വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം; ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പാചകവാതകം അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്ന് കെ.എച്ച്.ആർ.എ ഗുരുവായൂർ യൂണിറ്റ്
ഗുരുവായൂർ: സംസ്ഥാനത്ത് വാണിജ്യ എൽ.പി.ജി (LPG) സിലിണ്ടറുകളുടെ ലഭ്യത ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ (KHRA) ഗുരുവായൂർ യൂണിറ്റ് മുന്നറിയിപ്പ് നൽകി. പാചകവാതകത്തിന്റെ ലഭ്യതയിൽ ഉണ്ടായ ഗുരുതരമായ കുറവ് ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും അടിയന്തിര സർക്കാർ ഇടപെടൽ ആവശ്യമാണ് എന്നും സംഘടന ആവശ്യപ്പെട്ടു.
ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പാചകവാതകം “അവശ്യ വസ്തു” ആയി പ്രഖ്യാപിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. നിലവിലുള്ള നിയന്ത്രണങ്ങളും വിതരണത്തിലെ തടസ്സങ്ങളും തുടരുകയാണെങ്കിൽ ഹോട്ടൽ മേഖല വലിയ തിരിച്ചടിയിലേക്കാണ് നീങ്ങുകയെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യം ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും മാത്രമല്ല, വിവാഹസദ്യകൾ, ആഘോഷ വിരുന്നുകൾ, ചടങ്ങുകൾ എന്നിവയും ഹോട്ടൽ ഭക്ഷണം ആശ്രയിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് സംഘടന ഓർമ്മിപ്പിച്ചു.
സർക്കാർ പാചകവാതക വിതരണം അവശ്യ സർവീസായി പ്രഖ്യാപിച്ച് ഹോട്ടൽ മേഖലയെ സംരക്ഷിക്കണമെന്നും, വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.എച്ച്.ആർ.എ ഗുരുവായൂർ യൂണിറ്റ് ആവശ്യപ്പെട്ടു.ഇതിനായി ചേർന്ന അടിയന്തര യോഗം പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി. ബിജുലാൽ യോഗം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ജില്ലാ ഉപദേശക സമിതി അംഗം ജി.കെ. പ്രകാശ്, സെക്രട്ടറി രവീന്ദ്രൻ നമ്പ്യാർ, യൂണിറ്റ് ട്രഷറർ എൻ.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൂടാതെ ഭാരവാഹികളായ കെ.പി. സുന്ദരൻ, ഒ.കെ. നാരായണൻ നായർ, രാജേഷ് ഗോകുലം, എൻ.പി. അഷറഫ്, സന്തോഷ്, സിജോ കണ്ടാണ്ണശ്ശേരി, രഞ്ജിത് വിനായക, സൂരജ് ബാബു, ജോഷി തൈക്കാട്, ചന്ദ്രബാബു, മുബാറക്, ശ്രീജിത്ത് വിഷ്ണു, സിദ്ധിഖ് അൽ അമീൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു അഭിപ്രായങ്ങൾ പങ്കുവച്ചു.
സംസ്ഥാന സർക്കാർ അടിയന്തിര ഇടപെടൽ നടത്താതെ പോയാൽ ഹോട്ടൽ മേഖലയിലെ പ്രവർത്തനങ്ങൾ താറുമാറാകാനുള്ള സാഹചര്യമുണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് യോഗം സമാപിച്ചത്.


