എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനം വിവാദത്തിൽ; മാധ്യമങ്ങൾക്കുമുന്നിൽ നിലപാട് വ്യക്തമാക്കാൻ ഇന്ന് സുധാകരൻ
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസ് അകത്തള ചർച്ചകൾക്കിടെ, കണ്ണൂരിൽ സ്ഥാനാർത്ഥിത്വ വിഷയത്തിൽ മുൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ഉറച്ച നിലപാടിൽ തുടരുന്നു. ഹൈക്കമാൻഡ് നടത്തിയ അനുനയശ്രമങ്ങൾ ഫലിക്കാതെയിരിക്കെ, മത്സരിക്കാൻ ആവശ്യമായ നാമനിർദേശ നടപടികളിലേക്ക് അദ്ദേഹം കടന്നതായാണ് സൂചന. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനായി ആവശ്യമായ ബാധ്യതയില്ലാ സാക്ഷ്യപത്രം ഇന്ന് കേരള ഹൗസിൽ നിന്ന് കൈപ്പറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇതിനായി അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ കേരള ഹൗസ് സന്ദർശിച്ച് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതായും വിവരം ലഭിക്കുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് കെ സുധാകരൻ ന്യൂ ഡൽഹിയിലെത്തിയത്. എന്നാൽ, ഇതുവരെ പാർട്ടി ഹൈക്കമാൻഡുമായി നേരിട്ടുള്ള ആശയവിനിമയത്തിന് അദ്ദേഹം തയ്യാറായിട്ടില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഇതിനിടെ, എം. കെ. രാഘവൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സുധാകരനെ താമസസ്ഥലത്ത് സന്ദർശിച്ച് സമവായ ശ്രമങ്ങൾ നടത്തിയെങ്കിലും നിലപാടിൽ മാറ്റമുണ്ടായിട്ടില്ല. എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടും കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതിരുന്നത് ചർച്ചകൾക്ക് കൂടുതൽ ചൂടേകി. കെ സുധാകരനെ പരിഗണിക്കാത്തതിനെതിരെ ജില്ലയിലെ പാർട്ടി പ്രവർത്തകരിൽ അസന്തോഷം ഉയരുകയാണ്.ഇന്ന് മാധ്യമങ്ങളെ കാണാനൊരുങ്ങുന്ന കെ സുധാകരൻ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നാണ് വിലയിരുത്തൽ. അനുനയശ്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ വാർത്താസമ്മേളനം നടക്കുന്നത്.
ആദ്യഘട്ട പട്ടിക പുറത്ത് വന്നതിനു പിന്നാലെ കണ്ണൂരിൽ പ്രതിഷേധം ശക്തമായി. സുധാകരനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയും പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തുകയും ചെയ്തു. കോൺഗ്രസ് നേതൃത്വത്തിന് നേരെയുള്ള അസന്തോഷം പ്രവർത്തകരിൽ തുറന്നുകാട്ടുന്ന തരത്തിലാണ് ഈ പ്രതിഷേധം.
ഇനി ഹൈക്കമാൻഡ് എന്ത് തീരുമാനം എടുക്കുമെന്നതും, കെ സുധാകരൻ ഔദ്യോഗികമായി നാമനിർദേശപത്രിക സമർപ്പിക്കുമോയെന്നതുമാണ് സംസ്ഥാന രാഷ്ട്രീയത്തിൽ അടുത്ത പ്രധാന ചർച്ചയായി മാറുന്നത്


