തേടി ഭണ്ഡാരത്തിൽ കാണിക്കയും അർപ്പിച്ചു. ഭഗവൽ ദർശന സായൂജ്യം നേടിയ സന്തോഷത്തിലാണ് ആനന്ദ് അംബാനി ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്. ക്ഷേത്രത്തിലേക്ക് 3 കോടി രൂപയുടെ ചെക്ക് പ്രസിഡൻ്റ് ഏറ്റുവാങ്ങി. ദേവസ്വത്തിൻ്റെ ഉപഹാരമായി രാജരാജേശ്വരൻ്റെ ഫോട്ടോ സമ്മാനിച്ചു.
മാങ്ങാട് കെ എ പി മൈതാനത്ത് വൈകീട്ട് 8 മണിയോടെ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ശേഷം റോഡ് മാർഗമാണ് ആനന്ദ് രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയത്.



