ഗുരുവായൂർ: ക്ഷേത്രം നാലമ്പലത്തിനകത്തെ മണിക്കിണർ നവീകരിച്ച് 18നു രാവിലെ ശീവേലിക്കു ശേഷം സമർപ്പിക്കും. കിണറിൽ കളിമൺ റിങ്ങുകൾ ഇറക്കി ജല ശുദ്ധീകരണത്തിനുള്ള മണൽ, ചിരട്ടക്കരി, കരിങ്കൽ മെറ്റിൽ എന്നിവ നിറയ്ക്കുന്ന ജോലികൾ പുരോഗമിക്കുന്നു.
നാലമ്പലത്തിലെ മഴവെള്ളം പൂർണമായി ശേഖരിച്ചു ശുദ്ധീകരിച്ച് കിണറ്റിലേക്ക് ഇറക്കുന്ന മഴ വെള്ള കൊയ്ത്തിനുള്ള സംവിധാനവും ചെയ്യും.
ചെന്നൈയിലുള്ള പ്രദീപ് എന്ന ഭക്തനാണ് 30 ലക്ഷം രൂപ ചെലവിൽ മണിക്കിണർ നവീകരിക്കുന്നത്.
ഗുരുവായൂരപ്പന്റെ അഭിഷേകത്തിനും നിവേദ്യങ്ങൾ തയാറാക്കുന്നതിനും ജലം എടുക്കുന്നതു മണിക്കിണറിൽ നിന്നാണ്. കുറച്ചു നാളായി വെള്ളത്തിന് ചെറിയ നിറവ്യത്യാസം കണ്ടിരുന്നു. ഇതേ തുടർന്നാണ് ശുദ്ധീകരണ സംവിധാനങ്ങളോടെ നവീകരണം നടത്താൻ തീരുമാനിച്ചത്.